മൂന്നാമിടങ്ങൾ - ഒരു പുസ്തക പരിചയം.
>> 2021, ജൂൺ 13
മൂന്നാമിടങ്ങൾ വായിക്കാൻ എന്തേ ഇത്ര താമസിച്ചു എന്ന സങ്കടത്തിൽ നിന്നാണ് ഇത് എഴുതുന്നത്. പല കാരണങ്ങൾ കൊണ്ടുമായിരിക്കാം. എന്നാലും മൂലകാരണം അതിന്റെ ബ്ലർബ് തന്നെ ആയിരുന്നു. "സഹോദരന്റെ ഗർഭം പേറുകയും ആ കുഞ്ഞിനെ വളർത്തുന്ന പ്രശസ്ത കവയിത്രിയും" എന്നത് എന്നെ ചിലപ്പോഴൊക്കെ നിരാശപ്പെടുത്തി.
കാമാഖ്യ എന്ന എന്നെ തീർത്തും നിരാശപ്പെടുത്തിയ നോവലിനു ശേഷമാണ് ഇത് വായിക്കാൻ എടുത്തത്. ഒറ്റയിരുപ്പിൽ വായിച്ച് പോകാവുന്ന കൃതിയാണെങ്കിലും എന്റെ അവസ്ഥയിൽ അതത്ര സത്യസന്ധമായി സാധിച്ചില്ല.
ഇന്ദിരാദേവി എന്ന പ്രശസ്ത കവയിത്രി നടത്തുന്ന ഒരു അഭിമുഖത്തിൽ നിന്നാണ് നോവലിന്റെ തുടക്കം. 17കാരിയായ തന്റെ മകളുടെ അച്ഛൻ തന്റെ തന്നെ സഹോദരൻ ആയ പ്രശസ്ത ചിത്രകാരൻ നരേന്ദ്രൻ ആണെന്നും ഇതൊക്കെ വിവരിക്കാനായി ഒരു നോവലിന്റെ പണിപ്പുരയിലാണ് തങ്ങളെന്നും ഇവർ ടി.വി അഭിമുഖത്തിൽ പറയുന്നു.
അതിനു ശേഷം നമ്മൾ മൂന്നാമിടങ്ങൾ എന്ന നോവലിനെ വായിക്കുകയാണ്. നോവലിനുള്ളിലെ നോവൽ. എഴുതുന്നത് ഡാലിയ എന്ന ഇന്ദിരയുടെ കൂട്ടുകാരി ആണെങ്കിലും നോവലിലെ കഥാപാത്രങ്ങൾ എല്ലാം ചേർന്നെഴുതിയ ഒരു ജീവചരിത്ര നോവൽ എന്ന് വേണെമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാമെന്ന് ഡാലിയയും ഇന്ദിരയും പറയുന്നുണ്ട്. സദാചാര സംരക്ഷകർക്കുള്ള പുസ്തകമല്ല ഇതെന്നും അങ്ങനെയുള്ളവർ മഹാഭാരതം വായിച്ച് നോക്കണമെന്നും പ്രസാധകൻ നമുക്ക് മുന്നറിയിപ്പും തരുന്നുണ്ട്.
നരേന്ദ്രൻ, ഇന്ദിര, അഹല്യ എന്ന മൂന്ന് പേരുടെ വീക്ഷണകോണിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. നരേന്ദ്രന്റെ ചെറ്യമ്മയുടെ മകളാണ് ഇന്ദിര. അച്ഛനോട് വഴക്കിട്ട് നാട് വിടുന്ന നരേന്ദ്രൻ കൽക്കത്തയിൽ പ്രശസ്ത ചിത്രകാരനായ ബാബയുടെ അടുത്ത് നിന്ന് ചിത്രകല പഠിക്കുന്നു. ബാബയ്ക്ക് മകനെ പോലെ ആണയാൾ. അവിടെ വച്ച് ബാബയുടെ മകൾ സാറയുടെ സഹായത്തോടെ The Dance of Sex എന്ന ആദ്യത്തെ വലിയ ചിത്രം പൂർത്തിയാക്കുന്നു. സാറയിൽ നിന്നൊളിച്ചോടി അയാൾ ഷാർജയിൽ എത്തുന്നു. അവിടെ നിന്ന് വരയ്ക്കുന്ന ചിത്രത്തിന് ഫ്രഞ്ച് സർക്കാരിന്റെ ബഹുമതി ലഭിക്കുകയും അതോടെ അയാൾ ലോകമറിയുന്ന ചിത്രകാരനുമായ തീരുന്നു. പിന്നെ നാട്ടിലെത്തുകയും അഹല്യയെ വിവാഹം കഴിക്കുകയും അവർ തമ്മിൽ ഒരു ലവ് ഹേറ്റ് ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു.
ഇന്ദിര കവിയും വക്കീലുമാണ്. അത് കൊണ്ട് തന്നെ അവളുടെ വാദങ്ങൾ നമ്മളെ ഞെട്ടിക്കുന്നു. ഇന്ദിര കുഞ്ഞായിരിക്കുമ്പോൾ ആദ്യം നോക്കി ചിരിച്ചത് നരേന്ദ്രനെ നോക്കിയിട്ടായിരുന്നു. ആ ബന്ധം അവളിൽ ആദ്യമൊക്കെ ആരാധനയും പിന്നീടെപ്പോഴോ പ്രണയവുമായി വളരുന്നു. അത് കൊണ്ട് തന്നെ നരേന്ദ്രന്റെ മടങ്ങി വരവ് അവളിൽ വല്ലാത്ത മാറ്റമാണ് സൃഷ്ടിക്കുന്നത്. നരേന്ദ്രന് വരുന്ന ഓരോ വിവാഹാലോചനകളും അവൾ ബാലിശമായ പല കാരണങ്ങളും പറഞ്ഞ് മുടക്കുന്നു. അമ്മാവന്റെ മകനെ/ളെ വിവാഹം കഴിക്കാൻ സമൂഹം കൂട്ട് നിൽക്കുമ്പോഴും വല്യമ്മയുടെ മകനെ എന്ത് കൊണ്ട് പ്രണയിച്ചു കൂടാ എന്നവൾ ചോദിക്കുന്നുണ്ട്. അഹല്യയെ അവൾക്ക് ആദ്യമൊന്നും ഇഷ്ടപ്പെടുന്നില്ല. എന്നിട്ടും വിവാഹത്തിന് ശേഷം അവളുടെ ഏറ്റവും അടുത്ത സുഹൃത്താവുന്നു അഹല്യ. നരേന്ദ്രനോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നത് ഏടത്ത്യമ്മ ആയ അഹല്യ കണ്ട് പിടിച്ചിട്ടും അവരുടെ ബന്ധത്തിന് ഒരു പോറൽ പോലും ഏൽക്കുന്നില്ല. അവർ പരസ്പരം നരേന്ദ്രനെ പറ്റി സംസാരിച്ച് കൊണ്ടേയിരുന്നു. നരേന്ദ്രന്റെ വീട് വിട്ട ശേഷമുളള ബന്ധങ്ങളെ പറ്റി അഹല്യവും അതിനു മുൻപുള്ള സാഹസിക കഥകളെ പറ്റി ഇന്ദിരയും വിവരങ്ങൾ കൈമാറി.
അഹല്യ ആണ് ഈ മൂന്ന് പേരിലെയും ഒട്ടും പിടി കിട്ടാത്ത വ്യക്തിത്വം. നോവലിന്റെ അവസാനം വരെ അത് അങ്ങനെ തന്നെ തുടരുന്നു. സ്‌കൂളിൽ ഋതുമതി ആയ വിവരം അവൾ വീട്ടിൽ ആരോടും പറയുന്നില്ല. ജോലിയിൽ സ്ഥാനക്കയറ്റത്തിന് വേണ്ടി തന്റെ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട പത്രാധിപരെ മുഖമടച്ചാട്ടി, അന്ന് തന്നെ അയാളുടെ ഡ്രൈവറുമായി രതിയിലേർപ്പെടുന്നു അഹല്യ. പെണ്ണ് കാണാൻ വരുന്നവരെ I am not a Virgin എന്ന ടീ ഷർട്ടുമിട്ട് നേരിടുന്നു. ഇതിഷ്ടപ്പെട്ട നരേന്ദ്രനെ വിവാഹം കഴിക്കുന്നു. ഇന്ദിരയുടെ നരേന്ദ്രനോടുള്ള ഇഷ്ടം നരേന്ദ്രനു പോലും മനസ്സിലാകാതിരുന്നിട്ടും ആ കുടുംബത്തിന് പുറത്ത് നിന്ന് വന്ന അഹല്യ വേഗം മനസ്സിലാക്കുന്നു. എന്നിട്ടും ഒരു പ്രശ്നവുമില്ലാതെ ഇതൊക്കെ സാധാരണയാണെന്ന മട്ടിൽ അവളോട് കൂട്ട് കൂടുന്നു. ഒരു രാത്രി ഇന്ദിരയെയും നരേന്ദ്രനെയും മനസ്സ് തുറന്ന് സംസാരിക്കാനായി ഒറ്റയ്ക്ക് വിടുന്നു. ഏതെങ്കിലും ഭാര്യമാർ ചെയ്യുന്ന പ്രവൃത്തി ആണോ ഇത് എന്ന് ഇന്ദിര കുണ്ഠിതപ്പെടുന്നു. ഒടുക്കം ഒരു നാൾ ഇന്ദിരയിൽ നിന്ന് പെട്ടെന്ന് അകന്ന് പോകുന്നു.
BDSM, തീക്ഷ്ണമായ ലൈംഗിക കേളികൾ, ലെസ്ബിയനിസം എന്നിവയിലൊക്കെ തൊട്ടു കൊണ്ടാണ് ഈ നോവൽ പുരോഗമിക്കുന്നത്. എന്നിരുന്നാലും അവ ഒന്നും വായനക്കാരനെ ഇക്കിളിപ്പെടുത്തുന്നതായോ അലോസരമുണ്ടാക്കുന്നവയായോ ഞെട്ടിപ്പിക്കുന്നതായോ തോന്നുന്നില്ല. അത്രക്ക് മനോഹരമായിട്ടാണ് അവയെ ഈ നോവലിൽ നോവലിസ്റ്റ് സംയോജിച്ചിരിക്കുന്നത്. ഈ മൂന്ന് പേരുടെയും കഥ വികസിക്കുന്നത് രതിയിലൂടെയാണ്. അതിനുത്തമ ഉദാഹരണമാണ് നരേന്ദ്രൻ. ഓരോ തീക്ഷ്ണമായ രതിക്കും ശേഷം അയാൾ ഒളിച്ചോടുകയാണ്.
മൂന്ന് നായക കഥാപാത്രങ്ങൾക്കൊപ്പം തന്നെ ഉണ്ട് അവരുടെ കൂടെ നിൽക്കുന്ന, തിളങ്ങുന്ന, മറ്റു കഥാപാത്രങ്ങൾ.
അതിലൊന്ന് നോവൽ എഴുതുന്ന ഡാലിയ തന്നെ ആണ്. വളരെ സന്നിഗ്ദ്ധമായ ഒരു ഘട്ടത്തിൽ അഹല്യയുടെ ഞെട്ടിപ്പിക്കുന്നതായ ഒരാവശ്യം ചെയ്ത് കൊടുക്കാമെന്ന് ഏറ്റ് കൊടുക്കുന്നത് ഡാലിയ ആണ്. ഡാലിയുടെ ഇന്ദിരയുമായുള്ള ബന്ധം ലോ കോളേജിൽ നിന്ന് തുടങ്ങി മകൾക്ക് പതിനേഴ് വയസ്സാകുന്ന കഥയുടെ ഒടുക്കം വരെ ഉണ്ട്. അവർ തമ്മിലുള്ളത് ഒരു ലെസ്ബിയൻ ബന്ധമാണെന്ന് നമുക്ക് ഊഹിച്ചെടുക്കാമെങ്കിലും അതിനെ പറ്റി ഒന്ന് രണ്ട് തുമ്പുകൾ അവശേഷിപ്പിക്കുന്നതല്ലാതെ ഒന്നും തന്നെ എഴുതുന്നില്ല മണികണ്ഠന്റെ ഡാലിയ. ആ ബന്ധം അംഗീകരിക്കാതെ, തുറന്നെഴുതാത്ത, അവരെ ഭീരുക്കളെന്ന് വിളിക്കുന്നുണ്ട് അനുബന്ധകുറിപ്പിൽ നോവൽ വായിച്ച മറ്റൊരു ലെസ്ബിയനായ മിസിസ്സ് എസ്.
പിന്നെ ഒന്ന് അഹല്യയുടെ അച്ഛൻ ആണ്. ഇന്ദിര ലോകം അറിയുന്ന കവയിത്രി ആകുമെന്നും നരേന്ദ്രനും അഹല്യയും അറിയപ്പെടാൻ പോകുന്നത് ഇന്ദിരയുടെ പേരിലാകുമെന്നും ആദ്യമേ പ്രവചിക്കുന്നുണ്ട് വേണുഗോപാലൻ മാഷ്. ഒടുക്കം മരണശേഷം മാഷിന്റെ കർമ്മങ്ങൾ ചെയ്യാനുള്ള ഭാഗ്യം ഇന്ദിരയ്ക്കാണ്.
എസ് ആർ കെ എന്ന് വിളിക്കപ്പെട്ട, പഴയ നക്സലായ, ഇന്ദിരയുടെ അമ്മാവൻ ശിവരാമകൃഷ്ണൻ. പിന്നീട് തന്റെ പ്രണയം തകർന്ന് ഭ്രാന്തനായി ഒടുക്കം ദ്രാവിഡ ദൈവങ്ങളെ കൂട്ട് പിടിച്ച് മന്ത്രവാദി ആകുന്നു. കൂടെ നിന്ന ഇന്ദിരയുടെ അമ്മയും അച്ഛനും അയാളെ പിൻപറ്റി കാശുകാരാകുന്നു. ഒന്നെങ്കിൽ ഇന്ദിരയുടെ ഒറ്റപ്പെടൽ വരച്ചിടാൻ, അല്ലെങ്കിൽ ദ്രാവിഡ ദൈവങ്ങളെ പറ്റി ഒന്ന് സ്‌പെഷ്യൽ മെൻഷൻ ചെയ്യാൻ, അതിന് മാത്രമാണ് ഒരല്പം അപൂർണ്ണമായി പോകുന്ന ഈ കഥാപാത്രം. പക്ഷേ അവസാനത്തെ അനുബന്ധ കുറിപ്പിൽ ഡാലിയ പറയുന്നത് പോലെ ഈ പുസ്തകത്തിന്റെ ലക്‌ഷ്യം അതൊന്നും അല്ലാത്തത് കൊണ്ട് നമ്മൾ വായനക്കാർ എസ ആർ കെ യുടെ പുറകെ പോവേണ്ടതില്ല.
2014 ൽ ഡി.സി ബുക്സിന്റെ നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ നോവൽ ആണ് മൂന്നാമിടങ്ങൾ. അതിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു നോവലാണ് കരിക്കോട്ടക്കരി. ഇത് രണ്ടും വായിച്ച ഒരാൾ എന്ന നിലയിൽ അതിലെ അവാർഡ് സമിതിക്ക് ഒരിക്കലും തെറ്റു പറ്റിയിട്ടില്ല എന്ന് എനിക്കുറപ്പിച്ച് പറയാൻ പറ്റും. വിനോയ് കൂടുതൽ പുസ്തകങ്ങൾ എഴുതിയെങ്കിലും മൂന്നാമിടങ്ങൾ എന്ന ഒറ്റ നോവൽ മതി കെ. വി. മണികണ്ഠൻ എന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ. അത്രക്ക് മികച്ച കൃതിയാണിത്.
നമുക്കൊക്കെ ഒരു മൂന്നാമിടം ഉണ്ടെന്നും നമ്മുടെ മനസ്സിന്റെ വൈചിത്ര്യങ്ങളുടെ ഭൂമിക ഈ മൂന്നാമിടമാണെന്നും പറയാതെ പറയുന്നുണ്ട് ഈ നോവൽ.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ