ഒരു ജീവിതത്തിന്റെ ആരംഭം

>> 2012, ഫെബ്രുവരി 19

ആശുപത്രിയുടെ ഇടനാഴിയില്‍ ഓപറേഷന്‍ തീയേറ്റര്‍ എന്നെഴുതിയ വലിയ ബോര്‍ഡിനു കീഴില്‍  അയാള്‍ കാത്തു നിന്നു. ഭാര്യ പ്രസവത്തിനായി പോയിട്ട് കുറച്ചധികം നേരമായി. അയാളുടെ  മനസ്സിന്റെ പിരിമുറുക്കം കൂട്ടാന്‍ വേണ്ടി മാത്രം ഇടയ്ക്കിടയ്ക്  ഫോണില്‍ ആരൊക്കെയോ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒടുവില്‍ ഓപ്പറേഷന്‍ തീയേറ്ററിന്റെ വാതില്‍ തുറന്നു വന്ന നേഴ്സ് പറഞ്ഞു - "Mr എക്സ് . താങ്കളുടെ ഭാര്യ  വൈ പ്രസവിച്ചു. സിസേറിയന്‍ ആയിരുന്നു. ഇതാ ആണ്‍ കുഞ്ഞാണ്".

വൈയുടെ ബോധം തെളിഞ്ഞപ്പോഴേക്കും പിന്നെയും കുറച്ചു സമയം കഴിഞ്ഞിരുന്നു. അവളുടെ കിടക്കയുടെ വലതു വശത്തായി തന്നെ അയാള്‍ കുറെ നേരമായി ഇരിക്കുന്നു, അവളുണരുമ്പോള്‍ കുഞ്ഞിനെ കാണിയ്ക്കാനായി. ശസ്ത്രക്രിയയുടെ ആലസ്യത്തില്‍ നിന്നുണര്‍ന്ന വൈ, എക്സിന്റെ കൈകളിലിരുന്ന കുഞ്ഞിനെ വാത്സല്യത്തോടെ ഒന്ന് തൊട്ടു. എന്നിട്ട് ചോദിച്ചു- "ഫെയിസ്ബുക്കില്‍ സ്റ്റാറ്റസ് അപ്ടേറ്റ്‌ ചെയ്തോ?"

"എപ്പോഴെ, രണ്ടു നിമിഷം മുന്‍പ് നാല്പത്തിയേഴാമത്തെ ലൈക്കും  പതിനെട്ടാമത്തെ കമ്മെന്റും വന്നു. ഫോട്ടോ നീ ഉണര്‍ന്നിട്ടു എടുത്ത് അപ്‌ലോഡ്‌  ചെയ്യാമെന്ന് കരുതി."

അതിനു ശേഷം അവര്‍ മൂവരും കൂടി ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ എക്സ് തന്റെ ഡിജിറ്റല്‍ ക്യാമെറയില്‍ പകര്‍ത്തി. അന്ന് രാത്രിയോടെ, വൈറ്റമിന്‍ ഗുളികകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും  വൈയുടെ  നിറഞ്ഞ വയറും ഒക്കെ പ്രത്യക്ഷപെട്ട അവരുടെ കഴിഞ്ഞ പത്ത് മാസത്തെ  ഫെയിസ്ബുക്ക് ടൈം ലൈനില്‍ ,  ശുഭപരിയവസാനിയായി മകന്‍ ഇസെഡ്  പ്രത്യക്ഷനായി. അന്ന് തന്നെ എക്സ് തന്റെ മകനായി ഒരു പുതിയ ഫേസ്ബുക്ക് പ്രൊഫൈല്‍ തുടങ്ങി. അതില്‍ "ഡേ വണ്‍ " എന്ന പേരിലെ ആല്‍ബത്തില്‍ അയാള്‍ തന്റെ മകന്റെ അനേകം ഫോട്ടോകളും  അപ്‌ലോഡ്‌ ചെയ്തു.

അപ്പോള്‍ മൈലുകള്‍ക്കപ്പുറം ഭൂമിയുടെ അങ്ങേ  അറ്റത് ഇരുപത്തിയേഴുകാരനായ ഒരു കോടീശ്വരന്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തന്റെ ഡയറി തുറന്ന്  ആ ദിവസത്തെ താളില്‍ ഇങ്ങനെ എഴുതി. - "ഇന്ന് മറ്റനേകം കുഞ്ഞുങ്ങള്‍ ജനിച്ചതോടൊപ്പം Mr & Mrs എക്സിന്റെ മകന്‍ ഇസെഡ് ഭൂജാതനായി, ഇനി അവന്റെ ഓരോ ചലനങ്ങളും സ്വകാര്യതയും ഒക്കെ എന്റെ കൈയ്യില്‍ ഭദ്രം." കിടന്നപ്പോള്‍ , തന്റെ കിടപ്പുമുറിയില്‍ തൂക്കിയിട്ടിരിക്കുന്ന , ഫേസ്ബുക്ക് അക്കൌണ്ടുകളുടെ വര്‍ദ്ധിച്ചു വരുന്ന എണ്ണം കാണിച്ചു കൊണ്ടിരുന്ന മോണിട്ടറില്‍  നോക്കി അയാള്‍ ഒന്ന് പുഞ്ചിരിച്ചു. പിന്നെ തന്റെ സ്വപ്നങ്ങളിലേക്ക് കണ്ണ് തുറന്നു.

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP