വായനയുടെ വര്‍ഷം

>> 2009, ഡിസംബർ 23

ഓരോ വായനയും ഓരൊ അനുഭവമാണെന്നുള്ളത് എവിടെയോ കേട്ട ഒരു വാചകമാണ്. ആളുകള്‍ ഈ വര്‍ഷാവസാനത്തില്‍ തങ്ങളുടെ ചെയ്തികളെയും വളര്‍ച്ചയേയും മുന്‍‌നിര്‍ത്തി അടുത്ത വര്‍ഷത്തേക്കുള്ള തീരുമാനങ്ങള്‍ എടുക്കുന്ന ഈ സമയത്ത് ഞാന്‍ എന്തിനാണ് വായനയെ കുറിച്ച് വാചാലനാകുന്നത്? അതിനുള്ള ഉത്തരമെന്തെന്നാല്‍ അടുത്ത വര്‍ഷവും ഞാന്‍ തീര്‍ച്ചയായും ചെയ്യാന്‍ തീരുമാനിച്ച ഒന്ന് എന്റെ വായനയാണ്. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനായിരിക്കും എന്റെ അടുത്ത വര്‍ഷത്തേയും അറിഞ്ഞോ അറിയാതെയോ ഉള്ള റെസല്യൂഷന്‍.

അലക്സിസ്, അദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റില്‍, വായനയ്ക്കുള്ള സമയം എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം പറയുന്നത് വായിക്കാന്‍ അമിതമായ താല്പര്യമുള്ള ഒരാള്‍ എങ്ങിനെയെങ്കിലും അതിന് സമയം കണ്ടെത്തുമെന്നാണ്. അത്തരക്കാര്‍ക്ക് വായന ഭക്ഷണം കഴിക്കുന്നത് പോലെയാണെന്നും കഴിക്കാന്‍ കഴിഞ്ഞിലെങ്കില്‍ അവര്‍ക്ക് വിശക്കുമെന്നു അദ്ദേഹം പറയുന്നു. വളരെ ശരിയാണത്. അത്തരത്തില്‍ പെട്ടൊരുവനാകും ഞാനും. ഇന്ന് ഒരു ദിവസം എന്തെങ്കിലുമൊക്കെ വായിച്ചിലെങ്കില്‍ വല്ലാത്തൊരു മാനസികാവസ്ഥയിലാകാറുണ്ട് ഞാന്‍. ഒരു തരം addicted ആയ അവസ്ഥ. അത് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആണ് കൂടിയത്, കാരണം ഈ വര്‍ഷമാണ് ഞാന്‍ ഒറ്റയ്ക്ക് താമസം തുടങ്ങിയത്. അപ്പോള്‍ ഒത്തിരി സമയമുണ്ട് എന്റെ കൈയ്യില്‍, വായിക്കാനോ ഒരു അലമാരി നിറച്ച് പുസ്തകങ്ങള്‍. ചില വീക്കെന്റുകളില്‍ ടി.വി. പോലും വയ്ക്കാതെ ഞാന്‍ വായിച്ചിട്ടുണ്ട്. കക്കൂസിലും ലിഫ്റ്റിലും വച്ച് വായിച്ചിട്ടുണ്ട്. ഓഫീസിലെ സിസ്റ്റം ക്രാഷ് ആയി റീബൂട്ട് ചെയ്യുമ്പോള്‍ ഒരു എം.ടി തിരക്കഥയിലെ 3-4 സീന്‍ വായിച്ചു തീര്‍ത്തിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വായനയുടെ വര്‍ഷമാണിത്. ഏകാന്ത വായനയുടെ ഒരു വര്‍ഷം. ഈ പോസ്റ്റ് എന്റെ വായനയെ കുറിച്ചല്ല മറിച്ച് ഞാന്‍ വായിച്ച മലയാളത്തിലെ ചില നല്ല പുസ്തകങ്ങളെ കുറിച്ചാണ്. എന്റെ ഈ ലിസ്റ്റ് നിങ്ങള്‍ക്കും സഹായകരമാവട്ടെ.


കോഫീഹൌസിന്റെ കഥ ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്ന് നമ്മള്‍ കുടിക്കാറുള്ള കാപ്പി പോലെ മധുരവും സ്വാദേറിയതുമായ ഒരു രചനയാണ്. ഈ പുസ്തകം കോഫീഹൌസിന്റെ ജീവചരിത്രമാണ്. കുത്തക സ്ഥാപനങ്ങള്‍ക്കിടയില്‍ എങ്ങനെ തൊഴിലാളികളാല്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു സ്ഥാപനം ഉയര്‍ന്നു വന്നു എന്ന് അതിന്റെ ആദ്യകാല നേതാക്കളിലൊരാളായ നടയ്ക്കല്‍ പരമേശ്വരന്‍ പിള്ള നമ്മുക്ക് കാണിച്ച് തരുന്നു. അടുത്ത തവണ നിങ്ങള്‍ കോഫീ ഹൌസില്‍ കയറി കാപ്പി കുടിക്കുമ്പോല്‍ ഓര്‍ക്കുക സുഹൃത്തേ ആ കാപ്പി കൊണ്ട് തരുന്നയാള്‍ പോലും ആ സ്ഥാപനത്തിന്റെ മുതലാളിയാണ്. ചരിത്രത്തില്‍ താല്പര്യമുള്ള ആര്‍ക്കും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.


ഞാന്‍ വായിച്ച മറ്റൊരു ജീവചരിത്ര ഗ്രന്ഥം സഖാവ് ആണ്. ടി.വി.കൃഷ്ണന്‍ എഴുതിയ സഖാവ് പി. കൃഷ്ണപ്പിള്ളയുടെ ജീവചരിത്രമാണത്. ഈയെമ്മെസ്സിനും ഏ കെ ജിക്കും മുന്‍പേ കേരള രാഷ്ട്രീയചരിത്രത്തില്‍ നടന്നു മറഞ്ഞ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റാണ് സഖാവ്. അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു സഖാവേയുള്ളൂ, അത് സഖാവ് പി കൃഷ്ണപ്പിള്ളയാണ്. അദ്ദേഹത്തിന്റെ സംഘാടന പാടവവും നിസ്വാര്‍ത്ഥ മനോഭാവവും ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ഒന്ന് പഠിച്ചെടുക്കേണ്ടത് തന്നെയാണ്. അതില്‍ വിഷയമാക്കിയിരിക്കുന്ന മറ്റൊന്ന്‍ അത്രയ്ക്കൊന്നും കേട്ടറിഞ്ഞിട്ടില്ലാത്ത അദ്ദേഹത്തിന്റെ പ്രണയവും വിവാ‍ഹവുമാണ്. ജയിലിലായിരിക്കുമ്പോള്‍ അദ്ദേഹം ഹിന്ദിയിലെഴുതിയ രഹസ്യരേഖകള്‍, തിരുവിതാകൂര്‍ ദിവാന്റെ രഹസ്യപോലീസിനെ പേടിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു കൊടുത്ത തങ്കമ്മയെയാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. തന്നോടൊപ്പമുള്ള ജീവിതം വിഷമകരവും, വ്യത്യസ്തവുമായിരിക്കുമെന്ന് പറഞ്ഞ് ഒരാണും ഒരു പെണ്ണിനെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചാനയിച്ചിട്ടുണ്ടാവില്ല. എന്നാല്‍ സഖാവ് അങ്ങനെയാണ് ചെയ്തത്. പാര്‍ട്ടിക്ക് ശേഷം മാത്രമായിരുന്നു സഖാവിന് എന്തും.

നോവലുകളില്‍ ഞാന്‍ വായിച്ചത് ഉറൂബിന്റെ സുന്ദരികളും സുന്ദരിമാരും, പൊറ്റെക്കാടിന്റെ വിഷകന്യക, കൊച്ചുബാവയുടെ വൃദ്ധസദനം, കെ. പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയാണ്. പിന്നെ ഒരു പുനര്‍വായനയായി എം.ടി യുടെ കാലം.


സുന്ദരികളും സുന്ദരിമാരും ഒരു ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമാണ്. ഖസാക്കിനും, ആള്‍ക്കൂട്ടത്തിനും, രണ്ടാമൂഴത്തിനുമൊപ്പമാണ് അതിന്റെ സ്ഥാനം. ഒരു പക്ഷേ ഒരു കാലഘട്ടത്തിന്റെ കഥ ഇത്ര ഭംഗിയായി അനാവരണം ചെയ്യുന്ന കൃതി മലയാളത്തില്‍ വേറെ ഉണ്ടോ എന്ന് എനിക്കറിയില്ല. മാപ്പിള ലഹള മുതല്‍ സ്വാതന്ത്ര്യാനന്തര കാലം വരെ ഒരു ഗ്രാമത്തിന്റെയും ഒരു പറ്റം ജനതയുടെയും കഥ പറയുന്നു ഉറൂബ് ഇതില്‍. ഏതര്‍ത്ഥത്തില്‍ മലയാള സാഹിത്യത്തിലെ ഒരു must read.

വിഷകന്യക
യിലൂടെ എസ്. കെ. പൊറ്റക്കാട് കാട് വെട്ടി തെളിച്ച് പൊന്നു വിളയിച്ച ഒരു ധീര ജനതയുടെ കഥ പറയുന്നു. അവര്‍ തിരുവിതാകൂര്‍ വിട്ടു മലബാറിലേക്ക് വന്നവരാണ്. ആ തരിശുഭൂമിയെ സസ്യ ശ്യാമളമാക്കാന്‍ വന്ന മനുഷ്യരെ പക്ഷേ ഭൂമി അത്ര പെട്ടന്ന് അടുപ്പിക്കുന്നില്ല. പ്രതികൂല കാലാവസ്ഥയിലും പ്രകൃതിയിലും രോഗാതുരരായി അവര്‍ ഭൂമിയോട് പോരാടികൊണ്ടിരിക്കുന്നു. ആ മനുഷ്യരുടെയും ഭൂമിയുടെയും കഥയാണ് വിഷകന്യക.

മരണത്തിന് കീഴടങ്ങും മുമ്പ് കൊച്ചുബാവ എഴുതിയ ഏറ്റവും മികച്ച സൃഷ്ടിയാണ് വൃദ്ധസദനം. രണ്ടാം ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി വൃദ്ധസദനത്തിലെത്തുന്ന സിറിയക് ആന്റണി എന്ന അന്‍പത്തിയഞ്ചുകാരന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. ആ വൃദ്ധസദനത്തില്‍ നടക്കുന്ന കാര്യങ്ങളും സിറിയക്കില്‍ അത് ഉണ്ടാകുന്ന പ്രയാസങ്ങളും ദുഖങ്ങളും ആണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. പല സ്ഥലത്തും നമ്മളെ കണ്ണീരണിയിക്കുന്നു വൃദ്ധസദനം.

സൂഫി പറഞ്ഞ കഥ
ഒരു മിത്തിനെ ആധാരമാക്കിയുള്ള നോവലാണ്. പൊന്നാന്നി കടപ്പുറത്ത് വന്ന ജാറത്തിലെ ബീവി ഒരു ഹിന്ദു വീട്ടിലെ പെണ്‍കുട്ടിയാണെന്നുള്ള മിത്തില്‍ നിന്നാണ് ഈ കഥയൊരുങ്ങുന്നത്. കാര്‍ത്തിയെന്ന പെണ്‍കുട്ടിയുടെ കഥ അങ്ങനെയാണ് രാമനുണ്ണി അഴിച്ചു വിടുന്നത്. അവള്‍ ഭഗവതിയുടെ ഒരു അവതാരമാണോ എന്നു അവളുടെ കാരണവരായ ശങ്കു മേനോന്‍ ഭയക്കുന്നുണ്ട്. അങ്ങനെയിരിക്കെയാണ് പീത്താന്‍ മാമൂട്ടി കച്ചവടത്തിനായി ശങ്കുമേനോന്റെ അടുത്ത് എത്തുന്നത്. കാര്‍ത്തി അയാളില്‍ ആകൃഷ്ടയാവുകയും പിന്നീട് അയാളോടൊപ്പം ഇറങ്ങിപ്പോവുകയും ചെയ്യുന്നു. കലിമ ചൊല്ലി ഇസ്ലാമായ കാര്‍ത്തിക്ക് എല്ലാ ആഗ്രഹങ്ങളും മാമൂട്ടി നിറവേറ്റി കൊടുക്കുന്നു. ഭഗവതിയുടെ ഒരമ്പലം വേണമെന്നുള്ള ആഗ്രഹം വരെ. അവിടെ നിന്നാണ് സംഭവങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാവുന്നത്. സൂഫി പറഞ്ഞ കഥ രാമനുണ്ണിയുടെ ആദ്യ നോവലാണ്. ഈ നോവലാണ് പ്രിയനന്ദന്റെ അടുത്ത സിനിമ.

കഥകളുടെ ഒരു കൂമ്പാരം തന്നെ ഈ വര്‍ഷം വായിച്ചു തീര്‍ന്നിരിക്കണം. ഒ. വി. വിജയന്‍, അക്ക്ബര്‍ കക്കട്ടില്‍, മാധവിക്കുട്ടി, ലളിതാംബിക അന്തര്‍ജനം, യു പി ജയരാജ്, എം. പി. നാരായണപ്പിള്ള, ഐതിഹ്യമാല. അങ്ങനെ ഒരുപാട് ഒരുപാട്. വിജയന്റെ പറയൂ ഫാദര്‍ ഗോണ്‍സാലസ്സും, നാരായണപ്പിള്ളയുടെ കള്ളനും ഒക്കെ മനസ്സിനെ ഇപ്പോഴും വേദനിപ്പിക്കുന്നു. ഐതിഹ്യമാല എനിക്ക് പഴയ മിത്തുകളെ തിരിച്ചു തരുന്നു. അക്ക്ബര്‍ കക്കട്ടിലിന്റെ എല്ലാ കഥകളും എന്റെ ഭാഷയുടെ മണമുള്ളതാണ്. അതിലെ വടകര ഭാഷ എന്നെ വീണ്ടും വീണ്ടും നാട്ടിലെ ഇടവഴിയില്‍ എത്തിക്കുന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന വൈശാഖന്റെ സൈലന്‍സര്‍ ആണ് ഹൃദയത്തില്‍ തട്ടിയ മറ്റൊരു കഥ. ഫ്ലാറ്റില്‍ ചെടികളെ വളര്‍ത്തിയ മനുഷ്യന്റെ കഥ പറഞ്ഞ് സുസ്മേഷ് ചന്ത്രോത്തും എന്നെ ഞെട്ടിച്ചു. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകള്‍ അവരുടെ മരണത്തിന് ശേഷം വീണ്ടും വായിച്ച് ആത്മസംതൃപ്തിയടഞ്ഞു. അത്രയും ലളിതമായ സ്മരണകള്‍ എനിക്കില്ലല്ലോ!

തിരക്കഥകളില്‍ എന്റെ പ്രിയപ്പെട്ട എം.ടി., പത്മരാജന്‍, പിന്നെ ഗുല്‍മോഹര്‍ എഴുതിയ ദീദി ദാമോദരന്‍ എന്നിവരെയായിരുന്നു വായിച്ചത്. എം.ടിയുടെ ഒരു വടക്കന്‍ വീരഗാഥയും, വാരിക്കുഴിയും, ഓപ്പോളും ഒരു പുതിയ അനുഭൂതി പകര്‍ന്നു തന്നു. ഒരു ചെറുപുഞ്ചിരി എന്ന പുസ്തകം ഒരു ചെറുകഥയില്‍ നിന്ന് എങ്ങനെ ഒരു നല്ല തിരക്കഥ ഉണ്ടാക്കാമെന്ന് പഠിപ്പിച്ചു തന്നു. ഗുല്‍മോഹര്‍ എന്ന തിരക്കഥയില്‍ നിന്നും ഒത്തിരി വ്യത്യസ്തമാണ് ഗുല്‍മോഹര്‍ എന്ന സിനിമ. ഒരു സംവിധായകന്‍ ഒരു തിരക്കഥാകൃത്തിനോട് ചേരുമ്പോളാണ് സിനിമ മികച്ചതാകുന്നത് എന്നത്തിന്റെ ഉത്തമ ഉദ്ദാഹരണമാണ് ഗുല്‍മോഹര്‍ എന്ന സിനിമയും തിരക്കഥയും. തിരക്കഥയില്‍ രഞ്ജിത്തിന്റെ ഇന്ദുചൂഢന്‍ പോലീസിനാല്‍ പിടിക്കപ്പെട്ട് ജയിലിലെത്തുമ്പോല്‍ സിദ്ദിഖിന്റെ ഹരികൃഷ്ണന്‍ (രണ്ടു പേരും നക്സലൈറ്റുകളാണ്) താനാണ് അവനെ ഒറ്റികൊടുത്തതെന്ന് പറയുന്നുണ്ട്. അതിന്റെ കാരണമോ, രണ്ടു പേരും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ഇന്ദുചൂഢനെയാണ് സ്നേഹിച്ചിരുന്നത് എന്നതാണ്. വളരെ ബാലിശമായ ഒരു സീനായിരുന്നു അത്. ഒരു പെണ്ണിനു വേണ്ടി തന്റെ സുഹൃത്തും കൂടപ്പിറപ്പെന്ന് കരുതുന്നതുമായ ഒരാളിനെ ഒറ്റുകൊടുക്കുകയെന്നത് ഒട്ടും യുക്തിക്ക് നിരക്കുന്നതല്ല, പ്രത്യേകിച്ചും ചെയ്യുന്നത് ഒരു നക്സലൈറ്റ് ആകുമ്പോള്‍. സിനിമയില്‍ അങ്ങനെയൊന്നില്ല. പകരം -“ഒത്തിരി പറയാന്‍ ബാക്കിയുണ്ട് നമുക്കിടയില്‍” എന്ന ഹരികൃഷ്ണന്റെ ഒരു വാചകം മാത്രമെ ഉള്ളൂ. അത് പ്രണയത്തെകുറിച്ചോ, രാഷ്ട്രീയത്തെ കുറിച്ചോ എന്തുമാകാം.

ഈ കൊല്ലത്തെ ആകെയുള്ള പുസ്തകവായനയല്ല ഇത്. കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. വാങ്ങിച്ചുകൂട്ടുന്ന പുസ്തകകൂട്ടങ്ങള്‍ വായിച്ചു തീര്‍ക്കാന്‍ ഞാന്‍ പ‍ാ‍ടുപെടുമ്പോള്‍ ഈ ക്രിസ്തുമസ് - പുതുവത്സര സമയത്ത് എനിക്കു അലെക്സിസ്സ് പറഞ്ഞത് പോലെ ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി കൊടുക്കുമ്പോള്‍ പുസ്തകങ്ങള്‍ വാങ്ങിച്ചു കൊടുക്കൂ. അവരില്‍ നല്ല വായനാശീലം വളര്‍ത്താന്‍ ശ്രമിക്കൂ. കാരണം ഓരോ വായനയിലും നിങ്ങള്‍ കാണുന്നത് ഓരോ ലോകമാണ്, പുതിയ മനുഷ്യരാണ്.

അതിനാല്‍ വായിക്കുക, വളരുക.

എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് പുതുവത്സരാ‍ശംസകള്‍

P.S. ചിത്രം - Andre Martins de Barros

7 comments:

Pyari 2009, ഡിസംബർ 25 12:18:00 AM IST  

Hmm... Feeling "J".. :(
I think I should ask Bimal annan to gimme atleast 6 months off from life.. :)

Btw, do u have these books at home..?? :D

ശ്രീ 2010, ജനുവരി 4 4:15:00 PM IST  

ഈ നല്ല വായനാനുഭവങ്ങള്‍ പങ്കു വച്ചതിനു നന്ദി.

പുതുവത്സരാശംസകള്‍ നേരുന്നു. ഈ വര്‍ഷവും ഒരുപാട് വായിയ്ക്കാനാകട്ടെ!

Seema Menon 2010, ജനുവരി 4 6:55:00 PM IST  

കഴിഞ വറ്ഷത്തെ കണക്കെടുത്തപ്പോൽ ഒരു പാടു ചവറുകൾ മാത്രം എനിക്കു സ്വന്തം. ധനുഷിന്റെ ലിസ്റ്റ് അസൂയപ്പെടുത്തുന്നു. നന്നായി എഴുതിയിരിക്കുന്നു.

Dhanush | ധനുഷ് 2010, ജനുവരി 4 11:49:00 PM IST  

Pyari - Yea I have some of them at home :-). Renting out at strict conditions for more info ask siju ;)

ശ്രീ - ആശംസകള്‍. ഈ വര്‍ഷവും ഒരുപാട് വായിക്കണമെന്ന് ആഗ്രഹമുണ്ട്
സീമ - നന്ദി. ഒരു പുസ്തകവും ചവറല്ലെന്ന അഭിപ്രായക്കാരനാണ് ഞാന്‍.

Sapna Anu B.George 2010, ജനുവരി 5 8:55:00 AM IST  

നല്ല വായന നടക്കട്ടെ

Pyari 2010, ജനുവരി 7 12:29:00 AM IST  

പുസ്തകങ്ങള്‍ വായിക്കുന്ന ഒരാള്‍ അതെത്രത്തോളം സൂക്ഷിക്കും എന്നറിയാം. അത് കൊണ്ട് അത് തരാന്‍ തല്‍ക്കാലം പറയുന്നില്ല. നിന്റെ ലിസ്റ്റില്‍ നിന്നു പെരു ഓര്‍ത്തു വച്ച് അണ്ണനെ സോപ്പ് ഇട്ട് ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ വാങ്ങിക്കാം. ;) കിട്ടിയില്ലെങ്കില്‍ നിന്റെ അടുത്ത് തന്നെ വരും.. - അത് വേറെകാര്യം.

നിനക്കറിയാമോ എന്നറിയില്ല. ഞാനാദ്യമായി എം. ടി. വാസുദേവന്‍ നായരുടെ ചെറുകഥകള്‍ വായിച്ചത് നീ തന്ന പുസ്തകത്തില്‍ നിന്നാണ്. ആ പുസ്തകത്തിന്‌ ഒരു വയലറ്റിന് അടുപ്പിച്ചു നിറമുള്ള കവര്‍ ആയിരുന്നു. അതില്‍ ആദ്യത്തെ കഥ എന്റെ ഓര്‍മ ശരിയാണെങ്കില്‍ - "നിന്റെ ഓര്‍മയ്ക്ക് " ആണ്. അതില്‍ തന്നെ ഉള്ള മറ്റൊരു കഥയായിരുന്നു "ഇരുട്ടിന്റെ ആത്മാവ് ".

(ആദ്യമായി എം. ടി. യുടെ കഥകള്‍ വായിച്ചത് എന്ന് പറഞ്ഞു കൂടാ. ആദ്യമായി സീരിയസ് വായന തുടങ്ങിയതും നിന്റെ ആ പുസ്തകത്തില്‍ നിന്നു തന്നെയാണ്. പത്താം ക്ലാസ്സ്‌ വരെ ബാലരമയും, അമര്ചിത്ര കഥയും, പിന്നെ കുട്ടികളുടെ മഹാഭാരതവും, കുട്ടികളുടെ രാമായണവും, കുട്ടികളുടെ വിവേകാനന്ദനും തുടങ്ങി ഒരു പിടി "കുട്ടികളുടെ" സീരീസ് പുസ്തകങ്ങള്‍ ഒഴിച്ചാല്‍ മറ്റൊന്നും ഞാന്‍ അന്നുവരെ വായിച്ചിരുന്നില്ല.)

എഴുതി തുടങ്ങിയാല്‍ ഒരു ബ്ലോഗ്‌ തന്നെ എഴുതാം.. :) അത് കൊണ്ട് ഇവിടെ നിര്‍ത്താം.

Dhanush | ധനുഷ് 2010, ജനുവരി 7 7:37:00 PM IST  

സപ്ന - നന്ദി.
പ്യാരി - ഇതിനുള്ള മറുപടി ഒരു പോസ്റ്റായി ഇവിടെ വന്നു കഴിഞ്ഞിരിക്കുന്നു :-)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP