ഒറ്റ-യാനയെ കണ്ട നിമിഷത്തില്‍..

>> 2009, ഡിസംബർ 7

ഇതൊരു മറു പോസ്റ്റാണ്. പീകുട്ടിയുടെ “ഹേ.. ഒറ്റയാന്‍.. സേ ചീസ്..” എന്നതിന്റെ മറുപോസ്റ്റ്. അവളുടെ പോസ്റ്റില്‍ കമന്റിടാനായി തുടങ്ങിയതാണ്. എഴുതി വന്നപ്പോള്‍ ഞാന്‍ കരുതി ഇതൊരു പോസ്റ്റാക്കാമെന്ന്. അങ്ങനെ ജന്മമെടുത്താണിവന്‍. വയനാടന്‍ കാടുകളില്‍ ഞാന്‍ ഒറ്റയാനെ കണ്ട കഥ. അഥവാ ഒറ്റയാനയെ കണ്ട കഥ.

അന്നൊരു ലോങ്ങ് വീക്കെന്റിന്റെ തുടക്കത്തില്‍ ഒരിക്കല്‍ ഞാനും റെഡും (എന്റെ ബൈക്ക്) കൂടി നാട്ടിലോട്ട് തിരിച്ചു. നമ്മുടെ മുത്തങ്ങ വനാന്തരങ്ങളെത്താനായപ്പൊള്‍ റോഡില്‍ ഒരു ബ്ലോക്ക്. നോക്കുമ്പോള്‍ അങ്ങകലെ നില്‍ക്കുന്നു ഒരു കൊച്ചു ഒറ്റയാന്‍. കാറുകള്‍ കൂട്ടത്തോടെ നിറുത്തിയിട്ടിരിക്കുന്നു. അതിനു മുകളിലൂടെ അവന്റെ നെറ്റി മാത്രമെ എനിക്ക് കാണാനകുന്നു.ചിലര്‍ പടമൊക്കെ എടുക്കാന്‍ നോക്കുന്നുണ്ട്. ഞാന്‍ ഒന്നു പേടിച്ചു. ഒന്നാമത് ഞാന്‍ മറ്റുള്ളവരെ പോലെ കാറില്‍ അല്ല. ആ കശ്മലന്‍ വന്ന് എന്നെ ഒരു തട്ട് അങ്ങട്ട് തട്ടിയാല്‍ ഞാനും റെഡും വീരപ്പന്റെ പൊരേല്‍ കെടക്കും. പിന്നെ ഞാനാണെങ്കില്‍ വലിയ വീരവാദം മുഴക്കിയിട്ടൊക്കെയാ നാട്ടിലേക്ക് ബൈക്ക് എടുത്ത് പോന്നത്. ലോകനാര്‍കാവിലമ്മെയെ മനസ്സില്‍ ധ്യാനിച്ച് എത്ര സ്പീഡില്‍ റെഡിനെ കീച്ചിയാല്‍ അവനെ കടന്നു കിട്ടാമെന്ന് ആലോചിച്ചു. അന്നാണെങ്കില്‍ ഇന്നത്തെ പോലെ K&N എയര്‍ ഫില്‍റ്ററൊന്നും ഘടിപ്പിച്ചിട്ടില്ല. മാത്രവുമല്ല ഹിമാലയന്‍ ഒഡീസ്സിക്ക് ശേഷം പുള്ളിങ്ങ് ഒക്കെ ഒന്നു മോശമാ. ആരും ഒട്ടു മുന്നോട്ട് എടുക്കുന്നുമില്ല. ആനയെ കാണാത്ത കെഴങ്ങന്മാര്‍ ഹോണ്‍ ഒക്കെ അടിച്ച് അതിനെ പേടിപ്പിക്കുന്നുണ്ട്. എവിടെ!! ആനയ്ക്കുണ്ടോ വല്ല കൂസലും.

അപ്പൊഴതാ പിന്നില്‍ നിന്ന് ഒരു പിയാജിയൊ അപ്പേ വരുന്നു. സംഭവം ഫുള്‍ ലോഡാണ്. ഗൂഡല്ലൂരില്‍ നിന്നുമുള്ള പച്ചക്കറികളുമായി വയനാട്ടിലേക്ക് പോവുകയാണ്. ടിയാന്‍ സധൈര്യമാണ് കടന്നു വരുന്നത്, ടാറ്റായുടെ ഏസ് ആഡിലെ പോലെ നിങ്ങളുടെ സ്വന്തം കുട്ടിയാന എന്നും പറഞ്ഞോണ്ട്. അതെങ്ങാനും ആന തട്ടിയിട്ടാല്‍ നമ്മുടെ നാട്ടുകാര്‍ എന്ത് കഴിക്കുമെന്നാലോചിച്ചു ഞാന്‍ വികാരവിജൃംഭിതനായി. അതിനാല്‍ ഞാന്‍ ആ ആട്ടൊയിലെ ആള്‍ക്കാരോട് പറഞ്ഞു

-“ചേട്ടാ മുന്നില്‍ ആനയുണ്ട്”.

അപ്പോ ചേട്ടന്‍ ഒന്ന് പുറത്തേക്ക് നോക്കിയിട്ട് -“അതിവിടുത്തെ ഫൊറസ്റ്റുകാരുടെ കുട്ടിയാനയാന്ന്. അതൊന്നും ചെയ്യില്ല, ങ്ങള് ധൈര്യായിറ്റ് പോയീന്ന്.”

ഹോ എനിക്കപ്പോഴുണ്ടായിരുന്ന ചമ്മലും ആശ്വാസവും പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. പിന്നെ ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി പതുക്കെ അപ്പേ ചേട്ടന്റെ പിന്നാ‍ലെ കുതിച്ചു. ആനയോടടുത്തപ്പോള്‍ ഞാന്‍ കണ്ടു ഒരു കൊച്ചു കുട്ടിയാനയെ, കഴുത്തില്‍ ഒരു മണിയും കാലില്‍ ഒരു ചങ്ങലയും. പാവം. ഇവനെയാണല്ലോ ഞാന്‍ പേടിച്ചു നിന്നത്. അപ്പോഴെക്കും വിനോദയാത്രക്കാര്‍ എന്റെ ധൈര്യം കണ്ടിട്ടാവണം പിറകെ വന്നു തുടങ്ങി.

എന്റെ ധൈര്യത്തിന്റെ കഥ എനിക്കു മാത്രമറിയാവുന്നത് കൊണ്ടും അവര്‍ക്ക് ഞാനും ആട്ടോ ചേട്ടനും മലയാളത്തില്‍ സംസാരിച്ചത് മനസ്സിലാവാഞ്ഞത് കൊണ്ടും ഒരു ചിരി എനിക്ക് പാസ്സാക്കാന്‍ സാധിച്ചു. ആ ചിരിയുടെ ഒരു പകുതി പുച്ഛരസവും മറുപകുതി ചമ്മല്‍ രസവും കലര്‍ന്നതായിരുന്നു

3 comments:

Pyari 2009, ഡിസംബർ 7 7:31:00 PM IST  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Pyari 2009, ഡിസംബർ 7 7:41:00 PM IST  

നീയും പറ്റിച്ചു .. :(

ഞാന്‍ വിചാരിച്ചു നീയെങ്കിലും exciting ആയിട്ട് ഒരു ആനക്കഥ പറയുമെന്ന്.. :(

ശ്രീ 2009, ഡിസംബർ 10 12:41:00 PM IST  

എന്റെ ഒരു സുഹൃത്ത് അവന്‍ മൂന്നാര്‍ രാജകുമാരിയില്‍ പഠിയ്ച്ചിരുന്ന സമയത്ത് ഉണ്ടായ ഒരു സംഭവം പറഞ്ഞതോര്‍ത്തു. അവര്‍ കമ്പം തേനി വഴി തമിഴ്നാട്ടിലേയ്ക്ക് പോകുന്ന വഴി ഒരു ആന റോഡിലേയ്ക്കിറങ്ങുന്നത് കണ്ടു.

അതിനെ മറി കടന്ന് ഒരു വിധത്തില്‍ (ബൈക്കിലായിരുന്നു അവരുടെ യാത്ര) പോകുമ്പോള്‍ എതിരേ ഒരു ജീപ്പ് വരുന്നു. അവര്‍ക്ക് ഒരു മുന്നറിയിപ്പാകട്ടെ എന്ന് കരുതി അവരോട് വിളിച്ചു പറഞ്ഞു "ചേട്ടാ... വഴിയില്‍ ഒരു ആന നില്‍പുണ്ടേ" എന്ന്.
അപ്പോള്‍ ജീപ്പില്‍ നിന്ന് തിരിച്ച് ഇങ്ങനെ പറഞ്ഞു "അത് സാരമില്ല. നിങ്ങള്‍ പോകും വഴിയില്‍ ഒരു പുലി കിടപ്പുണ്ടേ" എന്ന്.
:)

എന്റെ അനുഭവത്തിലെ ആനക്കഥ ഒരെണ്ണം ഇവിടെ ഉണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP