ഋതുവിന്റെ കാലൊച്ചകള്‍

>> 2009, സെപ്റ്റംബർ 21

ഋതു ഒരു മുഴു നീള ഐ.ടി. സംബന്ധ സിനിമയോ യുവത്വത്തിന്റെ സിനിമയോ അല്ല. അതാണ് അതിന്റെ ഭാഗ്യവും. എങ്കിലും ഇന്‍ഫൊര്‍മേഷന്‍ ടെക്നോള്‍ജി സെക്ടറില്‍ വിരാജിക്കുന്ന എമെന്‍സികളില്‍ ജോലിചെയ്യുന്ന എന്നെ പോലുള്ള ആളുകള്‍ക്ക്, ഈ കഥയില്‍ ഒരു പക്ഷെ അവര്‍ അറിയുന്ന കഥാപാത്രങ്ങളെ കണ്ടെത്താനാകും. പിന്നെ കുറച്ചല്പം സ്വപ്നങ്ങളും ഗൃഹാതുരതയും ഒപ്പം കൊണ്ടു നടക്കുന്നവര്‍ക്ക് ഇതിലെ മുഖ്യ കഥാപാത്രമായ ശരത്ത് വര്‍‌മ്മയുടെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാനും പറ്റും.

കഥയുടെ തുടക്കത്തില്‍ ശരത്ത് മടങ്ങി വരുകയാണ്, അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക്. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍, പ്രിയപ്പെട്ട കൂട്ടുകാരായ വര്‍ഷയുടെയും സണ്ണിയുടെയും അടുത്തേക്ക്. നാട്ടില്‍ ശരത്തിന്റെ നിര്‍ബന്ധത്തില്‍ അവര്‍ മൂവരും ഒരു കമ്പനിയില്‍ ചേരുന്നു. വര്‍ഷയ്ക്ക് സാമൂഹ്യസേവനത്തിന്റെയും, സണ്ണിക്ക് മ്യൂസിക്ക് ട്രൂപ്പ് നടത്താനും, ശരത്തിന് തന്റെ പുസ്തകം എഴുതാനും ഉള്ള സ്വപ്നങ്ങളെ ശരത്ത് എന്നും താലോലിച്ച് പോന്നു. ശരത്ത് മാത്രം. ഋതുഭേദങ്ങളെ പോലെ വര്‍ഷയും സണ്ണിയും മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ മാറിയിരുന്നു.

ശരത്ത് ഇവയൊക്കെ മനസ്സില്ലാക്കുന്നതും ഒടുവില്‍ തന്റെ സ്വപ്നങ്ങള്‍ക്കു ചിറക് മുളപ്പിക്കാന്‍ ഏകനായി യാത്രയാകുന്നതില്‍ ഋതുവിന്റെ മൂലകഥ അവസാനിക്കുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നെ കാണിക്കുന്നത് ശരത്ത് തങ്ങള്‍ക്ക് മാപ്പു നല്‍കിയിട്ടുണ്ടാകുമോ എന്ന കുറ്റബോധത്താല്‍ ഇരിക്കുന്ന വര്‍ഷയേയും, ശരത്തിന്റെ പുസ്തകം തുറക്കുന്ന പക്വതയാര്‍ജ്ജിച്ച സണ്ണിയേയുമാണ്. തന്റെ പുസ്തകം വര്‍ഷയ്ക്കും സണ്ണിക്കും സമര്‍പ്പിക്കുന്നതിലൂടെ ശരത്ത് അവര്‍ക്ക് മാപ്പ് കൊടുത്തുവോ? കൊടുത്തു എന്ന് തന്നെയാണ് എന്റെ മനസ്സും പറയുന്നത്. ശരത്ത് തന്റെ പുസ്തകം തന്റെ ജീവിതത്തിലെ എറ്റവും നല്ല നിമിഷങ്ങള്‍ പങ്ക്‌വച്ചിട്ടുള്ള വര്‍ഷയ്ക്കും സണ്ണിയ്ക്കുമാണല്ലോ സമര്‍പ്പിച്ചിരിക്കുന്നത്.



ഋതുവില്‍ എനിക്കിഷ്ടപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ ഒന്ന്‍ ഇതില്‍ വരച്ചു കാണിച്ചിരിക്കുന്ന സത്യസന്ധമായ ഐ.ടി.കഥാപാത്രങ്ങളെയാണ്. ഉദ്ദാഹരണത്തിന് അവര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയായ സെറിന്‍. എല്ലാ കമ്പനികളിലും കാണുന്ന സ്ഥിരം മാനേജര്‍മാരുടെ ഒരു പരിച്ഛേദമാണവര്‍. ആവശ്യമുള്ളപ്പോള്‍ എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കുകയും അല്ലാത്ത സമയത്ത് തന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ പ്രയ്ത്നിക്കുന്ന ഒരു typical corporate manager. പിന്നെ സണ്ണിയില്‍ കാണുന്ന പാരവയ്പ്പിന്റെ ലക്ഷണങ്ങള്‍. സെറിന്റെ കണ്ണും കാതുമായിരിക്കുന്ന അവനെപ്പോലെ എത്രപ്പേര്‍ ഈ കോര്‍പ്പറെറ്റ് ലോകത്ത്.പക്ഷേ ഐ.ടി യില്‍ ജോലി ചെയ്യുന്നവരെല്ലാവരും പാര്‍ട്ടിച്ചെയുന്നവരാണെന്നും പബ്ബില്‍ സ്ഥിരം കറങ്ങുന്നവരാണെന്നുമുള്ള ഒരു ധാരണ ഋതു പ്രകടിപ്പിക്കുണ്ടോ എന്ന് എന്തുകൊണ്ടോ എനിക്ക് തോന്നിപ്പോകുന്നു. അത് ആ ലോകത്തിന്റെ ഒരു അംശം മാത്രം.

എടുത്ത് പറയേണ്ടുന്ന മറ്റൊന്ന് ഇതിലെ സംഗീതമാണ്. പൂനിലാ മഴയും, കണ്മണിയെ പുണ്യം നീയും ഒരുക്കിയ രാഹുല്‍ രാജ് ഋതുവില്‍ എന്നെ വേറൊരു തലത്തില്‍ എത്തിക്കുന്നു. ഗായത്രി ആലപിച്ച പുലരുമോ എന്ന ഗാനം ഒരു sensual melody ആയി എന്നെ പുല്‍കുമ്പോള്‍, വേനല്‍കാറ്റില്‍ രാഹുല്‍രാജിന്റെ ശബ്ദം എന്റെ ജീവിതകാലഘട്ടത്തിലെ ഏറ്റവും നല്ലനാളുകളായ ജിയീസി ദിനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ രണ്ട് ഗാനങ്ങളിലും റഫീക്ക് അഹമ്മദ്ദിന്റെ വരികള്‍ മികച്ച നിലവാര പുലര്‍ത്തുന്നു. പുലരുമോ എന്ന ഗാനത്തില്‍ ഇണചേരലിനു ശേഷം നേരം പുലരാനാഗ്രഹിക്കാത്ത ഒരു കാമുകിയുടെ എല്ലാ വികാരങ്ങളും ആ വരികളില്‍ സാംശീകരിച്ചിരിക്കുന്നു. അതേ സമയം ചഞ്ചലം ഒരു ഏ ആര്‍ റഹ്മാന്‍ ഗാനം പോലെ പതുക്കെ, വളരെ പതുക്കെ എന്റെ സിരകളെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. ഒരു പാര്‍ട്ടി പാട്ടായി കുക്കൂ കുക്കൂ തീവണ്ടിയും.

അഭിനയത്തില്‍ വര്‍ഷയായി റിമയും ശരത്തിന്റെ ചേട്ടനായി എം.ജി ശശിയും (അടയാളങ്ങളുടെ സംവിധായകന്‍‌) പിന്നെ ഒരളവു വരെ ആസിഫിന്റെ സണ്ണിയും മുന്നില്‍ നില്‍ക്കുന്നു. അതും കഴിഞ്ഞെ നിഷാനിന്റെ ശരത്ത് വരികയുള്ളൂ. ഒരല്പം പരിചയസമ്പന്നനായ ഒരാള്‍ ആ കഥാപാത്രം ചെയ്തിരുന്നെങ്കില്‍ എന്ന് നമ്മള്‍ ചിലപ്പോള്‍ ചിന്തിച്ചുപോകും. ഒരു പക്ഷേ സിനിമയുടെ പുതുമയ്ക്ക് വേണ്ടിയാവും നിഷാന്‍ എന്ന നടന്‍ അനിവാര്യമായത്‌. എന്നിരുന്നാലും ഒരു മോശം പ്രകടനം എന്നു പറയാനാവില്ല.

ഷംദത്തിന്റെ ക്യാമറ ഒത്തിരി ക്ലോസപ്പ് ഷോട്ടുകളിലൂടെയാണ് ജോഷ്വാ ന്യൂട്ടന്റെ തിരക്കഥയ്ക്ക് ദൃശ്യസാക്ഷാത്കാരം നല്‍കുന്നത്. ബന്ധങ്ങളുടെ ശക്തി തെളിയിക്കുന്ന രംഗങ്ങള്‍ അനവധിയാണിതില്‍. ശരത്തിന്റെയും ചേട്ടന്റെയും, ശരത്തിന്റെയും വര്‍ഷയുടെയുമൊക്കെ അത്തരത്തിലുള്ളതാണ്. അച്ഛനെയും തന്നെയും പോലെ തോറ്റുപൊകരുത് എന്നു പറയുന്ന ഒരു ഏട്ടനില്‍ നിന്നാണ് ശരത് ത്ന്നെത്തന്നെ മനസ്സിലാകുന്നത്. അതില്‍ നിന്നാണ് ശരത്തിന് തന്റെ ലക്ഷ്യത്തിലേക്കുള്ള ഊര്‍ജ്ജം ലഭിക്കുന്നത്. ഇരുവരില്‍ ശരത്തിനോട് ഏറെ അടുത്തു നില്‍ക്കുന്നത് വര്‍ഷ തന്നെയാണ്. ശരത്ത് തന്റെതെന്ന് കരുതുന്ന വര്‍ഷ, ഒരുകാലത്ത് വര്‍ഷയും അങ്ങനെ തന്നെ കരുതിയിരുന്നു. ആ ബന്ധത്തിന്റെ ശക്തി കൊണ്ട് മാത്രമാണ് ആദ്യം ചെല്ലാതിരുന്ന വര്‍ഷ കുറച്ച് കഴിഞ്ഞ് ശരത്തിനെ തേടി ലേക്ക്സൈഡില്‍ വരുന്നത്.

എല്ലാ മനുഷ്യരുടെയും നിസ്സഹായത വെളിപ്പെടുത്തുന്ന ഒരു രംഗമാണ് ശരത്ത് തന്റെ അച്ഛന്‍ മരിച്ചു എന്നറിഞ്ഞ് വരുന്ന സീന്‍. ഒരു താക്കോല്‍ എടുക്കാന്‍ പോയപ്പോഴെക്കും അച്ഛന്‍ മരിച്ചുവോ എന്ന നിസ്സഹായതയില്‍ നിന്ന് അത് അച്ഛനെ ഒരിക്കല്‍ വെറുത്തതിനെ പറ്റിയുള്ള ശരത്തിന്റെ കുറ്റബോധത്തിലും പരിഭ്രാന്തിയിലുമാണ് അവസാനിക്കുന്നത്. കുറച്ചു നിമിഷം മുമ്പ് വരെ നമ്മള്‍ സംസാരിച്ച ഒരാള്‍ പെട്ടെന്ന് കാലയവനികക്കുള്ളില്‍ മറഞ്ഞു പോകുമ്പോള്‍ നമ്മള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമ്മക്കൊരിക്കലും പറയാനാകില്ല. ഈ ഒരു രംഗം, അഭിനയിച്ച് ഫലിപ്പിച്ചതില്‍ ഒരല്പം ബോറാണെങ്കിലും അതിന്റെ തീവ്രത എന്തുകൊണ്ടോ നമ്മളെ പിടിച്ചുലയ്ക്കും. ശ്യാമപ്രസാദ് എന്ന സംവിധായകന്റെ പ്രതിഭയാണ് അവിടെ പ്രകടമാകുന്നത്.ഇതുകൊണ്ടൊക്കെയാണ് സംവിധായകനും തിരകഥാകൃത്തുമാണ് താരം എന്ന് പണ്ട് ശ്രീനിവാസന്‍ വിളിച്ചു പറഞ്ഞത്.

ശരത്തും തന്റെ ചുറ്റുപാടുകളുമായിട്ടുള്ള ബന്ധങ്ങളും എന്തുകൊണ്ടോ എന്നെ എന്റെ സ്വപ്നങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നു. ശരത്തിനെ പോലെ എനിക്കും ഉണ്ട് സ്വപ്നങ്ങള്‍. അതുകൊണ്ടു തന്നെ ശരത്തിനെയാകും എനിക്കവരില്‍ എറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുക. ഒരു പക്ഷേ ശരത്തിന്റെ ചേട്ടനെ പോലെ ഒരു ചേട്ടന്‍ എനിക്കുണ്ടായിരുന്നെങ്കില്‍ ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനുള്ള യാത്ര ഞാന്‍ എന്നെ തുടങ്ങിയേനെ.

ഋതു യുവത്ത്വത്തിന്റെ സിനിമയാണോ? ഒരു പരിധി വരെ അതെ. പക്ഷെ അതിനുമപ്പുറത്ത് നമ്മള്‍ ആരാണെന്നും ഈയൊരു കാലം എങ്ങനെ നമ്മളെ സ്വാധീനിക്കുന്നു എന്നും അത് മനോഹരമായി പറഞ്ഞു തരുന്നുണ്ട്. കാലം അല്ലെങ്കില്‍ ഋതു തീര്‍ച്ചയായും ഒരു കഥാപാത്രം തന്നെയാണിവിടെ. അത് ശരത്ത്, വര്‍ഷ, സണ്ണി എന്ന മൂന്നു കഥാപാത്രങ്ങളില്‍ അന്തര്‍ലീനമാണെന്ന് മാത്രം. ശരത്ത്, വര്‍ഷ, സണ്ണി - മൂന്നും മൂന്ന് ഋതുക്കള്‍ തന്നെ. ഇലപൊഴിച്ച് ശരത്തും ആര്‍ത്തലച്ച് പെയ്ത് വര്‍ഷയും വേനലിന്റെ താപമേല്‍പ്പിച്ച് സണ്ണിയും ഒരു കാലത്തെ പ്രതിനിധീകരിക്കുന്നു.

ആഗസ്റ്റ് 9 -ലെ മാതൃഭൂമി ആഴ്ചപതിപ്പില്‍ (87:22) ശ്യാമപ്രസാദ് തന്റെ സിനിമയെ പറ്റി ഇങ്ങനെ ഉപസംഹരിക്കുന്നു -
ഒരു വ്യക്തി എന്ന നിലയിലും സുഹൃത്ത്‌ എന്ന നിലയിലും, ഒരാളും മറ്റുള്ളവരും അയാളുടെ ധര്‍മ്മവും അയാളുടെ ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളും ഒക്കെ തമ്മിലുള്ള പൊരുത്തക്കേടുകളാണ് ‘ഋതു’
ശരത്ത് എന്ന വ്യക്തിയിലൂടെ ഈ സിനിമയെ സമീപിക്കുമ്പോള്‍ നമ്മുക്കത് മനസ്സിലാകും.

വാല്‍ക്കഷ്ണം : ബാംഗ്ലൂരില്‍ ഋതു ഇറങ്ങിയപ്പോള്‍ എന്റെ ഒരു സുഹൃത്തിനോട് അത് കണ്ടുവോ എന്നു ഞാന്‍ ചോദിച്ചു. അവള്‍ ആ ചിത്രത്തിനെ identify ചെയ്തത് the shyamaprasad movie? എന്ന മറുചോദ്യം ഉന്നയിച്ചു കൊണ്ടാണ്. അവള്‍ ഋതു കണ്ടോ എന്നെനിക്കറിയില്ല. പക്ഷേ അവള്‍ ആ ചിത്രത്തിനെ ഒരു സംവിധായക ചിത്രമായി identify ചെയ്തത് എന്നിലെ സിനിമാസ്വാദകനെ ഒത്തിരിയേറെ സന്തോഷിപ്പിച്ചു.

ഫോട്ടോ കടപ്പാട് - http://ritumovie.com/

3 comments:

ഗന്ധർവൻ 2009, സെപ്റ്റംബർ 21 2:25:00 PM IST  

അടുത്ത കാലത്ത് ഞാൻ കണ്ടതിൽ എന്നെ ഏറ്റവുമധികം പിടിച്ച്കുലുക്കിയ ചിത്രമായിരുന്നു ഋതു.തീയേറ്ററിൽ നിന്ന് ഇറങ്ങി വീട്ടിലേക്കുള്ള ബസ്‌യാത്രക്കിടയിൽ അതിലെ ഓരോ രം‌ഗങ്ങളും എന്നെ വല്ലാതെ അലോസരപ്പെടുത്തി.ഇടവേളക്ക് തൊട്ട് മുൻപ് ശരത്ത് നമ്മളിലേക്കു നോക്കുന്ന ഒരു നോട്ടമുണ്ട്.ഇടവേള എന്ന് എഴുതികാട്ടിയിട്ടും സീറ്റിൽ നിന്നനങ്ങാൻ വയ്യാതെ ഞാൻ ഇരുന്നു പോയി.ഞാൻ ഐ‌ടി രം‌ഗത്തെ ഒരു പ്രൊഫഷണലൊന്നുമല്ല.പക്ഷെ ആ രം‌ഗത്തേക്ക് എത്താൻ കുറെ നാളായി പരിശ്രമിക്കുന്നു.പക്ഷെ ഋതു കണ്ടപ്പോൾ ഞാൻ അറിയാതെ ചിന്തിച്ചുപോയി ഞാൻ യഥാർത്ഥത്തിൽ ഇത് ആഗ്രഹിക്കുന്നുണ്ടോ?

ഋതുവിലൂടെ ഒരു നല്ല അനുഭവം നൽകിയ ശ്യാമപ്രസാദിനും ജൊഷ്വാ ന്യൂട്ടനും എന്റെ അഭിനന്ദനങ്ങൾ.

poornima,  2009, ഒക്‌ടോബർ 5 3:37:00 PM IST  

Hi,
As you have correctly written , 'ritu' was an experience altogether and we will find a lot of people around us like that.

When I watched the movie, I also felt whether people from other field will stamp us(I mean IT) with that culture they showed in the movie. I still remember the shock i saw on the face of the people when they walked out of the theatre ( that too in bangalore). But whatever they have shown in the movie is something which you will see in every other field too.

Your review is really good. There were so many moments in the movie from which you cant get out so easily.

A nice blog and review

Regards

Pyari 2010, ഏപ്രിൽ 27 11:14:00 PM IST  

ഋതു കണ്ടത് ഈയിടെ ആണ്. ഒരു പാട് കാലം കാത്തിരുന്നാണ് കണ്ടത്. അതിനു ശേഷം ee post ഒന്ന് കൂടെ eduthu വായിക്കുകയായിരുന്നു .
നിന്റെ റിവ്യൂ നന്നായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP