വയലറ്റ് നിറമുള്ള ഒരു പുസ്തകത്തിന്റെ ഓര്‍മ്മയ്ക്ക്

>> 2010, ജനുവരി 7

നിനക്കറിയാമോ എന്നറിയില്ല. ഞാനാദ്യമായി എം. ടി. വാസുദേവന്‍ നായരുടെ ചെറുകഥകള്‍ വായിച്ചത് നീ തന്ന പുസ്തകത്തില്‍ നിന്നാണ്. ആ പുസ്തകത്തിന്‌ ഒരു വയലറ്റിന് അടുപ്പിച്ചു നിറമുള്ള കവര്‍ ആയിരുന്നു.
എന്റെ വായനയുടെ വര്‍ഷം എന്ന പോസ്റ്റില്‍ പ്യാരിയുടെ കമെന്റാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരു പുസ്തകത്തെ കുറിച്ചുള്ള അവളുടെ ഓര്‍മ്മപെടുത്തലുകള്‍ എന്നെ ഒത്തിരി വര്‍ഷം പിറകിലോട്ടു കൊണ്ടു പോയി. എന്റെ വായനയുടെ തുടക്കം ആ പുസ്തകത്തില്‍ നിന്നാണ്. ബാല്യത്തില്‍ ഞാന്‍ ഒരു ലൈബ്രറിയിലെയും മെമ്പര്‍ ആയിരുന്നില്ല. എന്റെ സ്കൂളില്‍ ഒരു ലൈബ്രറി ഉണ്ടായിരുന്നില്ല. അച്ഛന്‍ വാങ്ങിച്ചു വച്ച പുസ്തകങ്ങള്‍ അധികവും എനിക്ക് ദഹിക്കുന്നവയായിരുന്നില്ല. വായിച്ചിരുന്നത് മിക്കതും ബാലരമയും പൂമ്പാറ്റയും അമര്‍ചിത്രകഥയും മറ്റുമായിരുന്നു. അപ്പോഴാണ് ആ വയലറ്റ് നിറമുള്ള പുസ്തകത്തിന്റെ വരവ്. പത്താം ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ പാസായപ്പോള്‍ എന്റെ അച്ഛന്റെ അനിയന്റെ സമ്മാനമായിരുന്നു അത്. മറ്റെല്ല്ലാവരും എനിക്ക് ഷര്‍ട്ടും മറ്റും വാങ്ങിത്തന്നപ്പോള്‍ ബാബുവെളേച്ഛന്‍ മാത്രമാണ് സമ്മാനമായി ഒരു പുസ്തകം തരുന്നത്. അതായിരുന്നു വയലറ്റ് ചട്ടയുള്ള, വടകരക്കാരനായ വി. ആര്‍. സുധീഷ് എഡിറ്റ് ചെയ്ത, മള്‍ബറി പബ്ലിക്കേഷന്‍സിന്റെ എം.ടി എന്ന പുസ്തകം. പുസ്തകത്തിന്റെ ചട്ടയില്‍ ശ്രീ എം. ടി. വാസുദേവന്‍ നായരുടെ ചിത്രവും അതിന്റെ അരികിലായി അദ്ദേഹത്തിന്റെ ഒപ്പ് പോലെ എം. ടി എന്ന തലക്കെട്ടും.

എം. ടി യുടെ ചില കഥകളും, നോവലിലെ ചില ഭാഗങ്ങളും, പിന്നെ അദ്ദേഹത്തിന്റെ കുറെ ലേഖനങ്ങളും, സുധീഷുമായുള്ള ഒരു അഭിമുഖവുമാണ്
അതില്‍ ഉണ്ടായിരുന്നത്. കുറേക്കാലം ആ പുസ്തകം എന്റെ ജീവവായു പോലെയായിരുന്നു. ഊണിലും ഉറക്കത്തിലും അതിനെ കൊണ്ടു നടന്നു. കഥകള്‍ വീണ്ടും വീണ്ടും വായിച്ചു. ഇഷ്ടമുള്ള വരികള്‍ക്കടിയില്‍ വരയിട്ടു വച്ചു. കാഥികന്റെ പണിപ്പുര എന്ന ലേഖനത്തില്‍ എം. ടി. എഴുതിയ - പൂര്‍ണ്ണമായും മനസ്സില്‍ എഴുതിക്കഴിഞ്ഞ കഥയെ കടലാസ്സില്‍ പകര്‍ത്താവൂ - എന്ന ആപ്തവാക്യം നെഞ്ചേറ്റി നടന്നു. ഒരു കഥയെഴുതാന്‍ മനസ്സെന്ന വലിയ ക്യാന്‍‌വാസിനെ സജ്ജമാക്കികൊണ്ടിരുന്നു. പക്ഷേ ഒന്നും എഴുതിയില്ല.ആ സമയങ്ങളിലാണ് പ്യാരിയും മറ്റു സുഹൃത്തുക്കളുമൊക്കെ സ്കൂള്‍ മാഗസിനിലും ബാലപംക്തിയിലുമൊക്കെ എഴുതുന്നത്. അവരെ അസൂയയോടെ ദൂരെ നിന്ന് നോക്കി കണ്ടു.

ആ പുസ്തകം എന്നെ ഒരു എം. ടി ആരാധകനാക്കി. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അമ്മയെ സോപ്പിട്ട് കുറച്ച് കാശൊപ്പിച്ച് വടകര റെയില്‍‌വെ സ്റ്റേഷനിലെ ബുക്ക് സ്റ്റോറില്‍ നിന്ന് അസുരവിത്ത് എന്ന പുസ്തകം ഞാന്‍ വാങ്ങിച്ചു. അതും വായിച്ചതോടെ ഞാന്‍ ഫ്ലാറ്റ്. പിന്നങ്ങോട്ട് ഓരോ എം. ടി. പുസ്തകവും വായിക്കാനുള്ള ത്വരയായിരുന്നു. എനിക്കു കിട്ടിയ നാലുകെട്ട് എന്ന പുസ്തകത്തില്‍ അവസാന പേജുകളില്ലാത്തതിനാല്‍ അതിന്റെ അവസാനമെന്തെന്നറിയാതെ കുറേ നാള്‍ വിഷമിച്ചു. കൈയ്യില്‍ കാശു വന്നു തുടങ്ങിയപ്പോള്‍ എം. ടി യുടെ ഓരോ പുസ്തകവും വാങ്ങിച്ചു തുടങ്ങി. ഇന്ന് എന്റെ വായനയുടെയും പുസ്തകശേഖരണത്തിന്റെയുമൊക്കെ തുടക്കം ആ ഒറ്റ പുസ്തകം മൂലമായിരുന്നു.

ആ പുസ്തകം ഇന്ന് പ്രിന്റില്‍ ഉണ്ടോ എന്നെനിക്കറിയില്ല. ഇവിടെ പോസ്റ്റാന്‍ അതിന്റെ മുഖചിത്രം ഗൂഗിളില്‍ തിരഞ്ഞു നോക്കിയിട്ട് കിട്ടിയില്ല. എന്റെ കൈയ്യില്‍ ആ പുസ്തകമെത്തിയിട്ട് പതിനഞ്ച് വര്‍ഷങ്ങളായി. വായിച്ച് വായിച്ച് അതിന്റെ കടലാസ്സുകള്‍ പിഞ്ഞിപ്പോയിരിക്കുന്നു. അതിലെ കഥകളെല്ലാം തന്നെ ഞാന്‍ വാങ്ങിയിരിക്കുന്ന എം ടി യുടെ മറ്റു പുസ്തകങ്ങളില്‍ ഉണ്ട്. എങ്കിലും അതെനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. അതിലാണ് എന്റെ വായനയുടെ തുടക്കം. അതിനെ ഓര്‍മ്മപെടുത്തിയതിന് പ്യാരിക്ക് നന്ദി. അല്ലെങ്കില്‍ ഒരു പക്ഷേ ഈ പോസ്റ്റുണ്ടാവുമായിരുന്നില്ല.

3 comments:

ശ്രീ 2010, ജനുവരി 8 3:37:00 PM IST  

എംടി യുടെ ചെറുകഥകള്‍ എനിയ്ക്കും വളരെ പ്രിയങ്കരങ്ങളാണ്. അന്നത്തെ ആ കാലഘട്ടത്തിലേയ്ക്ക് നമ്മളെയും കൂട്ടിക്കൊണ്ടു പോകുന്ന ഗൃഹാതുരത ഉണര്‍ത്തുന്ന കഥകളാണ് എല്ലാം.

എം ടി യുടെ കഥകളില്‍ ആദ്യമായി വായിച്ചത് സ്കൂളില്‍ നിന്ന് സമ്മാനം കിട്ടിയ 'ബന്ധനം' ആയിരുന്നു. ആദ്യം വായിച്ചുവെങ്കിലും പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഹൈ സ്കൂളിലെത്തിയിട്ടാണ് ആ പുസ്തകം ഇഷ്ടപ്പെടുന്നത്. പിന്നീട് നിന്റെ ഓര്‍മ്മയ്ക്ക്, ഓപ്പോള്‍, കുട്ട്യേടത്തി അങ്ങനെ യങ്ങനെ ഓരോന്ന് വായിച്ചു. പിന്നെ നോവലുകളും.

Pyari 2010, ജനുവരി 10 6:12:00 PM IST  

കിനിയും ഈറന്‍ തുഷാരത്തില്‍ "വായനയുടെ വര്‍ഷം" കഴിഞ്ഞാല്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്‌ ഇത് തന്നെ. അത് എന്റെ പേര് ഉള്ളത് കൊണ്ടല്ല കേട്ടോ. അതിനു കാരണം എനിക്കും അതെ
attachment ആ പുസ്തകതിനോട് തോന്നി എന്നുള്ളത് കൊണ്ടാണ് . ഞാന്‍ ഈ ബുക്കിനെ പറ്റി എപ്പോഴെങ്കിലും എഴുതിയിരുന്നെങ്കില്‍ ചെറിയ ചെറിയ modifications ഓടു കൂടി ഇത് തന്നെ എഴുതിയേനെ!

Sriletha Pillai 2010, ഫെബ്രുവരി 4 10:12:00 AM IST  

Yes.reading was breath of life to me also, once upon a time.I too luv,M.T,Mukundan ,O.V.Vijayan and the like...Be a voracious reader and become a good writer.Writing skills are God given.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP