വായനയുടെ വര്‍ഷം

>> 2009, ഡിസംബർ 23

ഓരോ വായനയും ഓരൊ അനുഭവമാണെന്നുള്ളത് എവിടെയോ കേട്ട ഒരു വാചകമാണ്. ആളുകള്‍ ഈ വര്‍ഷാവസാനത്തില്‍ തങ്ങളുടെ ചെയ്തികളെയും വളര്‍ച്ചയേയും മുന്‍‌നിര്‍ത്തി അടുത്ത വര്‍ഷത്തേക്കുള്ള തീരുമാനങ്ങള്‍ എടുക്കുന്ന ഈ സമയത്ത് ഞാന്‍ എന്തിനാണ് വായനയെ കുറിച്ച് വാചാലനാകുന്നത്? അതിനുള്ള ഉത്തരമെന്തെന്നാല്‍ അടുത്ത വര്‍ഷവും ഞാന്‍ തീര്‍ച്ചയായും ചെയ്യാന്‍ തീരുമാനിച്ച ഒന്ന് എന്റെ വായനയാണ്. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനായിരിക്കും എന്റെ അടുത്ത വര്‍ഷത്തേയും അറിഞ്ഞോ അറിയാതെയോ ഉള്ള റെസല്യൂഷന്‍.

അലക്സിസ്, അദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റില്‍, വായനയ്ക്കുള്ള സമയം എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം പറയുന്നത് വായിക്കാന്‍ അമിതമായ താല്പര്യമുള്ള ഒരാള്‍ എങ്ങിനെയെങ്കിലും അതിന് സമയം കണ്ടെത്തുമെന്നാണ്. അത്തരക്കാര്‍ക്ക് വായന ഭക്ഷണം കഴിക്കുന്നത് പോലെയാണെന്നും കഴിക്കാന്‍ കഴിഞ്ഞിലെങ്കില്‍ അവര്‍ക്ക് വിശക്കുമെന്നു അദ്ദേഹം പറയുന്നു. വളരെ ശരിയാണത്. അത്തരത്തില്‍ പെട്ടൊരുവനാകും ഞാനും. ഇന്ന് ഒരു ദിവസം എന്തെങ്കിലുമൊക്കെ വായിച്ചിലെങ്കില്‍ വല്ലാത്തൊരു മാനസികാവസ്ഥയിലാകാറുണ്ട് ഞാന്‍. ഒരു തരം addicted ആയ അവസ്ഥ. അത് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആണ് കൂടിയത്, കാരണം ഈ വര്‍ഷമാണ് ഞാന്‍ ഒറ്റയ്ക്ക് താമസം തുടങ്ങിയത്. അപ്പോള്‍ ഒത്തിരി സമയമുണ്ട് എന്റെ കൈയ്യില്‍, വായിക്കാനോ ഒരു അലമാരി നിറച്ച് പുസ്തകങ്ങള്‍. ചില വീക്കെന്റുകളില്‍ ടി.വി. പോലും വയ്ക്കാതെ ഞാന്‍ വായിച്ചിട്ടുണ്ട്. കക്കൂസിലും ലിഫ്റ്റിലും വച്ച് വായിച്ചിട്ടുണ്ട്. ഓഫീസിലെ സിസ്റ്റം ക്രാഷ് ആയി റീബൂട്ട് ചെയ്യുമ്പോള്‍ ഒരു എം.ടി തിരക്കഥയിലെ 3-4 സീന്‍ വായിച്ചു തീര്‍ത്തിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വായനയുടെ വര്‍ഷമാണിത്. ഏകാന്ത വായനയുടെ ഒരു വര്‍ഷം. ഈ പോസ്റ്റ് എന്റെ വായനയെ കുറിച്ചല്ല മറിച്ച് ഞാന്‍ വായിച്ച മലയാളത്തിലെ ചില നല്ല പുസ്തകങ്ങളെ കുറിച്ചാണ്. എന്റെ ഈ ലിസ്റ്റ് നിങ്ങള്‍ക്കും സഹായകരമാവട്ടെ.


കോഫീഹൌസിന്റെ കഥ ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്ന് നമ്മള്‍ കുടിക്കാറുള്ള കാപ്പി പോലെ മധുരവും സ്വാദേറിയതുമായ ഒരു രചനയാണ്. ഈ പുസ്തകം കോഫീഹൌസിന്റെ ജീവചരിത്രമാണ്. കുത്തക സ്ഥാപനങ്ങള്‍ക്കിടയില്‍ എങ്ങനെ തൊഴിലാളികളാല്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു സ്ഥാപനം ഉയര്‍ന്നു വന്നു എന്ന് അതിന്റെ ആദ്യകാല നേതാക്കളിലൊരാളായ നടയ്ക്കല്‍ പരമേശ്വരന്‍ പിള്ള നമ്മുക്ക് കാണിച്ച് തരുന്നു. അടുത്ത തവണ നിങ്ങള്‍ കോഫീ ഹൌസില്‍ കയറി കാപ്പി കുടിക്കുമ്പോല്‍ ഓര്‍ക്കുക സുഹൃത്തേ ആ കാപ്പി കൊണ്ട് തരുന്നയാള്‍ പോലും ആ സ്ഥാപനത്തിന്റെ മുതലാളിയാണ്. ചരിത്രത്തില്‍ താല്പര്യമുള്ള ആര്‍ക്കും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.


ഞാന്‍ വായിച്ച മറ്റൊരു ജീവചരിത്ര ഗ്രന്ഥം സഖാവ് ആണ്. ടി.വി.കൃഷ്ണന്‍ എഴുതിയ സഖാവ് പി. കൃഷ്ണപ്പിള്ളയുടെ ജീവചരിത്രമാണത്. ഈയെമ്മെസ്സിനും ഏ കെ ജിക്കും മുന്‍പേ കേരള രാഷ്ട്രീയചരിത്രത്തില്‍ നടന്നു മറഞ്ഞ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റാണ് സഖാവ്. അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു സഖാവേയുള്ളൂ, അത് സഖാവ് പി കൃഷ്ണപ്പിള്ളയാണ്. അദ്ദേഹത്തിന്റെ സംഘാടന പാടവവും നിസ്വാര്‍ത്ഥ മനോഭാവവും ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ഒന്ന് പഠിച്ചെടുക്കേണ്ടത് തന്നെയാണ്. അതില്‍ വിഷയമാക്കിയിരിക്കുന്ന മറ്റൊന്ന്‍ അത്രയ്ക്കൊന്നും കേട്ടറിഞ്ഞിട്ടില്ലാത്ത അദ്ദേഹത്തിന്റെ പ്രണയവും വിവാ‍ഹവുമാണ്. ജയിലിലായിരിക്കുമ്പോള്‍ അദ്ദേഹം ഹിന്ദിയിലെഴുതിയ രഹസ്യരേഖകള്‍, തിരുവിതാകൂര്‍ ദിവാന്റെ രഹസ്യപോലീസിനെ പേടിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു കൊടുത്ത തങ്കമ്മയെയാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. തന്നോടൊപ്പമുള്ള ജീവിതം വിഷമകരവും, വ്യത്യസ്തവുമായിരിക്കുമെന്ന് പറഞ്ഞ് ഒരാണും ഒരു പെണ്ണിനെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചാനയിച്ചിട്ടുണ്ടാവില്ല. എന്നാല്‍ സഖാവ് അങ്ങനെയാണ് ചെയ്തത്. പാര്‍ട്ടിക്ക് ശേഷം മാത്രമായിരുന്നു സഖാവിന് എന്തും.

നോവലുകളില്‍ ഞാന്‍ വായിച്ചത് ഉറൂബിന്റെ സുന്ദരികളും സുന്ദരിമാരും, പൊറ്റെക്കാടിന്റെ വിഷകന്യക, കൊച്ചുബാവയുടെ വൃദ്ധസദനം, കെ. പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയാണ്. പിന്നെ ഒരു പുനര്‍വായനയായി എം.ടി യുടെ കാലം.


സുന്ദരികളും സുന്ദരിമാരും ഒരു ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമാണ്. ഖസാക്കിനും, ആള്‍ക്കൂട്ടത്തിനും, രണ്ടാമൂഴത്തിനുമൊപ്പമാണ് അതിന്റെ സ്ഥാനം. ഒരു പക്ഷേ ഒരു കാലഘട്ടത്തിന്റെ കഥ ഇത്ര ഭംഗിയായി അനാവരണം ചെയ്യുന്ന കൃതി മലയാളത്തില്‍ വേറെ ഉണ്ടോ എന്ന് എനിക്കറിയില്ല. മാപ്പിള ലഹള മുതല്‍ സ്വാതന്ത്ര്യാനന്തര കാലം വരെ ഒരു ഗ്രാമത്തിന്റെയും ഒരു പറ്റം ജനതയുടെയും കഥ പറയുന്നു ഉറൂബ് ഇതില്‍. ഏതര്‍ത്ഥത്തില്‍ മലയാള സാഹിത്യത്തിലെ ഒരു must read.

വിഷകന്യക
യിലൂടെ എസ്. കെ. പൊറ്റക്കാട് കാട് വെട്ടി തെളിച്ച് പൊന്നു വിളയിച്ച ഒരു ധീര ജനതയുടെ കഥ പറയുന്നു. അവര്‍ തിരുവിതാകൂര്‍ വിട്ടു മലബാറിലേക്ക് വന്നവരാണ്. ആ തരിശുഭൂമിയെ സസ്യ ശ്യാമളമാക്കാന്‍ വന്ന മനുഷ്യരെ പക്ഷേ ഭൂമി അത്ര പെട്ടന്ന് അടുപ്പിക്കുന്നില്ല. പ്രതികൂല കാലാവസ്ഥയിലും പ്രകൃതിയിലും രോഗാതുരരായി അവര്‍ ഭൂമിയോട് പോരാടികൊണ്ടിരിക്കുന്നു. ആ മനുഷ്യരുടെയും ഭൂമിയുടെയും കഥയാണ് വിഷകന്യക.

മരണത്തിന് കീഴടങ്ങും മുമ്പ് കൊച്ചുബാവ എഴുതിയ ഏറ്റവും മികച്ച സൃഷ്ടിയാണ് വൃദ്ധസദനം. രണ്ടാം ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി വൃദ്ധസദനത്തിലെത്തുന്ന സിറിയക് ആന്റണി എന്ന അന്‍പത്തിയഞ്ചുകാരന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. ആ വൃദ്ധസദനത്തില്‍ നടക്കുന്ന കാര്യങ്ങളും സിറിയക്കില്‍ അത് ഉണ്ടാകുന്ന പ്രയാസങ്ങളും ദുഖങ്ങളും ആണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. പല സ്ഥലത്തും നമ്മളെ കണ്ണീരണിയിക്കുന്നു വൃദ്ധസദനം.

സൂഫി പറഞ്ഞ കഥ
ഒരു മിത്തിനെ ആധാരമാക്കിയുള്ള നോവലാണ്. പൊന്നാന്നി കടപ്പുറത്ത് വന്ന ജാറത്തിലെ ബീവി ഒരു ഹിന്ദു വീട്ടിലെ പെണ്‍കുട്ടിയാണെന്നുള്ള മിത്തില്‍ നിന്നാണ് ഈ കഥയൊരുങ്ങുന്നത്. കാര്‍ത്തിയെന്ന പെണ്‍കുട്ടിയുടെ കഥ അങ്ങനെയാണ് രാമനുണ്ണി അഴിച്ചു വിടുന്നത്. അവള്‍ ഭഗവതിയുടെ ഒരു അവതാരമാണോ എന്നു അവളുടെ കാരണവരായ ശങ്കു മേനോന്‍ ഭയക്കുന്നുണ്ട്. അങ്ങനെയിരിക്കെയാണ് പീത്താന്‍ മാമൂട്ടി കച്ചവടത്തിനായി ശങ്കുമേനോന്റെ അടുത്ത് എത്തുന്നത്. കാര്‍ത്തി അയാളില്‍ ആകൃഷ്ടയാവുകയും പിന്നീട് അയാളോടൊപ്പം ഇറങ്ങിപ്പോവുകയും ചെയ്യുന്നു. കലിമ ചൊല്ലി ഇസ്ലാമായ കാര്‍ത്തിക്ക് എല്ലാ ആഗ്രഹങ്ങളും മാമൂട്ടി നിറവേറ്റി കൊടുക്കുന്നു. ഭഗവതിയുടെ ഒരമ്പലം വേണമെന്നുള്ള ആഗ്രഹം വരെ. അവിടെ നിന്നാണ് സംഭവങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാവുന്നത്. സൂഫി പറഞ്ഞ കഥ രാമനുണ്ണിയുടെ ആദ്യ നോവലാണ്. ഈ നോവലാണ് പ്രിയനന്ദന്റെ അടുത്ത സിനിമ.

കഥകളുടെ ഒരു കൂമ്പാരം തന്നെ ഈ വര്‍ഷം വായിച്ചു തീര്‍ന്നിരിക്കണം. ഒ. വി. വിജയന്‍, അക്ക്ബര്‍ കക്കട്ടില്‍, മാധവിക്കുട്ടി, ലളിതാംബിക അന്തര്‍ജനം, യു പി ജയരാജ്, എം. പി. നാരായണപ്പിള്ള, ഐതിഹ്യമാല. അങ്ങനെ ഒരുപാട് ഒരുപാട്. വിജയന്റെ പറയൂ ഫാദര്‍ ഗോണ്‍സാലസ്സും, നാരായണപ്പിള്ളയുടെ കള്ളനും ഒക്കെ മനസ്സിനെ ഇപ്പോഴും വേദനിപ്പിക്കുന്നു. ഐതിഹ്യമാല എനിക്ക് പഴയ മിത്തുകളെ തിരിച്ചു തരുന്നു. അക്ക്ബര്‍ കക്കട്ടിലിന്റെ എല്ലാ കഥകളും എന്റെ ഭാഷയുടെ മണമുള്ളതാണ്. അതിലെ വടകര ഭാഷ എന്നെ വീണ്ടും വീണ്ടും നാട്ടിലെ ഇടവഴിയില്‍ എത്തിക്കുന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന വൈശാഖന്റെ സൈലന്‍സര്‍ ആണ് ഹൃദയത്തില്‍ തട്ടിയ മറ്റൊരു കഥ. ഫ്ലാറ്റില്‍ ചെടികളെ വളര്‍ത്തിയ മനുഷ്യന്റെ കഥ പറഞ്ഞ് സുസ്മേഷ് ചന്ത്രോത്തും എന്നെ ഞെട്ടിച്ചു. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകള്‍ അവരുടെ മരണത്തിന് ശേഷം വീണ്ടും വായിച്ച് ആത്മസംതൃപ്തിയടഞ്ഞു. അത്രയും ലളിതമായ സ്മരണകള്‍ എനിക്കില്ലല്ലോ!

തിരക്കഥകളില്‍ എന്റെ പ്രിയപ്പെട്ട എം.ടി., പത്മരാജന്‍, പിന്നെ ഗുല്‍മോഹര്‍ എഴുതിയ ദീദി ദാമോദരന്‍ എന്നിവരെയായിരുന്നു വായിച്ചത്. എം.ടിയുടെ ഒരു വടക്കന്‍ വീരഗാഥയും, വാരിക്കുഴിയും, ഓപ്പോളും ഒരു പുതിയ അനുഭൂതി പകര്‍ന്നു തന്നു. ഒരു ചെറുപുഞ്ചിരി എന്ന പുസ്തകം ഒരു ചെറുകഥയില്‍ നിന്ന് എങ്ങനെ ഒരു നല്ല തിരക്കഥ ഉണ്ടാക്കാമെന്ന് പഠിപ്പിച്ചു തന്നു. ഗുല്‍മോഹര്‍ എന്ന തിരക്കഥയില്‍ നിന്നും ഒത്തിരി വ്യത്യസ്തമാണ് ഗുല്‍മോഹര്‍ എന്ന സിനിമ. ഒരു സംവിധായകന്‍ ഒരു തിരക്കഥാകൃത്തിനോട് ചേരുമ്പോളാണ് സിനിമ മികച്ചതാകുന്നത് എന്നത്തിന്റെ ഉത്തമ ഉദ്ദാഹരണമാണ് ഗുല്‍മോഹര്‍ എന്ന സിനിമയും തിരക്കഥയും. തിരക്കഥയില്‍ രഞ്ജിത്തിന്റെ ഇന്ദുചൂഢന്‍ പോലീസിനാല്‍ പിടിക്കപ്പെട്ട് ജയിലിലെത്തുമ്പോല്‍ സിദ്ദിഖിന്റെ ഹരികൃഷ്ണന്‍ (രണ്ടു പേരും നക്സലൈറ്റുകളാണ്) താനാണ് അവനെ ഒറ്റികൊടുത്തതെന്ന് പറയുന്നുണ്ട്. അതിന്റെ കാരണമോ, രണ്ടു പേരും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ഇന്ദുചൂഢനെയാണ് സ്നേഹിച്ചിരുന്നത് എന്നതാണ്. വളരെ ബാലിശമായ ഒരു സീനായിരുന്നു അത്. ഒരു പെണ്ണിനു വേണ്ടി തന്റെ സുഹൃത്തും കൂടപ്പിറപ്പെന്ന് കരുതുന്നതുമായ ഒരാളിനെ ഒറ്റുകൊടുക്കുകയെന്നത് ഒട്ടും യുക്തിക്ക് നിരക്കുന്നതല്ല, പ്രത്യേകിച്ചും ചെയ്യുന്നത് ഒരു നക്സലൈറ്റ് ആകുമ്പോള്‍. സിനിമയില്‍ അങ്ങനെയൊന്നില്ല. പകരം -“ഒത്തിരി പറയാന്‍ ബാക്കിയുണ്ട് നമുക്കിടയില്‍” എന്ന ഹരികൃഷ്ണന്റെ ഒരു വാചകം മാത്രമെ ഉള്ളൂ. അത് പ്രണയത്തെകുറിച്ചോ, രാഷ്ട്രീയത്തെ കുറിച്ചോ എന്തുമാകാം.

ഈ കൊല്ലത്തെ ആകെയുള്ള പുസ്തകവായനയല്ല ഇത്. കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. വാങ്ങിച്ചുകൂട്ടുന്ന പുസ്തകകൂട്ടങ്ങള്‍ വായിച്ചു തീര്‍ക്കാന്‍ ഞാന്‍ പ‍ാ‍ടുപെടുമ്പോള്‍ ഈ ക്രിസ്തുമസ് - പുതുവത്സര സമയത്ത് എനിക്കു അലെക്സിസ്സ് പറഞ്ഞത് പോലെ ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി കൊടുക്കുമ്പോള്‍ പുസ്തകങ്ങള്‍ വാങ്ങിച്ചു കൊടുക്കൂ. അവരില്‍ നല്ല വായനാശീലം വളര്‍ത്താന്‍ ശ്രമിക്കൂ. കാരണം ഓരോ വായനയിലും നിങ്ങള്‍ കാണുന്നത് ഓരോ ലോകമാണ്, പുതിയ മനുഷ്യരാണ്.

അതിനാല്‍ വായിക്കുക, വളരുക.

എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് പുതുവത്സരാ‍ശംസകള്‍

P.S. ചിത്രം - Andre Martins de Barros

Read more...

സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങള്‍

>> 2009, ഡിസംബർ 18

“ദി ഷൊഷാങ്ക് റിഡം‌പ്ഷന്‍” എന്ന സിനിമയില്‍ ഒരു രം‌ഗമുണ്ട്. ജയില്‍ പുള്ളിയും ലൈബ്രേറിയനുമായ ബ്രൂക്സിക്ക് പരോള്‍ ലഭിച്ചതറിഞ്ഞ് അനുമോദിക്കാന്‍ ചെല്ലുന്ന ഹേവുഡ് എന്ന തടവുകാരനെ ബ്രൂക്സി കത്തി കൊണ്ട് കുത്താന്‍ ശ്രമിക്കുന്നു. അതിനു ശേഷം ഉള്ള സീന്‍ ഇപ്രകാരമാണ്.
*****
Scene 104 :

ANDY : I just don't understand what happened in there, that's all.

HEYWOOD : Old man's crazy as a rat in a tin s***house, is what.

RED: Heywood, enough. Ain't nothing wrong with Brooksie. He's just institutionalized, that's all.

HEYWOOD: Institutionalized, my a**.

RED: Man's been here fifty years. This place is all he knows. In here,he's an important man, an educated man. A librarian. Out there, he's nothing but a used-up old con with arthritis in both hands. Couldn't even get a library card if he applied. You see what I'm saying?

FLOYD: Red, I do believe you're talking out of your a**.

RED: Believe what you want. These walls are funny. First you hate 'em, then you get used to 'em. After long enough, you get so you depend on 'em. That's "institutionalized."

JIGGER: S***. I could never get that way.

ERNIE: (softly) Say that when you been inside as long as Brooks has.

RED: Goddamn right. They send you here for life, and that's just what they take. Part that counts, anyway.

*****

റെഡ് പറയുന്ന ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് എന്ന ഇം‌ഗ്ലീഷ് വാക്കിന് മലയാളത്തില്‍ പറയുക സ്ഥാപനവല്‍ക്കരണം എന്നാകും. ഇതിന്റെ അര്‍ത്ഥം ഒരാള്‍ ഒരേ സ്ഥാപനത്തില്‍ അകപ്പെട്ട് ആ സ്ഥാപനത്തിന്റെ ചുറ്റുപാടുകളുമായി ഇണങ്ങി അവിടെ തന്നെ ജീവിതകാലം മുഴുവന്‍ കഴിച്ചു കൂട്ടുക എന്നാണ്. ആ സമയത്ത് അയാള്‍ക്ക് തന്റെ ഔദ്യോഗികപരമായ കാര്യത്തില്‍ യാതൊരു ഉയര്‍ച്ചയും കിട്ടുന്നില്ല. ബ്രൂക്സി കാലാകാലങ്ങളായി ജയിലില്‍ ലൈബ്രേറിയനായിരുന്നു. ജയിലിനു പുറത്തിറങ്ങിയാല്‍ അയാള്‍ ഒന്നുമല്ല.

ഇങ്ങനെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട്, പിന്നെ രാജി വച്ച ഒരാളെ എനിക്കറിയാം. ഒരു സ്വകാര്യ ഐ. ടി. സ്ഥാപനത്തില്‍ 9 വര്‍ഷത്തോളം അയാള്‍ ജോലിയെടുത്തിരുന്നുവെങ്കിലും അവസാന കുറച്ചു വര്‍ഷങ്ങളായി അയാള്‍ ഒരു shell -ല്‍ അകപ്പെട്ടിരിക്കുകയായിരുന്നു. എന്നും ചെയ്യുന്ന ഒരേ ജോലി, യാതൊരു താല്പര്യവുമില്ലാതെ അയാള്‍ ചെയ്തു പോന്നു. പുതിയതായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നോ, എന്തെങ്കിലുമൊക്കെ പഠിക്കണമെന്നൊ ആഗ്രഹമില്ലാതെ, ഒരു ശുഷ്ക്കാന്തിയുമില്ലാതെ ജോലി ചെയ്ത് സമയം തള്ളിനീക്കിയിരുന്ന ഒരു കാ‍ലമുണ്ടായി അയാള്‍ക്ക്. അതിനാല്‍ തന്നെ ആ സ്ഥാപനത്തിനു അയാള്‍ ഒരിക്കലും ഒരു മുതല്‍ക്കൂട്ടായിരുന്നില്ല. ഒരു പക്ഷേ തന്റെ ജോലി വളരെ സുരക്ഷിതമാണെന്ന് കരുതിയത് കൊണ്ടാകാം അങ്ങനെ ഒരു shell-ല്‍ അകപ്പെട്ടത്. അതല്ലെങ്കില്‍ സ്ഥാപനം നല്കുന്ന ഒരു ഫീല്‍ ആകാം. അറിയുന്ന സഹപ്രവര്‍ത്തകര്‍, അറിയുന്ന മേലധികാരി, തന്റെ തൊഴിലില്‍ താന്‍ മോശമില്ല എന്ന അയാളുടെ തോന്നല്‍ - ഇതുകൊണ്ടൊക്കെയാവാം അങ്ങനെയൊരു ഫീല്‍ വന്നത്. തന്റെ തൊഴിലില്‍ താന്‍ മോശമില്ല എന്ന അയാളുടെ തോന്നല്‍ ഒരിക്കലും ശരിയായിരുന്നില്ല. ഒരു പക്ഷേ അയാള്‍ ആ സ്ഥാപനത്തില്‍ മാത്രമേ മോശമല്ലാതിരുന്നിട്ടുണ്ടാവുള്ളൂ. ആ “ഷൊഷാങ്കാ“വുന്ന സ്ഥാപനത്തില്‍ അയാള്‍ പുലി ആയിരുന്നിരിക്കും; അയാ‍ള്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിയുന്ന ഒരാള്‍ വരുന്നത് വരെ, അല്ലെങ്കില്‍ തന്റെ തലയ്ക്ക് മുകളില്‍ ഒരു ഡമോക്ലിസ്സിന്റെ വാള്‍ തൂങ്ങുന്നത് വരെ ‍. എന്തിനും ഏതിനും ജനം പരസ്പരം മത്സരിക്കുന്ന ഈ കാലത്ത് അത് ഏത് നിമിഷവും സംഭവിച്ചേക്കാം.

അങ്ങനെ സംഭവിച്ച ഒരു സാഹചര്യത്തിലായിരിക്കാം അയാള്‍ രാജി വച്ചത്. അയാള്‍ രാജി വച്ചുവെന്നറിഞ്ഞ് ഞാന്‍ ഒരര്‍ത്ഥത്തില്‍ സന്തോഷിക്കേണ്ടതാണ്. ഒരു പക്ഷേ റെഡിനെ പോലെ അയാള്‍ക്കും താന്‍ വീണ്ടും ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് ആകുന്നതില്‍ നിന്ന് രക്ഷപ്പെട്ടേക്കാം. പക്ഷേ ഞാന്‍ ഭയക്കുന്നു, അങ്ങനെ ഒന്ന് സംഭവിക്കുമോ എന്ന്. തന്റെ തൊഴിലില്‍ പാണ്ഡിത്യപരമായോ സാമ്പത്തികപരമായോ സ്ഥാനാനുബന്ധമായോ വളര്‍ച്ച മുരടിച്ച്, ഒരാള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലും, ഒരു കാ‍ലത്തിനപ്പുറം ജോലി ചെയ്യാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ആ സ്ഥാപനം ഒരാളെ പാലൂട്ടിയും തേനൂട്ടിയും വളര്‍ത്തുന്നുണ്ടാകും. അപ്പോള്‍ അയാള്‍ താനറിയാതെ സ്ഥാപനവല്‍ക്കരിക്കപെട്ടുകൊണ്ടിരിക്കുകയാണ്. റെഡ് പറഞ്ഞ പോലെ ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് ആവുകയാണ്. എന്നെങ്കിലുമൊരിക്കല്‍ ബ്രൂക്സിയെപ്പോലെ പരോള്‍ ലഭിച്ച് ലോകത്തിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് താന്‍ ചെയ്തിരുന്നത് ഒന്നുമല്ലന്നും ലോകം ഒത്തിരി മാറിയിട്ടുണ്ടെന്നും മനസ്സിലാകുക. അന്ന്‍ ഒരു പക്ഷേ താന്‍ ചെയ്യുന്ന തൊഴിലില്‍ ലോകത്തോടപ്പം ഓടിയെത്താനായില്ലെന്നു വരും.

തന്റെ പുതിയ സ്ഥാപനത്തില്‍ അയാള്‍ ബ്രൂക്സിയെപ്പോലെ ആകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്കാവുകയുള്ളൂ.

നന്ദി - ഇന്‍സ്റ്റിറ്റൂഷ്യനലൈസ്ഡ് എന്ന പദത്തിന് സമാനമായ മലയാള വാക്ക് കണ്ടുപിടിച്ച് തന്ന സുഹൃത്തുക്കളായ പ്രസീദിനും തുഷാരക്കും.

Read more...

ഓക്കാനം

>> 2009, ഡിസംബർ 17

അവന്റെ എക്ലിപ്പ്സിലെ*
കുത്തഴിഞ്ഞ കോഡ് കണ്ടപ്പോഴാണ്
എനിക്കാദ്യമായി ഓക്കാനം വന്നത്.
അന്നാണ് ഞാന്‍
ഒരമ്മയായെന്നറിഞ്ഞത്.
കോഡുകളുടെ തലതൊട്ടമ്മ.

*എക്ലിപ്പ്സ് - സോഫ്റ്റ്വയര്‍ ഡെവലപ്പ്മെന്റിനായി ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം

Read more...

ബ്ലോഗ്‌ പക

>> 2009, ഡിസംബർ 11

അവള്‍ പറഞ്ഞു -
     എന്റെ ബ്ലോഗ് പോസ്റ്റില്‍
      ഒരിക്കലും കമന്റിടാത്ത
      നിന്നോടെനിക്ക് പകയാണ്
      ഒടുങ്ങാത്ത ആനപ്പക
      തണുത്തുറഞ്ഞ ഈ
      വൃശ്ചിക രാത്രിയില്‍
      സ്നേഹിച്ചു നിന്നെ
      ഞാന്‍ കൊന്നിടട്ടേ

അവന്‍ പറഞ്ഞു -
      എങ്കില്‍ ഈ രാവ്
      പുലരുമ്പോള്‍
      ഞാനാവട്ടെ
      ബ്ലോഗുലകത്തിന്‍
      ആദ്യ രക്തസാക്ഷി

Read more...

ഒറ്റ-യാനയെ കണ്ട നിമിഷത്തില്‍..

>> 2009, ഡിസംബർ 7

ഇതൊരു മറു പോസ്റ്റാണ്. പീകുട്ടിയുടെ “ഹേ.. ഒറ്റയാന്‍.. സേ ചീസ്..” എന്നതിന്റെ മറുപോസ്റ്റ്. അവളുടെ പോസ്റ്റില്‍ കമന്റിടാനായി തുടങ്ങിയതാണ്. എഴുതി വന്നപ്പോള്‍ ഞാന്‍ കരുതി ഇതൊരു പോസ്റ്റാക്കാമെന്ന്. അങ്ങനെ ജന്മമെടുത്താണിവന്‍. വയനാടന്‍ കാടുകളില്‍ ഞാന്‍ ഒറ്റയാനെ കണ്ട കഥ. അഥവാ ഒറ്റയാനയെ കണ്ട കഥ.

അന്നൊരു ലോങ്ങ് വീക്കെന്റിന്റെ തുടക്കത്തില്‍ ഒരിക്കല്‍ ഞാനും റെഡും (എന്റെ ബൈക്ക്) കൂടി നാട്ടിലോട്ട് തിരിച്ചു. നമ്മുടെ മുത്തങ്ങ വനാന്തരങ്ങളെത്താനായപ്പൊള്‍ റോഡില്‍ ഒരു ബ്ലോക്ക്. നോക്കുമ്പോള്‍ അങ്ങകലെ നില്‍ക്കുന്നു ഒരു കൊച്ചു ഒറ്റയാന്‍. കാറുകള്‍ കൂട്ടത്തോടെ നിറുത്തിയിട്ടിരിക്കുന്നു. അതിനു മുകളിലൂടെ അവന്റെ നെറ്റി മാത്രമെ എനിക്ക് കാണാനകുന്നു.ചിലര്‍ പടമൊക്കെ എടുക്കാന്‍ നോക്കുന്നുണ്ട്. ഞാന്‍ ഒന്നു പേടിച്ചു. ഒന്നാമത് ഞാന്‍ മറ്റുള്ളവരെ പോലെ കാറില്‍ അല്ല. ആ കശ്മലന്‍ വന്ന് എന്നെ ഒരു തട്ട് അങ്ങട്ട് തട്ടിയാല്‍ ഞാനും റെഡും വീരപ്പന്റെ പൊരേല്‍ കെടക്കും. പിന്നെ ഞാനാണെങ്കില്‍ വലിയ വീരവാദം മുഴക്കിയിട്ടൊക്കെയാ നാട്ടിലേക്ക് ബൈക്ക് എടുത്ത് പോന്നത്. ലോകനാര്‍കാവിലമ്മെയെ മനസ്സില്‍ ധ്യാനിച്ച് എത്ര സ്പീഡില്‍ റെഡിനെ കീച്ചിയാല്‍ അവനെ കടന്നു കിട്ടാമെന്ന് ആലോചിച്ചു. അന്നാണെങ്കില്‍ ഇന്നത്തെ പോലെ K&N എയര്‍ ഫില്‍റ്ററൊന്നും ഘടിപ്പിച്ചിട്ടില്ല. മാത്രവുമല്ല ഹിമാലയന്‍ ഒഡീസ്സിക്ക് ശേഷം പുള്ളിങ്ങ് ഒക്കെ ഒന്നു മോശമാ. ആരും ഒട്ടു മുന്നോട്ട് എടുക്കുന്നുമില്ല. ആനയെ കാണാത്ത കെഴങ്ങന്മാര്‍ ഹോണ്‍ ഒക്കെ അടിച്ച് അതിനെ പേടിപ്പിക്കുന്നുണ്ട്. എവിടെ!! ആനയ്ക്കുണ്ടോ വല്ല കൂസലും.

അപ്പൊഴതാ പിന്നില്‍ നിന്ന് ഒരു പിയാജിയൊ അപ്പേ വരുന്നു. സംഭവം ഫുള്‍ ലോഡാണ്. ഗൂഡല്ലൂരില്‍ നിന്നുമുള്ള പച്ചക്കറികളുമായി വയനാട്ടിലേക്ക് പോവുകയാണ്. ടിയാന്‍ സധൈര്യമാണ് കടന്നു വരുന്നത്, ടാറ്റായുടെ ഏസ് ആഡിലെ പോലെ നിങ്ങളുടെ സ്വന്തം കുട്ടിയാന എന്നും പറഞ്ഞോണ്ട്. അതെങ്ങാനും ആന തട്ടിയിട്ടാല്‍ നമ്മുടെ നാട്ടുകാര്‍ എന്ത് കഴിക്കുമെന്നാലോചിച്ചു ഞാന്‍ വികാരവിജൃംഭിതനായി. അതിനാല്‍ ഞാന്‍ ആ ആട്ടൊയിലെ ആള്‍ക്കാരോട് പറഞ്ഞു

-“ചേട്ടാ മുന്നില്‍ ആനയുണ്ട്”.

അപ്പോ ചേട്ടന്‍ ഒന്ന് പുറത്തേക്ക് നോക്കിയിട്ട് -“അതിവിടുത്തെ ഫൊറസ്റ്റുകാരുടെ കുട്ടിയാനയാന്ന്. അതൊന്നും ചെയ്യില്ല, ങ്ങള് ധൈര്യായിറ്റ് പോയീന്ന്.”

ഹോ എനിക്കപ്പോഴുണ്ടായിരുന്ന ചമ്മലും ആശ്വാസവും പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. പിന്നെ ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി പതുക്കെ അപ്പേ ചേട്ടന്റെ പിന്നാ‍ലെ കുതിച്ചു. ആനയോടടുത്തപ്പോള്‍ ഞാന്‍ കണ്ടു ഒരു കൊച്ചു കുട്ടിയാനയെ, കഴുത്തില്‍ ഒരു മണിയും കാലില്‍ ഒരു ചങ്ങലയും. പാവം. ഇവനെയാണല്ലോ ഞാന്‍ പേടിച്ചു നിന്നത്. അപ്പോഴെക്കും വിനോദയാത്രക്കാര്‍ എന്റെ ധൈര്യം കണ്ടിട്ടാവണം പിറകെ വന്നു തുടങ്ങി.

എന്റെ ധൈര്യത്തിന്റെ കഥ എനിക്കു മാത്രമറിയാവുന്നത് കൊണ്ടും അവര്‍ക്ക് ഞാനും ആട്ടോ ചേട്ടനും മലയാളത്തില്‍ സംസാരിച്ചത് മനസ്സിലാവാഞ്ഞത് കൊണ്ടും ഒരു ചിരി എനിക്ക് പാസ്സാക്കാന്‍ സാധിച്ചു. ആ ചിരിയുടെ ഒരു പകുതി പുച്ഛരസവും മറുപകുതി ചമ്മല്‍ രസവും കലര്‍ന്നതായിരുന്നു

Read more...

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP