നഗരത്തില്‍

>> Wednesday, November 18, 2009

അവന്റെ മുഴുവന്‍ പേര് ഉമാശങ്കര്‍ കുമാര്‍ എന്നായിരുന്നു. ശങ്കര്‍ എന്ന് അവന്റെ മുതലാളി വിളിക്കുന്നത് കേട്ട് ഞാനും അങ്ങനെയാണ് വിളിച്ചിരുന്നത്. മെലിഞ്ഞ ശരീരം. ഇരുനിറത്തിലുള്ള മുഖത്ത് നിറയെ വസൂരിക്കല പോലുള്ള കറുത്ത പാടുകള്‍.എങ്കിലും കണ്ണുകള്‍ തിളങ്ങി നിന്നു. എനിക്കവനുമായുള്ള പരിചയം തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളമാകുന്നു. അത് തുടങ്ങിയതും വളര്‍ന്നതുമെല്ലാം അവന്‍ പണിയെടുത്തിരുന്ന ബാര്‍ബര്‍ ഷാപ്പിലാണ് - മജെസ്റ്റിക്ക് ഹെയര്‍ കട്ടിംഗ് ഷോപ്പ്. ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്ട്മന്റ് കോപ്ളക്സിന്റെ അടുത്തുള്ള ജങ്ങ്ഷനിലാണ് കട. പതിനേഴാം നിലയിലെ എന്റെ വീടിന്റെ മട്ടുപാവിലിരുന്നാല്‍ ആ കടയ്ക്ക് മുന്നിലെ തിരക്കും ബഹളവുമെല്ലാം കുറേ കടുകുമണികള്‍ പോലെ കാണാം. കടുകുമണികളുടെ എണ്ണം കുറയുന്ന ചില സായം സന്ധ്യകളിലായിരുന്നു ഞാന്‍ ക്ഷൌരത്തിനായി ആ കടയിലേക്കിറങ്ങിയിരുന്നത്.

ആ ബാര്‍ബര്‍ ഷാപ്പ് ഒരിടത്തരം കട മാത്രമായിരുന്നു. മഹാനഗരത്തിന്റെ സമ്പുഷ്ടിയും അത്യാഗ്രഹവും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ചെറിയ കട. കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി വെളിച്ചങ്ങളുടെയും കണ്ണാടിച്ചില്ലുകളുടെയും ധാരാളിത്തമില്ലാത്ത ഒരു നല്ല "നായീ കീ ദൂക്കാന്‍"* . എന്റെയീ പ്രായത്തിലും പദവിയിലും ഇതിലും മുന്തിയ സലൂണുകളില്‍ പോകാനുള്ള കഴിവില്ലാഞ്ഞിട്ടല്ല. അവിടെ ചെന്നിരിക്കുമ്പോഴൊക്കെ നാട്ടില്‍ ബാല്യകാലത്ത് അപ്പുണ്ണിയേട്ടന്റെ ബാര്‍ബര്‍ ഷാപ്പാണ് ഓര്‍മ്മ വരിക. അതേ വെളിച്ചവും കണ്ണാടിയും കത്രികകളും. ഗൃഹാതുരതയുടെ തള്ളിച്ചയിലാണല്ലോ നമ്മെളെല്ലാവരും ജീവിക്കുന്നത്. അതും എന്നെ പോലെ ജോലിയില്‍ നിന്നും വിരമിച്ചു ശിഷ്ടകാലം പുസ്തകങ്ങള്‍ വായിച്ച് ഏകനായി ജീവിതം തള്ളിനീക്കുമ്പോള്‍ വേറെ എന്തോര്‍ക്കാന്‍.

ശങ്കറിന്റെയും എന്റെയും സൌഹൃദം വളര്‍ന്നത് റാഫിയിലൂടെയായിരുന്നു. ഉത്തരേന്ത്യയിലെ ഏതോ കുഗ്രാമത്തില്‍ ജനിച്ച അവനും കേരളത്തിലെ ഒരു മലയോരമേഖലയില്‍ വളര്‍ന്ന ഞാനും ഈ നഗരത്തില്‍ വച്ച് കണ്ടുമുട്ടുകയും എനിക്കറിയാവുന്ന മുറി ഹിന്ദിയില്‍ ഞാനും ഭോജ്പൂരി കലര്‍ന്ന ഹിന്ദിയില്‍ അവനും സംസാരിക്കുകയും ചെയ്തു. അതിനു നിമിത്തമായതോ അനശ്വരഗായകന്‍ മുഹമ്മദ് റാഫിയും. മുടിവെട്ടുമ്പോള്‍ അവന്‍ പാടുന്ന മൂളിപ്പാട്ടില്‍ നിന്ന് ഞാന്‍ തന്നെയാണ് ഒരിക്കല്‍ സംഭാഷണം ആരംഭിച്ചത്. എന്റെ ആദ്യത്തെ രണ്ട് മൂന്ന് ചോദ്യങ്ങള്‍ അവന് മനസ്സിലായതേയില്ല. ഒടുവില്‍ അവന്‍ മൂളിയ പാട്ടിന്റെ ആദ്യത്തെ രണ്ട് വരികള്‍ ഞാന്‍ പാടിയപ്പോളാണ് അവന് ഞാന്‍ പറയാനുദ്ദേശിച്ചത് അവന്റെ മൂളിപാട്ടിനെ പറ്റിയാണെന്ന് മനസ്സിലാകുന്നത്. അവിടുന്നങ്ങോട്ട് ഞങ്ങളുടെ സൌഹൃദം വളര്‍ന്നു, പഴയ മഗധരാജ്യത്തിന്റെ ഭംഗിയെ പറ്റി അവന്‍ വര്‍ണിച്ചപ്പോള്‍ ഞാന്‍ ഹൈറേഞ്ചില്‍ പെയ്യുന്ന മഴയെ പറ്റി അവന് വിശദീകരിച്ചു കൊടുത്തു. റാഫി, കിഷോര്‍, മന്നാഡേ, ലതാ മങ്കേഷ്ക്കര്‍, യേശുദാസ് തുടങ്ങിയവരുടെ പാട്ടുകള്‍ അനേകം വട്ടം മൂളിപ്പാടി. അതിനിടയില്‍ ഭാഷ ഒരിക്കലും ഒരു തടസ്സമായില്ല.

മഴയുള്ള ഒരു പ്രഭാതത്തില്‍ പാലു കൊണ്ടുവരാറുള്ള ചെറുപ്പക്കാരനാണ് ജങ്ങ്ഷനില്‍ കിടക്കുന്ന ജഡത്തെ പറ്റി പറഞ്ഞത്. ആരുടേതാണെന്നവനറിയില്ലെങ്കിലും തലയും ശരീരവും വേര്‍പ്പെട്ടാണ് അത് കിടക്കുന്നതെന്നവന്‍ പറഞ്ഞു. കണ്ടിട്ട് നേരെ വരികയാണത്രേ. തലേന്നു രാത്രി നടന്ന എതോ കള്ളുകുടി സഭയ്ക്ക് ശേഷം നടന്ന വാക്കേറ്റത്തില്‍ സംഭവിച്ചതായിരിക്കുമെന്നും പറഞ്ഞവന്‍ യാത്രയായി. ഈ 58 വയസ്സിന്റെ ജീവിതകാലത്തില്‍ അനേകം മരണങ്ങളും ജഡങ്ങളും മുന്നിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ഉടലും തലയും വേര്‍പ്പെട്ട ഒരു ശവശരീരം ഇതു വരെ കണ്ടിരുന്നില്ല. ആ ഒരു കൌതുകത്തിന്റെ ആവേശത്തിലാണ് അതു കാണാന്‍ ഇറങ്ങി പുറപ്പെട്ടത്.

ഒന്നേ നോക്കിയുള്ളൂ. റോഡിനോട് ചേര്‍ന്ന് കിടന്ന നടപ്പാതയില്‍ കുറുകെ കിടക്കുന്നു, കഴുത്തിന്റെയറ്റത്ത് നിന്നും ചോരയുറ്റി തീര്‍ന്നിട്ടില്ലാത്ത കബന്ധം. വേഷങ്ങളിലും കൈകാലുകളിലും ചെളി പുരണ്ട് കിടക്കുന്നു. മഴയില്‍ നനഞ്ഞു കുതിര്‍ന്ന പച്ച മണ്ണിന്റെ, ചോരക്കറയേറ്റ ചെളി. തൊട്ടപ്പുറത്ത് കിടക്കുന്ന തല കണ്ടപ്പോഴാണ് സകല നാഡികളും തളര്‍ന്ന് പോയത്. ശങ്കറിന്റെ ചൈതന്യയമറ്റ മുഖം മഴ പെയ്തു നനഞ്ഞ ചോരക്കറകളാല്‍ മൂടിയിരിക്കുന്നു. ചെവില്‍ നിന്ന് ചോരയൂറിയൊലിച്ചിരിക്കുന്നു. ചുറ്റും ഈച്ചകള്‍ പാറി നടപ്പുണ്ട്. കണ്ണുകള്‍ തുറിച്ചുന്തിയിരുന്നെങ്കിലും അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു. കൊലപാതകമായത് കാരണമാകാം ആരും അവ ഒന്നു അടച്ചുവയ്ക്കാന്‍ പോലും ധൈര്യപ്പെട്ടില്ല. തളര്‍ന്ന് വീഴാതിരിക്കാന്‍ ഞാന്‍ അടുത്ത് നിന്ന ആരുടേയോ കൈകളില്‍ പിടിച്ചു. അകലെ നിന്ന് കേട്ട പോലിസ് ജീപ്പിന്റെ സൈറണ്‍ അടുത്തു വന്നപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് എന്നെ താങ്ങി പിടിച്ച് റോഡിന്റെ മറ്റേയറ്റത്തുള്ള ഒരു കടയിലെ കസേരയില്‍ കൊണ്ടിരുത്തി.

ശങ്കറിന്റെ അവസാനമായി ജീവനോടെ കണ്ടത് ഒരാഴ്ച മുന്നേ ആയിരിക്കണം. വളര്‍ന്നു വന്ന കുറ്റിതാടി വടിക്കുന്നതിനു വേണ്ടിയാണ് ഞാന്‍ അന്ന് ആ കടയില്‍ പോയത്. നേരിയ ഒരു തളര്‍ച്ച അവന്റെ മുഖത്തുണ്ടായിരുന്നു. എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ അവന്‍ ഒന്നുമില്ല എന്ന് തലയാട്ടി. അന്ന് പക്ഷേ അവന്റെ സ്ഥിരം മൂളിപ്പാട്ടുകള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്താണ് പാടാത്തത് എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു സുഖമില്ല എന്ന്. അതൊരു നുണയാണെന്ന് ഞാന്‍ പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണു നിറഞ്ഞിരുന്നു. താടി വടിച്ചു കൊണ്ടിരുന്ന അവന്റെ കൈയ്യില്‍ കയറി പിടിച്ച് ഞാന്‍ ഒരു ജേഷ്ഠന്റെ അധികാരത്തോടെ ചോദിച്ചു -

"എന്താ കാര്യം? എന്താണെങ്കിലും പറയൂ."
"സാര്‍.. എന്നെ .. ഒരു പക്ഷേ സാറിനി കാണില്ല" - അവന്‍ പറഞ്ഞു.
"അതെന്താ, നീ തിരിച്ചു പോവുകയാണോ?" - ഞാന്‍ ചോദിച്ചു
"അല്ല"
"പിന്നെ?"
"ഒന്നുമില്ല സാര്‍, ഈ നഗരത്തില്‍ ആരും ആരേയും സ്നേഹിക്കാന്‍ പാടില്ല സാര്‍. പ്രത്യേകിച്ച് എന്നെ പോലെ ഒരു താഴ്ന്ന ജാതിക്കാരനായ ഉത്തരേന്ത്യക്കാരന്‍. സാറിനോട് തന്നെ ഇത്ര അടുക്കാന്‍ പാടില്ലായിരുന്നു" - പെട്ടെന്നാണവന്‍ പുലമ്പിയത്.

എനിക്കൊന്നും മനസ്സിലായില്ല. പിന്നെ സംസാരിച്ചത് അവന്റെ മുതലാളിയാണ്. അയാളാണ് ആ കഥ പറഞ്ഞത്. ഉമാശങ്കറിന്റെ പ്രണയത്തിന്റെ കഥ. ശങ്കര്‍ ആ ബാര്‍ബര്‍ ഷാപ്പിന് രണ്ട് പീടികയ്ക്കപ്പുറത്തുള്ള ഒരു പലചരക്ക് കടയിലെ സ്ത്രീയുമായി പ്രണയത്തിലാണെന്നും, അവള്‍ ഒരു വിധവയാണെന്നും, അവള്‍ക്ക് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടെന്നും, അവളുടെ സഹോദരനും വീട്ടുകാര്‍ക്കും ഈ ബന്ധം ഇഷ്ടമില്ലെന്നും ഒക്കെ അയാള്‍ വളരെ ചുരുക്കിയെനിക്ക് പറഞ്ഞ് തന്നു. ആ സഹോദരന്‍ ആളൊരു ലോക്കല്‍ റൌഡിയാണെന്നും, അയാളാണ് രണ്ടാഴ്ച മുന്‍പ് ഞാന്‍ മുടി വെട്ടാനായി ചെന്നപ്പോള്‍ അവിടെ വന്നു ബഹളമുണ്ടാക്കുകയും ശങ്കറിനെ കൊല്ലുമെന്ന് ഭീഷണിപ്പേടുത്തുകയും ചെയ്തതെന്ന് കൂടി മുതലാളി പറഞ്ഞ് തന്നു.

രണ്ടാഴ്ച മുന്നത്തെ ആ സംഭവത്തില്‍ ശങ്കറിന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി പിടിച്ച് ഒരുത്തന്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടതാണ്. എന്താണ് കാര്യം എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ശങ്കര്‍ പറഞ്ഞു.

"അയാള്‍ ഈ നഗരത്തില്‍, ഈ സംസ്ഥാനത്തിനു പുറത്ത് നിന്നുള്ള ആളുകളെ പണിയെടുത്ത് ജീവിക്കാന്‍ അനുവദിക്കുകയില്ലത്രേ. അവന്റെ ഈ സംസ്ഥാനത്ത് ഇവിടുത്തെ ആളുകള്‍ മാത്രം പണിയെടുത്താല്‍ മതിയെന്ന്"
"അപ്പോള്‍ ഞാനോ? ഞാനും ഒരു അന്യദേശക്കാരനല്ലെ?" - ഞാന്‍ അവന് ധൈര്യമേകാന്‍ വേണ്ടി പറഞ്ഞു.
"നിങ്ങള്‍ക്കൊന്നും കുഴപ്പമില്ല സാര്‍. ഞങ്ങളല്ലേ സാധാരണക്കാര്‍, തെരുവില്‍ കഴിയുന്നവര്‍. ഇവരെയൊക്കെ സഹിക്കേണ്ടവര്‍. നിങ്ങളൊക്കെ അങ്ങുയരത്തിലല്ലേ സാര്‍. അവനൊന്നും തൊടാന്‍ പറ്റാത്തയത്ര ഉയരത്തില്‍." - അവന്റെ മറുപടിയെന്നെ ഒത്തിരി വേദനിപ്പിച്ചുവെങ്കിലും ഒന്നും പുറമേ കാണിക്കാതെ ഞാന്‍ വീണ്ടും ചോദിച്ചു.
"നിങ്ങള്‍ക്ക് പോലീസില്‍ പറയരുതോ?"
"ഹാ!! പോലീസ്സ്!! എല്ലാവരും ഒറ്റക്കെട്ടാണ് സാര്‍. ഈ പാവം ഉത്തരേന്ത്യക്കാരന് ആരുണ്ട്. ആരുമുണ്ടാവില്ല സാര്‍. ഈ സാര്‍ പോലും ചിലപ്പോള്‍ എന്നെ ഒരു പക്ഷേ തിരിഞ്ഞു നോക്കില്ല." അവന്റെ തൊണ്ടയിടറി.
അന്നു ആ സംഭാഷണം അധികമൊന്നും നീണ്ട് പോയില്ല. കടയിലെ തിരക്ക് കാരണം പെട്ടെന്ന് തന്നെ മുടിവെട്ടിത്തന്ന് എന്നെ അവന്‍ ഒഴിവാക്കി.

മുതലാളി പറഞ്ഞ ശങ്കറിന്റെ പ്രണയകഥ കേട്ട് അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി വാക്കുകള്‍ക്ക് പരതുമ്പോഴാണ് അവന്‍ ചോദിച്ചത്.
"പറയൂ സാര്‍. സാര്‍ ഒത്തിരി പഠിച്ച ആളല്ലേ. ഒരാളെ സ്നേഹിക്കുന്നത് കുറ്റമാണോ? അവളെ എനിക്കിഷ്ടമാണ് സാര്‍. അവളോടുള്ള സഹതാപം കൊണ്ടോ, അവളുടെ കഷ്ടപ്പാട് കണ്ടിട്ടോ ഒന്നുമല്ല സാര്‍. ഇഷ്ടമാണവളെ എനിക്ക്. അതു കൊണ്ട് മാത്രമാണ് സാര്‍. ആ കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്താന്‍ ഞാന്‍ തയ്യാറാണ് സാര്‍. പക്ഷെ അവന്‍.. അവന് ഉത്തരേന്ത്യക്കാരെ കണ്ട്കൂടാ. പ്രത്യേകിച്ചും എന്നെ പോലുള്ള പാവങ്ങളെ. പറയൂ സാര്‍. ഞാന്‍ ചെയ്തത് തെറ്റാണോ? പറയൂ.. "

കോളേജില്‍ പഠിക്കുമ്പോള്‍ ഇഷ്ടപ്പെട്ടവനായ അന്യമതസ്ഥന്റെ കൂടെ വീട് വിട്ടിറങ്ങിയ ചേച്ചിയെ വെറുത്തു തുടങ്ങി, അത് തറവാടിനുണ്ടാക്കിയ നാണക്കേടില്‍ മനസ്സ് പുകഞ്ഞ്, പ്രണയത്തോടും പ്രണയിക്കുന്നവരോടും വെറുപ്പായി, അവിവാഹിതനായി കഴിയുന്ന ഞാന്‍ അവനോട് എന്ത് പറയാന്‍. പറയാന്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല മനസ്സില്‍. അവന്റെ തോളില്‍ ഒന്നു കൈ വച്ച്, നിറഞ്ഞ് തുടങ്ങിയ ആ കണ്ണുകള്‍ക്ക് മുഖം കൊടുക്കാതെ പൈസയും കൊടുത്ത് നിസ്സംഗനായി ഇറങ്ങി നടന്നതേയുള്ളൂ അന്ന് ഞാന്‍.

പിന്നെ മഴയില്‍ കുതിര്‍ന്ന ചേതനയറ്റ ആ മുഖമാണ് കാണുന്നത്. കസേരയില്‍ തളര്‍ന്ന് ഞാന്‍ ഇരിക്കുകയാണ്. അകലെ മഹസ്സര്‍ തയ്യറാക്കുന്ന പോലീസുകാര്‍. ഇന്‍സ്പെക്ടറെന്ന് തോന്നുന്ന ഒരാള്‍ മുതലാളിയെ ചോദ്യം ചെയ്യുന്നു. ഇടയ്ക്കൊക്കെ ആരൊക്കെയോ എന്നെ നോക്കുന്നുണ്ട്. അവന്റെ മുതലാളി കഴിഞ്ഞ ആഴ്ചകളില്‍ നടന്ന സംഭവങ്ങള്‍ ഒന്നും തന്നെ ആ ഇന്‍സ്പെക്ടറോട് പറഞ്ഞിട്ടുണ്ടാവാന്‍ സാധ്യതയില്ല. നഗരത്തിന്റെ നിസ്സംഗത പതുക്കെ എന്നെ ചൂഴ്ന്നു തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടിലേക്ക് നടന്നു. മനസ്സില്‍ ശങ്കറിന്റെ വാക്കുകള്‍ മാത്രം - " ഈ പാവത്തിനു ആരുണ്ട് സാര്‍. ആരുമുണ്ടാവില്ല സാര്‍. ഈ സാര്‍ പോലും ചിലപ്പോള്‍ തിരിഞ്ഞു നോക്കില്ല."

വീട്ടിലെത്തിയ ഞാന്‍ അന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നു ആര്‍ത്തലച്ച് പൊട്ടിക്കരഞ്ഞു. അപ്പോഴും അത് പുറത്താരും കേള്‍ക്കാതിരിക്കാനായി ഒരു തലയിണ ഞാന്‍ വായോട് ചേര്‍ത്ത് വച്ചിരുന്നു.

* നായീ എന്നാല്‍ ബാര്‍ബര്‍ എന്ന് ഹിന്ദിയില്‍



പ്രബോധിനി വായനശാലയുടെ ഈ വര്‍ഷത്തെ വാര്‍ഷികപ്രസിദ്ധീകരണമായ വൈഖരിക്ക് വേണ്ടി എഴുതിയ കഥ. ആദ്യമായാണ് ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഒരു കഥയെഴുതുന്നത്. എന്റെ പേര് നിര്‍ദ്ദേശിച്ച ജോജുവിനും, എഴുതാന്‍ ക്ഷണിച്ച പ്രബോധിനിയുടെ സംഘാടകയായ ജിന്‍സിക്കും നന്ദി.

Read more...

സമാധാനം

>> Friday, October 9, 2009

ഹോ! സമാധാനമായി
ഗാന്ധിജിയോളമില്ലെങ്കിലും
ഗാന്ധിജിയെ പ്രസംഗിച്ചാല്‍
മൂന്നാം ലോകത്തേക്ക്
കൈ നീട്ടിയാല്‍
കുറച്ചധികം നയതന്ത്രം നടത്തിയാല്‍
നല്ലൊരു നാളേക്കുള്ള പ്രതീക്ഷകള്‍
നല്‍കിയാല്‍
സമാധാനമായി.
അവിടെ മദറും മണ്ഡേലയും
യൂനുസും സൂക്കിയുമെല്ലാം
വെറും കാഴ്ചക്കാര്‍.

ഹോ! സമാധാനമായി
ഇന്നെനിക്കുറങ്ങാം
സമാധാനം കാക്കാന്‍
ലോകപോലീസുണ്ടല്ലോ

Read more...

ഋതുവിന്റെ കാലൊച്ചകള്‍

>> Monday, September 21, 2009

ഋതു ഒരു മുഴു നീള ഐ.ടി. സംബന്ധ സിനിമയോ യുവത്വത്തിന്റെ സിനിമയോ അല്ല. അതാണ് അതിന്റെ ഭാഗ്യവും. എങ്കിലും ഇന്‍ഫൊര്‍മേഷന്‍ ടെക്നോള്‍ജി സെക്ടറില്‍ വിരാജിക്കുന്ന എമെന്‍സികളില്‍ ജോലിചെയ്യുന്ന എന്നെ പോലുള്ള ആളുകള്‍ക്ക്, ഈ കഥയില്‍ ഒരു പക്ഷെ അവര്‍ അറിയുന്ന കഥാപാത്രങ്ങളെ കണ്ടെത്താനാകും. പിന്നെ കുറച്ചല്പം സ്വപ്നങ്ങളും ഗൃഹാതുരതയും ഒപ്പം കൊണ്ടു നടക്കുന്നവര്‍ക്ക് ഇതിലെ മുഖ്യ കഥാപാത്രമായ ശരത്ത് വര്‍‌മ്മയുടെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാനും പറ്റും.

കഥയുടെ തുടക്കത്തില്‍ ശരത്ത് മടങ്ങി വരുകയാണ്, അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക്. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍, പ്രിയപ്പെട്ട കൂട്ടുകാരായ വര്‍ഷയുടെയും സണ്ണിയുടെയും അടുത്തേക്ക്. നാട്ടില്‍ ശരത്തിന്റെ നിര്‍ബന്ധത്തില്‍ അവര്‍ മൂവരും ഒരു കമ്പനിയില്‍ ചേരുന്നു. വര്‍ഷയ്ക്ക് സാമൂഹ്യസേവനത്തിന്റെയും, സണ്ണിക്ക് മ്യൂസിക്ക് ട്രൂപ്പ് നടത്താനും, ശരത്തിന് തന്റെ പുസ്തകം എഴുതാനും ഉള്ള സ്വപ്നങ്ങളെ ശരത്ത് എന്നും താലോലിച്ച് പോന്നു. ശരത്ത് മാത്രം. ഋതുഭേദങ്ങളെ പോലെ വര്‍ഷയും സണ്ണിയും മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ മാറിയിരുന്നു.

ശരത്ത് ഇവയൊക്കെ മനസ്സില്ലാക്കുന്നതും ഒടുവില്‍ തന്റെ സ്വപ്നങ്ങള്‍ക്കു ചിറക് മുളപ്പിക്കാന്‍ ഏകനായി യാത്രയാകുന്നതില്‍ ഋതുവിന്റെ മൂലകഥ അവസാനിക്കുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെ കാണിക്കുന്നത് ശരത്ത് തങ്ങള്‍ക്ക് മാപ്പു നല്‍കിയിട്ടുണ്ടാകുമോ എന്ന കുറ്റബോധത്താല്‍ ഇരിക്കുന്ന വര്‍ഷയേയും, ശരത്തിന്റെ പുസ്തകം തുറക്കുന്ന പക്വതയാര്‍ജ്ജിച്ച സണ്ണിയേയുമാണ്. തന്റെ പുസ്തകം വര്‍ഷയ്ക്കും സണ്ണിക്കും സമര്‍പ്പിക്കുന്നതിലൂടെ ശരത്ത് അവര്‍ക്ക് മാപ്പ് കൊടുത്തുവോ? കൊടുത്തു എന്ന് തന്നെയാണ് എന്റെ മനസ്സും പറയുന്നത്. ശരത്ത് തന്റെ പുസ്തകം തന്റെ ജീവിതത്തിലെ എറ്റവും നല്ല നിമിഷങ്ങള്‍ പങ്ക്‌വച്ചിട്ടുള്ള വര്‍ഷയ്ക്കും സണ്ണിയ്ക്കുമാണല്ലോ സമര്‍പ്പിച്ചിരിക്കുന്നത്.



ഋതുവില്‍ എനിക്കിഷ്ടപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ ഒന്ന്‍ ഇതില്‍ വരച്ചു കാണിച്ചിരിക്കുന്ന സത്യസന്ധമായ ഐ.ടി.കഥാപാത്രങ്ങളെയാണ്. ഉദ്ദാഹരണത്തിന് അവര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയായ സെറിന്‍. എല്ലാ കമ്പനികളിലും കാണുന്ന സ്ഥിരം മാനേജര്‍മാരുടെ ഒരു പരിച്ഛേദമാണവര്‍. ആവശ്യമുള്ളപ്പോള്‍ എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കുകയും അല്ലാത്ത സമയത്ത് തന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ പ്രയ്ത്നിക്കുന്ന ഒരു typical corporate manager. പിന്നെ സണ്ണിയില്‍ കാണുന്ന പാരവയ്പ്പിന്റെ ലക്ഷണങ്ങള്‍. സെറിന്റെ കണ്ണും കാതുമായിരിക്കുന്ന അവനെപ്പോലെ എത്രപ്പേര്‍ ഈ കോര്‍പ്പറെറ്റ് ലോകത്ത്.പക്ഷേ ഐ.ടി യില്‍ ജോലി ചെയ്യുന്നവരെല്ലാവരും പാര്‍ട്ടിച്ചെയുന്നവരാണെന്നും പബ്ബില്‍ സ്ഥിരം കറങ്ങുന്നവരാണെന്നുമുള്ള ഒരു ധാരണ ഋതു പ്രകടിപ്പിക്കുണ്ടോ എന്ന് എന്തുകൊണ്ടോ എനിക്ക് തോന്നിപ്പോകുന്നു. അത് ആ ലോകത്തിന്റെ ഒരു അംശം മാത്രം.

എടുത്ത് പറയേണ്ടുന്ന മറ്റൊന്ന് ഇതിലെ സംഗീതമാണ്. പൂനിലാ മഴയും, കണ്മണിയെ പുണ്യം നീയും ഒരുക്കിയ രാഹുല്‍ രാജ് ഋതുവില്‍ എന്നെ വേറൊരു തലത്തില്‍ എത്തിക്കുന്നു. ഗായത്രി ആലപിച്ച പുലരുമോ എന്ന ഗാനം ഒരു sensual melody ആയി എന്നെ പുല്‍കുമ്പോള്‍, വേനല്‍കാറ്റില്‍ രാഹുല്‍രാജിന്റെ ശബ്ദം എന്റെ ജീവിതകാലഘട്ടത്തിലെ ഏറ്റവും നല്ലനാളുകളായ ജിയീസി ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ രണ്ട് ഗാനങ്ങളിലും റഫീക്ക് അഹമ്മദ്ദിന്റെ വരികള്‍ മികച്ച നിലവാര പുലര്‍ത്തുന്നു. പുലരുമോ എന്ന ഗാനത്തില്‍ ഇണചേരലിനു ശേഷം നേരം പുലരാനാഗ്രഹിക്കാത്ത ഒരു കാമുകിയുടെ എല്ലാ വികാരങ്ങളും ആ വരികളില്‍ സാംശീകരിച്ചിരിക്കുന്നു. അതേ സമയം ചഞ്ചലം ഒരു ഏ ആര്‍ റഹ്മാന്‍ ഗാനം പോലെ പതുക്കെ, വളരെ പതുക്കെ എന്റെ സിരകളെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. ഒരു പാര്‍ട്ടി പാട്ടായി കുക്കൂ കുക്കൂ തീവണ്ടിയും.

അഭിനയത്തില്‍ വര്‍ഷയായി റിമയും ശരത്തിന്റെ ചേട്ടനായി എം.ജി ശശിയും (അടയാളങ്ങളുടെ സംവിധായകന്‍‌) പിന്നെ ഒരളവു വരെ ആസിഫിന്റെ സണ്ണിയും മുന്നില്‍ നില്‍ക്കുന്നു. അതും കഴിഞ്ഞെ നിഷാനിന്റെ ശരത്ത് വരികയുള്ളൂ. ഒരല്പം പരിചയസമ്പന്നനായ ഒരാള്‍ ആ കഥാപാത്രം ചെയ്തിരുന്നെങ്കില്‍ എന്ന് നമ്മള്‍ ചിലപ്പോള്‍ ചിന്തിച്ചുപോകും. ഒരു പക്ഷേ സിനിമയുടെ പുതുമയ്ക്ക് വേണ്ടിയാവും നിഷാന്‍ എന്ന നടന്‍ അനിവാര്യമായത്‌. എന്നിരുന്നാലും ഒരു മോശം പ്രകടനം എന്നു പറയാനാവില്ല.

ഷംദത്തിന്റെ ക്യാമറ ഒത്തിരി ക്ലോസപ്പ് ഷോട്ടുകളിലൂടെയാണ് ജോഷ്വാ ന്യൂട്ടന്റെ തിരക്കഥയ്ക്ക് ദൃശ്യസാക്ഷാത്കാരം നല്‍കുന്നത്. ബന്ധങ്ങളുടെ ശക്തി തെളിയിക്കുന്ന രംഗങ്ങള്‍ അനവധിയാണിതില്‍. ശരത്തിന്റെയും ചേട്ടന്റെയും, ശരത്തിന്റെയും വര്‍ഷയുടെയുമൊക്കെ അത്തരത്തിലുള്ളതാണ്. അച്ഛനെയും തന്നെയും പോലെ തോറ്റുപൊകരുത് എന്നു പറയുന്ന ഒരു ഏട്ടനില്‍ നിന്നാണ് ശരത് ത്ന്നെത്തന്നെ മനസ്സിലാകുന്നത്. അതില്‍ നിന്നാണ് ശരത്തിന് തന്റെ ലക്ഷ്യത്തിലേക്കുള്ള ഊര്‍ജ്ജം ലഭിക്കുന്നത്. ഇരുവരില്‍ ശരത്തിനോട് ഏറെ അടുത്തു നില്‍ക്കുന്നത് വര്‍ഷ തന്നെയാണ്. ശരത്ത് തന്റെതെന്ന് കരുതുന്ന വര്‍ഷ, ഒരുകാലത്ത് വര്‍ഷയും അങ്ങനെ തന്നെ കരുതിയിരുന്നു. ആ ബന്ധത്തിന്റെ ശക്തി കൊണ്ട് മാത്രമാണ് ആദ്യം ചെല്ലാതിരുന്ന വര്‍ഷ കുറച്ച് കഴിഞ്ഞ് ശരത്തിനെ തേടി ലേക്ക്സൈഡില്‍ വരുന്നത്.

എല്ലാ മനുഷ്യരുടെയും നിസ്സഹായത വെളിപ്പെടുത്തുന്ന ഒരു രംഗമാണ് ശരത്ത് തന്റെ അച്ഛന്‍ മരിച്ചു എന്നറിഞ്ഞ് വരുന്ന സീന്‍. ഒരു താക്കോല്‍ എടുക്കാന്‍ പോയപ്പോഴെക്കും അച്ഛന്‍ മരിച്ചുവോ എന്ന നിസ്സഹായതയില്‍ നിന്ന് അത് അച്ഛനെ ഒരിക്കല്‍ വെറുത്തതിനെ പറ്റിയുള്ള ശരത്തിന്റെ കുറ്റബോധത്തിലും പരിഭ്രാന്തിയിലുമാണ് അവസാനിക്കുന്നത്. കുറച്ചു നിമിഷം മുമ്പ് വരെ നമ്മള്‍ സംസാരിച്ച ഒരാള്‍ പെട്ടെന്ന് കാലയവനികക്കുള്ളില്‍ മറഞ്ഞു പോകുമ്പോള്‍ നമ്മള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമ്മക്കൊരിക്കലും പറയാനാകില്ല. ഈ ഒരു രംഗം, അഭിനയിച്ച് ഫലിപ്പിച്ചതില്‍ ഒരല്പം ബോറാണെങ്കിലും അതിന്റെ തീവ്രത എന്തുകൊണ്ടോ നമ്മളെ പിടിച്ചുലയ്ക്കും. ശ്യാമപ്രസാദ് എന്ന സംവിധായകന്റെ പ്രതിഭയാണ് അവിടെ പ്രകടമാകുന്നത്.ഇതുകൊണ്ടൊക്കെയാണ് സംവിധായകനും തിരകഥാകൃത്തുമാണ് താരം എന്ന് പണ്ട് ശ്രീനിവാസന്‍ വിളിച്ചു പറഞ്ഞത്.

ശരത്തും തന്റെ ചുറ്റുപാടുകളുമായിട്ടുള്ള ബന്ധങ്ങളും എന്തുകൊണ്ടോ എന്നെ എന്റെ സ്വപ്നങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നു. ശരത്തിനെ പോലെ എനിക്കും ഉണ്ട് സ്വപ്നങ്ങള്‍. അതുകൊണ്ടു തന്നെ ശരത്തിനെയാകും എനിക്കവരില്‍ എറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുക. ഒരു പക്ഷേ ശരത്തിന്റെ ചേട്ടനെ പോലെ ഒരു ചേട്ടന്‍ എനിക്കുണ്ടായിരുന്നെങ്കില്‍ ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനുള്ള യാത്ര ഞാന്‍ എന്നെ തുടങ്ങിയേനെ.

ഋതു യുവത്ത്വത്തിന്റെ സിനിമയാണോ? ഒരു പരിധി വരെ അതെ. പക്ഷെ അതിനുമപ്പുറത്ത് നമ്മള്‍ ആരാണെന്നും ഈയൊരു കാലം എങ്ങനെ നമ്മളെ സ്വാധീനിക്കുന്നു എന്നും അത് മനോഹരമായി പറഞ്ഞു തരുന്നുണ്ട്. കാലം അല്ലെങ്കില്‍ ഋതു തീര്‍ച്ചയായും ഒരു കഥാപാത്രം തന്നെയാണിവിടെ. അത് ശരത്ത്, വര്‍ഷ, സണ്ണി എന്ന മൂന്നു കഥാപാത്രങ്ങളില്‍ അന്തര്‍ലീനമാണെന്ന് മാത്രം. ശരത്ത്, വര്‍ഷ, സണ്ണി - മൂന്നും മൂന്ന് ഋതുക്കള്‍ തന്നെ. ഇലപൊഴിച്ച് ശരത്തും ആര്‍ത്തലച്ച് പെയ്ത് വര്‍ഷയും വേനലിന്റെ താപമേല്‍പ്പിച്ച് സണ്ണിയും ഒരു കാലത്തെ പ്രതിനിധീകരിക്കുന്നു.

ആഗസ്റ്റ് 9 -ലെ മാതൃഭൂമി ആഴ്ചപതിപ്പില്‍ (87:22) ശ്യാമപ്രസാദ് തന്റെ സിനിമയെ പറ്റി ഇങ്ങനെ ഉപസംഹരിക്കുന്നു -
ഒരു വ്യക്തി എന്ന നിലയിലും സുഹൃത്ത്‌ എന്ന നിലയിലും, ഒരാളും മറ്റുള്ളവരും അയാളുടെ ധര്‍മ്മവും അയാളുടെ ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളും ഒക്കെ തമ്മിലുള്ള പൊരുത്തക്കേടുകളാണ് ‘ഋതു’
ശരത്ത് എന്ന വ്യക്തിയിലൂടെ ഈ സിനിമയെ സമീപിക്കുമ്പോള്‍ നമ്മുക്കത് മനസ്സിലാകും.

വാല്‍ക്കഷ്ണം : ബാംഗ്ലൂരില്‍ ഋതു ഇറങ്ങിയപ്പോള്‍ എന്റെ ഒരു സുഹൃത്തിനോട് അത് കണ്ടുവോ എന്നു ഞാന്‍ ചോദിച്ചു. അവള്‍ ആ ചിത്രത്തിനെ identify ചെയ്തത് the shyamaprasad movie? എന്ന മറുചോദ്യം ഉന്നയിച്ചു കൊണ്ടാണ്. അവള്‍ ഋതു കണ്ടോ എന്നെനിക്കറിയില്ല. പക്ഷേ അവള്‍ ആ ചിത്രത്തിനെ ഒരു സംവിധായക ചിത്രമായി identify ചെയ്തത് എന്നിലെ സിനിമാസ്വാദകനെ ഒത്തിരിയേറെ സന്തോഷിപ്പിച്ചു.

ഫോട്ടോ കടപ്പാട് - http://ritumovie.com/

Read more...

ഒരു തുടക്കം

>> Thursday, September 17, 2009

കിനിയുമീറന്‍ തുഷാരം .


ഇത് മലയാളത്തിനു മാത്രം. പഴയ് “മൈ ഫ്രസ്ട്രേഷന്‍സ്” ബ്ലോഗ് ഞാന്‍ അടച്ചു പൂട്ടി. അതിലെ മലയാളം കഥകള്‍ ഇങ്ങോട്ട് കയറ്റി. അതേ തിയ്യതി വച്ച്.

ഇന്നലെ ഞാന്‍ ഒരു സിനിമ കണ്ടു. വളരെ നാളുകള്‍ക്ക് ശേഷം ഒരു നല്ല മലയാളം സിനിമ - ഋതു. അതിലെ പുലരുമോ എന്ന ഗാനത്തിലെ വരികള്‍. എന്റെ “മുജെ രംഗ് ദെ” എന്ന ബ്ലോഗിന്റെ പേരും ഒരു സിനിമയില്‍ നിന്നായിരുന്നു - “രംഗ് ദെ ബസന്തി”. അതു എന്റെ ഇംഗ്ലീഷ് ബ്ലോഗ് ആയി തുടരും. അതിലെ എന്റെ ഈ കൊല്ലത്തെ മലയാളം പോസ്റ്റുകളും ഇതിലേക്ക് മാറ്റിയിട്ടുണ്ട്.

പുലരുമോ രാവൊഴിയുമോ
ഹരിതലതാവനിയില്‍
ഒരു കനലെരിയുന്നതോ,
ഹിമകണമെരിയുന്നതോ

അകമേ കിനിയുമീറന്‍ തുഷാരം
ഉറവായി പടരുകയായി ഇതാ..
- റഫീക്ക് അഹമ്മദ്

Read more...

വടകരയുടെ നിത്യസ്വതന്ത്രന്‍

>> Wednesday, September 9, 2009

കലന്തന്‍ ഹാജി അന്തരിച്ചു.

ആരാണ് കലന്തന്‍ ഹാജി എന്നു നിങ്ങള്‍ ചോദിച്ചാല്‍, ഞാന്‍ പറയും ഞങ്ങള്‍ വടകര നിയോജക-ലോകസഭാ മണ്ഡലത്തിലെ ആളുകള്‍ക്ക് അദ്ദേഹം നിത്യസ്വന്തന്ത്രനായ ഒരു മനുഷ്യനായിരുന്നു എന്ന്‌. എല്ലാ തെരഞ്ഞെടുപ്പുകളിലും വടകര മണ്ഡലത്തില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങുമായിരുന്നു അദ്ദേഹം. ഒരു പാര്‍ട്ടിയുടേയും പിന്തുണ ഇല്ലാതെ സ്വതന്ത്രനായി. മിക്കപ്പോഴും കെട്ടിവച്ച കാശു പൊകുമെങ്കിലും വീണ്ടും അദ്ദേഹം മത്സരിച്ചു കൊണ്ടേയിരുന്നു. എന്നും ഇടത്തു പക്ഷത്തിന്റെ കോട്ടയായിരുന്ന വടകരയില്‍ (കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ) ഒരു പാര്‍ട്ടിയിലും കാലു കുത്താതെ വീണ്ടും വീണ്ടും മത്സരിക്കാന്‍ ധൈര്യം കാണിച്ച അദ്ദേഹം, ഒരിക്കലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പില്‍ മത്സരിച്ചിരുന്നില്ലെന്ന വിവരം ഇന്നത്തെ മാതൃഭൂമിയില്‍ നിന്നാണ് ഞാന്‍ അറിയുന്നത്. ബിരിയാണിച്ചെമ്പിലെന്തിനാ കഞ്ഞി വയ്ക്കുന്നെ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല. വോട്ടെടുപ്പിനെത്തിയ ഞാന്‍ അദ്ദേഹത്തിന്റെ പേര് കാണാതെ അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അപേക്ഷിച്ചിരുന്നുവെന്നും എന്തോ സാങ്കേതിക കാരണങ്ങളാല്‍ അത് അയോഗ്യമായി പ്രഖ്യാപ്പിച്ചുവെന്നും ഇന്നാണ് അറിഞ്ഞത്.

കോഴിക്കോട്ടുകാര്‍ക്ക് രാമദാസ് വൈദ്യരെന്നപ്പോലെ, ഒരു പക്ഷേ അത്രത്തോളം വരില്ലെങ്കിലും, വടകരക്കാരുടെ മനസ്സില്‍ കലന്തന്‍‌ഹാജിയും മറക്കാനാവാത്ത ഒരു കഥാപാത്രം തന്നെ.

Read more...

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP