നഗരത്തില്‍

>> 2009, നവംബർ 18

അവന്റെ മുഴുവന്‍ പേര് ഉമാശങ്കര്‍ കുമാര്‍ എന്നായിരുന്നു. ശങ്കര്‍ എന്ന് അവന്റെ മുതലാളി വിളിക്കുന്നത് കേട്ട് ഞാനും അങ്ങനെയാണ് വിളിച്ചിരുന്നത്. മെലിഞ്ഞ ശരീരം. ഇരുനിറത്തിലുള്ള മുഖത്ത് നിറയെ വസൂരിക്കല പോലുള്ള കറുത്ത പാടുകള്‍.എങ്കിലും കണ്ണുകള്‍ തിളങ്ങി നിന്നു. എനിക്കവനുമായുള്ള പരിചയം തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളമാകുന്നു. അത് തുടങ്ങിയതും വളര്‍ന്നതുമെല്ലാം അവന്‍ പണിയെടുത്തിരുന്ന ബാര്‍ബര്‍ ഷാപ്പിലാണ് - മജെസ്റ്റിക്ക് ഹെയര്‍ കട്ടിംഗ് ഷോപ്പ്. ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്ട്മന്റ് കോപ്ളക്സിന്റെ അടുത്തുള്ള ജങ്ങ്ഷനിലാണ് കട. പതിനേഴാം നിലയിലെ എന്റെ വീടിന്റെ മട്ടുപാവിലിരുന്നാല്‍ ആ കടയ്ക്ക് മുന്നിലെ തിരക്കും ബഹളവുമെല്ലാം കുറേ കടുകുമണികള്‍ പോലെ കാണാം. കടുകുമണികളുടെ എണ്ണം കുറയുന്ന ചില സായം സന്ധ്യകളിലായിരുന്നു ഞാന്‍ ക്ഷൌരത്തിനായി ആ കടയിലേക്കിറങ്ങിയിരുന്നത്.

ആ ബാര്‍ബര്‍ ഷാപ്പ് ഒരിടത്തരം കട മാത്രമായിരുന്നു. മഹാനഗരത്തിന്റെ സമ്പുഷ്ടിയും അത്യാഗ്രഹവും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ചെറിയ കട. കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുതി വെളിച്ചങ്ങളുടെയും കണ്ണാടിച്ചില്ലുകളുടെയും ധാരാളിത്തമില്ലാത്ത ഒരു നല്ല "നായീ കീ ദൂക്കാന്‍"* . എന്റെയീ പ്രായത്തിലും പദവിയിലും ഇതിലും മുന്തിയ സലൂണുകളില്‍ പോകാനുള്ള കഴിവില്ലാഞ്ഞിട്ടല്ല. അവിടെ ചെന്നിരിക്കുമ്പോഴൊക്കെ നാട്ടില്‍ ബാല്യകാലത്ത് അപ്പുണ്ണിയേട്ടന്റെ ബാര്‍ബര്‍ ഷാപ്പാണ് ഓര്‍മ്മ വരിക. അതേ വെളിച്ചവും കണ്ണാടിയും കത്രികകളും. ഗൃഹാതുരതയുടെ തള്ളിച്ചയിലാണല്ലോ നമ്മെളെല്ലാവരും ജീവിക്കുന്നത്. അതും എന്നെ പോലെ ജോലിയില്‍ നിന്നും വിരമിച്ചു ശിഷ്ടകാലം പുസ്തകങ്ങള്‍ വായിച്ച് ഏകനായി ജീവിതം തള്ളിനീക്കുമ്പോള്‍ വേറെ എന്തോര്‍ക്കാന്‍.

ശങ്കറിന്റെയും എന്റെയും സൌഹൃദം വളര്‍ന്നത് റാഫിയിലൂടെയായിരുന്നു. ഉത്തരേന്ത്യയിലെ ഏതോ കുഗ്രാമത്തില്‍ ജനിച്ച അവനും കേരളത്തിലെ ഒരു മലയോരമേഖലയില്‍ വളര്‍ന്ന ഞാനും ഈ നഗരത്തില്‍ വച്ച് കണ്ടുമുട്ടുകയും എനിക്കറിയാവുന്ന മുറി ഹിന്ദിയില്‍ ഞാനും ഭോജ്പൂരി കലര്‍ന്ന ഹിന്ദിയില്‍ അവനും സംസാരിക്കുകയും ചെയ്തു. അതിനു നിമിത്തമായതോ അനശ്വരഗായകന്‍ മുഹമ്മദ് റാഫിയും. മുടിവെട്ടുമ്പോള്‍ അവന്‍ പാടുന്ന മൂളിപ്പാട്ടില്‍ നിന്ന് ഞാന്‍ തന്നെയാണ് ഒരിക്കല്‍ സംഭാഷണം ആരംഭിച്ചത്. എന്റെ ആദ്യത്തെ രണ്ട് മൂന്ന് ചോദ്യങ്ങള്‍ അവന് മനസ്സിലായതേയില്ല. ഒടുവില്‍ അവന്‍ മൂളിയ പാട്ടിന്റെ ആദ്യത്തെ രണ്ട് വരികള്‍ ഞാന്‍ പാടിയപ്പോളാണ് അവന് ഞാന്‍ പറയാനുദ്ദേശിച്ചത് അവന്റെ മൂളിപാട്ടിനെ പറ്റിയാണെന്ന് മനസ്സിലാകുന്നത്. അവിടുന്നങ്ങോട്ട് ഞങ്ങളുടെ സൌഹൃദം വളര്‍ന്നു, പഴയ മഗധരാജ്യത്തിന്റെ ഭംഗിയെ പറ്റി അവന്‍ വര്‍ണിച്ചപ്പോള്‍ ഞാന്‍ ഹൈറേഞ്ചില്‍ പെയ്യുന്ന മഴയെ പറ്റി അവന് വിശദീകരിച്ചു കൊടുത്തു. റാഫി, കിഷോര്‍, മന്നാഡേ, ലതാ മങ്കേഷ്ക്കര്‍, യേശുദാസ് തുടങ്ങിയവരുടെ പാട്ടുകള്‍ അനേകം വട്ടം മൂളിപ്പാടി. അതിനിടയില്‍ ഭാഷ ഒരിക്കലും ഒരു തടസ്സമായില്ല.

മഴയുള്ള ഒരു പ്രഭാതത്തില്‍ പാലു കൊണ്ടുവരാറുള്ള ചെറുപ്പക്കാരനാണ് ജങ്ങ്ഷനില്‍ കിടക്കുന്ന ജഡത്തെ പറ്റി പറഞ്ഞത്. ആരുടേതാണെന്നവനറിയില്ലെങ്കിലും തലയും ശരീരവും വേര്‍പ്പെട്ടാണ് അത് കിടക്കുന്നതെന്നവന്‍ പറഞ്ഞു. കണ്ടിട്ട് നേരെ വരികയാണത്രേ. തലേന്നു രാത്രി നടന്ന എതോ കള്ളുകുടി സഭയ്ക്ക് ശേഷം നടന്ന വാക്കേറ്റത്തില്‍ സംഭവിച്ചതായിരിക്കുമെന്നും പറഞ്ഞവന്‍ യാത്രയായി. ഈ 58 വയസ്സിന്റെ ജീവിതകാലത്തില്‍ അനേകം മരണങ്ങളും ജഡങ്ങളും മുന്നിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ഉടലും തലയും വേര്‍പ്പെട്ട ഒരു ശവശരീരം ഇതു വരെ കണ്ടിരുന്നില്ല. ആ ഒരു കൌതുകത്തിന്റെ ആവേശത്തിലാണ് അതു കാണാന്‍ ഇറങ്ങി പുറപ്പെട്ടത്.

ഒന്നേ നോക്കിയുള്ളൂ. റോഡിനോട് ചേര്‍ന്ന് കിടന്ന നടപ്പാതയില്‍ കുറുകെ കിടക്കുന്നു, കഴുത്തിന്റെയറ്റത്ത് നിന്നും ചോരയുറ്റി തീര്‍ന്നിട്ടില്ലാത്ത കബന്ധം. വേഷങ്ങളിലും കൈകാലുകളിലും ചെളി പുരണ്ട് കിടക്കുന്നു. മഴയില്‍ നനഞ്ഞു കുതിര്‍ന്ന പച്ച മണ്ണിന്റെ, ചോരക്കറയേറ്റ ചെളി. തൊട്ടപ്പുറത്ത് കിടക്കുന്ന തല കണ്ടപ്പോഴാണ് സകല നാഡികളും തളര്‍ന്ന് പോയത്. ശങ്കറിന്റെ ചൈതന്യയമറ്റ മുഖം മഴ പെയ്തു നനഞ്ഞ ചോരക്കറകളാല്‍ മൂടിയിരിക്കുന്നു. ചെവില്‍ നിന്ന് ചോരയൂറിയൊലിച്ചിരിക്കുന്നു. ചുറ്റും ഈച്ചകള്‍ പാറി നടപ്പുണ്ട്. കണ്ണുകള്‍ തുറിച്ചുന്തിയിരുന്നെങ്കിലും അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു. കൊലപാതകമായത് കാരണമാകാം ആരും അവ ഒന്നു അടച്ചുവയ്ക്കാന്‍ പോലും ധൈര്യപ്പെട്ടില്ല. തളര്‍ന്ന് വീഴാതിരിക്കാന്‍ ഞാന്‍ അടുത്ത് നിന്ന ആരുടേയോ കൈകളില്‍ പിടിച്ചു. അകലെ നിന്ന് കേട്ട പോലിസ് ജീപ്പിന്റെ സൈറണ്‍ അടുത്തു വന്നപ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് എന്നെ താങ്ങി പിടിച്ച് റോഡിന്റെ മറ്റേയറ്റത്തുള്ള ഒരു കടയിലെ കസേരയില്‍ കൊണ്ടിരുത്തി.

ശങ്കറിന്റെ അവസാനമായി ജീവനോടെ കണ്ടത് ഒരാഴ്ച മുന്നേ ആയിരിക്കണം. വളര്‍ന്നു വന്ന കുറ്റിതാടി വടിക്കുന്നതിനു വേണ്ടിയാണ് ഞാന്‍ അന്ന് ആ കടയില്‍ പോയത്. നേരിയ ഒരു തളര്‍ച്ച അവന്റെ മുഖത്തുണ്ടായിരുന്നു. എന്തു പറ്റിയെന്നു ചോദിച്ചപ്പോള്‍ അവന്‍ ഒന്നുമില്ല എന്ന് തലയാട്ടി. അന്ന് പക്ഷേ അവന്റെ സ്ഥിരം മൂളിപ്പാട്ടുകള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്താണ് പാടാത്തത് എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു സുഖമില്ല എന്ന്. അതൊരു നുണയാണെന്ന് ഞാന്‍ പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണു നിറഞ്ഞിരുന്നു. താടി വടിച്ചു കൊണ്ടിരുന്ന അവന്റെ കൈയ്യില്‍ കയറി പിടിച്ച് ഞാന്‍ ഒരു ജേഷ്ഠന്റെ അധികാരത്തോടെ ചോദിച്ചു -

"എന്താ കാര്യം? എന്താണെങ്കിലും പറയൂ."
"സാര്‍.. എന്നെ .. ഒരു പക്ഷേ സാറിനി കാണില്ല" - അവന്‍ പറഞ്ഞു.
"അതെന്താ, നീ തിരിച്ചു പോവുകയാണോ?" - ഞാന്‍ ചോദിച്ചു
"അല്ല"
"പിന്നെ?"
"ഒന്നുമില്ല സാര്‍, ഈ നഗരത്തില്‍ ആരും ആരേയും സ്നേഹിക്കാന്‍ പാടില്ല സാര്‍. പ്രത്യേകിച്ച് എന്നെ പോലെ ഒരു താഴ്ന്ന ജാതിക്കാരനായ ഉത്തരേന്ത്യക്കാരന്‍. സാറിനോട് തന്നെ ഇത്ര അടുക്കാന്‍ പാടില്ലായിരുന്നു" - പെട്ടെന്നാണവന്‍ പുലമ്പിയത്.

എനിക്കൊന്നും മനസ്സിലായില്ല. പിന്നെ സംസാരിച്ചത് അവന്റെ മുതലാളിയാണ്. അയാളാണ് ആ കഥ പറഞ്ഞത്. ഉമാശങ്കറിന്റെ പ്രണയത്തിന്റെ കഥ. ശങ്കര്‍ ആ ബാര്‍ബര്‍ ഷാപ്പിന് രണ്ട് പീടികയ്ക്കപ്പുറത്തുള്ള ഒരു പലചരക്ക് കടയിലെ സ്ത്രീയുമായി പ്രണയത്തിലാണെന്നും, അവള്‍ ഒരു വിധവയാണെന്നും, അവള്‍ക്ക് പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടെന്നും, അവളുടെ സഹോദരനും വീട്ടുകാര്‍ക്കും ഈ ബന്ധം ഇഷ്ടമില്ലെന്നും ഒക്കെ അയാള്‍ വളരെ ചുരുക്കിയെനിക്ക് പറഞ്ഞ് തന്നു. ആ സഹോദരന്‍ ആളൊരു ലോക്കല്‍ റൌഡിയാണെന്നും, അയാളാണ് രണ്ടാഴ്ച മുന്‍പ് ഞാന്‍ മുടി വെട്ടാനായി ചെന്നപ്പോള്‍ അവിടെ വന്നു ബഹളമുണ്ടാക്കുകയും ശങ്കറിനെ കൊല്ലുമെന്ന് ഭീഷണിപ്പേടുത്തുകയും ചെയ്തതെന്ന് കൂടി മുതലാളി പറഞ്ഞ് തന്നു.

രണ്ടാഴ്ച മുന്നത്തെ ആ സംഭവത്തില്‍ ശങ്കറിന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി പിടിച്ച് ഒരുത്തന്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടതാണ്. എന്താണ് കാര്യം എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ശങ്കര്‍ പറഞ്ഞു.

"അയാള്‍ ഈ നഗരത്തില്‍, ഈ സംസ്ഥാനത്തിനു പുറത്ത് നിന്നുള്ള ആളുകളെ പണിയെടുത്ത് ജീവിക്കാന്‍ അനുവദിക്കുകയില്ലത്രേ. അവന്റെ ഈ സംസ്ഥാനത്ത് ഇവിടുത്തെ ആളുകള്‍ മാത്രം പണിയെടുത്താല്‍ മതിയെന്ന്"
"അപ്പോള്‍ ഞാനോ? ഞാനും ഒരു അന്യദേശക്കാരനല്ലെ?" - ഞാന്‍ അവന് ധൈര്യമേകാന്‍ വേണ്ടി പറഞ്ഞു.
"നിങ്ങള്‍ക്കൊന്നും കുഴപ്പമില്ല സാര്‍. ഞങ്ങളല്ലേ സാധാരണക്കാര്‍, തെരുവില്‍ കഴിയുന്നവര്‍. ഇവരെയൊക്കെ സഹിക്കേണ്ടവര്‍. നിങ്ങളൊക്കെ അങ്ങുയരത്തിലല്ലേ സാര്‍. അവനൊന്നും തൊടാന്‍ പറ്റാത്തയത്ര ഉയരത്തില്‍." - അവന്റെ മറുപടിയെന്നെ ഒത്തിരി വേദനിപ്പിച്ചുവെങ്കിലും ഒന്നും പുറമേ കാണിക്കാതെ ഞാന്‍ വീണ്ടും ചോദിച്ചു.
"നിങ്ങള്‍ക്ക് പോലീസില്‍ പറയരുതോ?"
"ഹാ!! പോലീസ്സ്!! എല്ലാവരും ഒറ്റക്കെട്ടാണ് സാര്‍. ഈ പാവം ഉത്തരേന്ത്യക്കാരന് ആരുണ്ട്. ആരുമുണ്ടാവില്ല സാര്‍. ഈ സാര്‍ പോലും ചിലപ്പോള്‍ എന്നെ ഒരു പക്ഷേ തിരിഞ്ഞു നോക്കില്ല." അവന്റെ തൊണ്ടയിടറി.
അന്നു ആ സംഭാഷണം അധികമൊന്നും നീണ്ട് പോയില്ല. കടയിലെ തിരക്ക് കാരണം പെട്ടെന്ന് തന്നെ മുടിവെട്ടിത്തന്ന് എന്നെ അവന്‍ ഒഴിവാക്കി.

മുതലാളി പറഞ്ഞ ശങ്കറിന്റെ പ്രണയകഥ കേട്ട് അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി വാക്കുകള്‍ക്ക് പരതുമ്പോഴാണ് അവന്‍ ചോദിച്ചത്.
"പറയൂ സാര്‍. സാര്‍ ഒത്തിരി പഠിച്ച ആളല്ലേ. ഒരാളെ സ്നേഹിക്കുന്നത് കുറ്റമാണോ? അവളെ എനിക്കിഷ്ടമാണ് സാര്‍. അവളോടുള്ള സഹതാപം കൊണ്ടോ, അവളുടെ കഷ്ടപ്പാട് കണ്ടിട്ടോ ഒന്നുമല്ല സാര്‍. ഇഷ്ടമാണവളെ എനിക്ക്. അതു കൊണ്ട് മാത്രമാണ് സാര്‍. ആ കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്താന്‍ ഞാന്‍ തയ്യാറാണ് സാര്‍. പക്ഷെ അവന്‍.. അവന് ഉത്തരേന്ത്യക്കാരെ കണ്ട്കൂടാ. പ്രത്യേകിച്ചും എന്നെ പോലുള്ള പാവങ്ങളെ. പറയൂ സാര്‍. ഞാന്‍ ചെയ്തത് തെറ്റാണോ? പറയൂ.. "

കോളേജില്‍ പഠിക്കുമ്പോള്‍ ഇഷ്ടപ്പെട്ടവനായ അന്യമതസ്ഥന്റെ കൂടെ വീട് വിട്ടിറങ്ങിയ ചേച്ചിയെ വെറുത്തു തുടങ്ങി, അത് തറവാടിനുണ്ടാക്കിയ നാണക്കേടില്‍ മനസ്സ് പുകഞ്ഞ്, പ്രണയത്തോടും പ്രണയിക്കുന്നവരോടും വെറുപ്പായി, അവിവാഹിതനായി കഴിയുന്ന ഞാന്‍ അവനോട് എന്ത് പറയാന്‍. പറയാന്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല മനസ്സില്‍. അവന്റെ തോളില്‍ ഒന്നു കൈ വച്ച്, നിറഞ്ഞ് തുടങ്ങിയ ആ കണ്ണുകള്‍ക്ക് മുഖം കൊടുക്കാതെ പൈസയും കൊടുത്ത് നിസ്സംഗനായി ഇറങ്ങി നടന്നതേയുള്ളൂ അന്ന് ഞാന്‍.

പിന്നെ മഴയില്‍ കുതിര്‍ന്ന ചേതനയറ്റ ആ മുഖമാണ് കാണുന്നത്. കസേരയില്‍ തളര്‍ന്ന് ഞാന്‍ ഇരിക്കുകയാണ്. അകലെ മഹസ്സര്‍ തയ്യറാക്കുന്ന പോലീസുകാര്‍. ഇന്‍സ്പെക്ടറെന്ന് തോന്നുന്ന ഒരാള്‍ മുതലാളിയെ ചോദ്യം ചെയ്യുന്നു. ഇടയ്ക്കൊക്കെ ആരൊക്കെയോ എന്നെ നോക്കുന്നുണ്ട്. അവന്റെ മുതലാളി കഴിഞ്ഞ ആഴ്ചകളില്‍ നടന്ന സംഭവങ്ങള്‍ ഒന്നും തന്നെ ആ ഇന്‍സ്പെക്ടറോട് പറഞ്ഞിട്ടുണ്ടാവാന്‍ സാധ്യതയില്ല. നഗരത്തിന്റെ നിസ്സംഗത പതുക്കെ എന്നെ ചൂഴ്ന്നു തുടങ്ങിയപ്പോള്‍ ഞാന്‍ വീട്ടിലേക്ക് നടന്നു. മനസ്സില്‍ ശങ്കറിന്റെ വാക്കുകള്‍ മാത്രം - " ഈ പാവത്തിനു ആരുണ്ട് സാര്‍. ആരുമുണ്ടാവില്ല സാര്‍. ഈ സാര്‍ പോലും ചിലപ്പോള്‍ തിരിഞ്ഞു നോക്കില്ല."

വീട്ടിലെത്തിയ ഞാന്‍ അന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നു ആര്‍ത്തലച്ച് പൊട്ടിക്കരഞ്ഞു. അപ്പോഴും അത് പുറത്താരും കേള്‍ക്കാതിരിക്കാനായി ഒരു തലയിണ ഞാന്‍ വായോട് ചേര്‍ത്ത് വച്ചിരുന്നു.

* നായീ എന്നാല്‍ ബാര്‍ബര്‍ എന്ന് ഹിന്ദിയില്‍



പ്രബോധിനി വായനശാലയുടെ ഈ വര്‍ഷത്തെ വാര്‍ഷികപ്രസിദ്ധീകരണമായ വൈഖരിക്ക് വേണ്ടി എഴുതിയ കഥ. ആദ്യമായാണ് ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ ഒരു കഥയെഴുതുന്നത്. എന്റെ പേര് നിര്‍ദ്ദേശിച്ച ജോജുവിനും, എഴുതാന്‍ ക്ഷണിച്ച പ്രബോധിനിയുടെ സംഘാടകയായ ജിന്‍സിക്കും നന്ദി.

4 comments:

yetanother.softwarejunk 2009, നവംബർ 18 11:39:00 AM IST  

കടുകുമണികള്‍!! ഗുഡ്.

totally..very touching.

sandeep 2009, നവംബർ 20 12:58:00 AM IST  

touching story dhanush and gr8 narration

Pyari 2009, ഡിസംബർ 3 12:39:00 AM IST  

ഇഷ്ടപ്പെട്ടു. നല്ല ഒഴുക്ക്. മലയാളം നിനക്ക് കൈ വിട്ടു പോയിട്ടില്ലാന്നു മനസ്സിലാക്കിയ അസൂയയോടെയാണ് വായിച്ചത്. :)

നിന്റെ ഫോട്ടോ ബ്ലോഗിനും ഈ കഥക്കും ഒരേ ടൈറ്റില്‍ കൊടുത്തു രക്ഷപ്പെട്ടുവല്ലേ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP