വല്ലി
>> 2023, മാർച്ച് 26
വല്ലി - ഷീലാ ടോമി
“ഈ വല്ലിയിൽ നിന്ന് ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ” - കുമാരനാശാൻ
വല്ലി എന്ന വാക്കിനു പല അർത്ഥങ്ങൾ ഉണ്ട്. ഭൂമി, ലത, കൂലി എന്നിങ്ങനെ. ആ മനോഹരമായ ഭൂമിയിലേക്കാണ് അദ്ധ്യാപക ദമ്പതിമാരായ തൊമ്മിച്ചനും സാറയും CWMS പിടിച്ച് ചുരം കയറി വരുന്നത്. ജീവിക്കാനായി ഒളിച്ചോടി അവർ വന്നത് കബനിയുടെ തീരത്തുള്ള കല്ലുവയൽ എന്ന ഗ്രാമത്തിലെ സുഹൃത്തായ പീറ്ററിന്റെ വീട്ടിലേക്കാണ്. അന്ന് കൊടുങ്കാടായ കല്ലുവയൽ നിറയെ മഞ്ഞ് നിറഞ്ഞു നിന്നു. അവിടെ അവർ താമസം തുടങ്ങി. കാടിനോടിണങ്ങി ജീവിച്ചു.
പക്ഷെ ബയൽനാട് എന്ന വയനാട് മാറിക്കൊണ്ടിരുന്നു. മനുഷ്യരുടെ ദുര അവരെ കാട് വെട്ടിത്തെളിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ജന്മിയായ തടിപ്പാപ്പനും മകൻ ലൂക്കായും, കറിയാച്ചനുമൊക്കെ ആ ജനുസ്സിൽ പെട്ടവർ. അവരെ പേടിയോടെ നോക്കിനിൽക്കുന്ന ആദിവാസികളായ ബസവനും രുക്കുവും അവരുടെ കൂട്ടരും. അവരെ സഹായിക്കാനിറങ്ങുന്ന പീറ്ററും പദ്മനാഭൻ മാഷും. അവർക്കൊപ്പം ചേർന്ന് തൊമ്മിച്ചൻ കാടോരം സ്കൂൾ ഉണ്ടാക്കുന്നു. ആദിവാസി പഠിക്കുന്നതും പ്രതിഷേധിക്കുന്നതും ജന്മിക്കാർക്ക് ഇഷ്ടപ്പെടുന്നില്ല. അവർ പ്രതികരിക്കുന്നു. ആ പാവം മനുഷ്യർക്ക് ഒരു വിലയുമില്ലെന്ന് കാണിച്ചു കൊണ്ട് നിഷ്ടൂരം അവരെ കൊന്നൊടുക്കാൻ ശ്രമിക്കുന്നു. അങ്ങനെ ജീവിച്ചും പ്രതികരിച്ചതും നാല് തലമുറകളിലൂടെ 1970 കൾ തൊട്ടു 2018 വരെ വല്ലി വയനാടിന്റെ ചരിത്രം പറയുന്നു. കൈയേറ്റങ്ങളുടെയും വെട്ടിപിടിക്കലുകളുടെയും കൊല്ലും കൊലകളുടെയും ചരിത്രം.
തൊമ്മിച്ചന്റെയും സാറായുടെയും മകൾ സൂസ്‌നറെ ഡയറിക്കുറിപ്പുകൾ, അവളുടെ മകൾ ടെസ വായിക്കുന്നതിലൂടെയാണ് വല്ലിയുടെ കഥ വികസിക്കുന്നത്. അതിനിടയിലൂടെ തന്നെ സൂസന്റെയും ടെസയുടെയും കഥ അവതരിപ്പിക്കുന്നുണ്ട്. പൊറ്റെക്കാടിന്റെ വിഷകന്യക പ്രകൃതിയോട് നിരന്തരം പൊരുതിയിരുന്ന കുടിയേറ്റ കർഷകരുടെ കഥ പറഞ്ഞപ്പോൾ വല്ലി പ്രകൃതിയോട് പടവെട്ടി വിജയിച്ചവരുടെ കഥയാണ് പറയുന്നത്. ആ വിജയം ഏത് തരത്തിലാണ് പ്രകൃതിയെ ബാധിക്കുന്നത് എന്നും നമ്മൾ കാണുന്നു.
ഷീലാ ടോമിയുടെ ഭാഷ ഈ നോവലിനെ വളരെയേറെ ഉയരങ്ങളിൽ എത്തിക്കുന്നു. കാട് വിളിക്കുന്നു എന്ന അഞ്ചാം അധ്യായത്തിലെ കാടിനെ വർണ്ണിക്കുന്ന ആദ്യത്തെ ഖണ്ഡിക ഉത്തമ ഉദാഹരണമാണ്. ഖത്തറിൽ ജീവിക്കുന്ന വയനാട്ടുകാരിയായ ഈ എഴുത്തുകാരിയുടെ പ്രവാസി ഗൃഹാതുരസ്മരണകൾ ഒന്നും തന്നെ ഈ നോവലിൽ ഇല്ല. മറിച്ച് ഉള്ളത് വയനാടിന്റെ മഴയും മഞ്ഞും വന്യതയും പ്രണയവുമാണ്. വല്ലി വായിക്കുമ്പോൾ പലപ്പോഴും ഞാൻ വികാരം കൊണ്ടുപോയിരുന്നു. മനസ്സിനെ അത്രയേറെ അസ്വസ്ഥമാകുന്നുണ്ട് ഇതിലെ ഭാഷയും എഴുത്തും. സാറയുടെ മരണം എന്റെ വായനയെ ബാധിച്ചു. നട്ടപാതിരയിലെ വായനയിൽ വന്ന വികാരത്തള്ളിച്ച ഉറക്കം കെടുത്തി. രണ്ടാഴ്‌ച മുന്നേ വായിച്ചു കഴിഞ്ഞിട്ടും ഒന്നും എഴുതാനായില്ല. വളരെ കുറച്ചു പുസ്തകങ്ങളെ എന്നെ ആ നിലയിലേക്ക് തള്ളി വിടാറുള്ളൂ. അവസാനമായി Death Is Hardwork എന്ന പുസ്തകമാണ് അങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചത്.
വല്ലിയുടെ മറ്റൊരു മുഖ്യഘടകം അതിലെ കഥാപാത്രങ്ങൾ ആണ്. തൊമ്മിച്ചനും, സാറയും, സൂസനും, ജോപ്പനും, പീറ്ററും, ലൂസിയും, ബെല്ലയും, മുല്ലകാട്ടിലച്ചനും, ബസവനും, പദ്മനാഭൻ മാഷും, തടിപ്പാപ്പനും, ലൂക്കയും, കല്യാണിയും, അപ്പേട്ടനും, രുക്കുവും, മൂപ്പനും ഒക്കെ തന്നെ മനസ്സിൽ നിറഞ്ഞു നിൽക്കും. അത്രയേറെ ദീപ്തമായാണ് ഷീലാ ടോമി അവരെ വർണ്ണിച്ചിരിക്കുന്നത്. ആശാന്റെ വല്ലിയിൽ നിന്ന് പറന്നു പോകുന്ന ഭംഗിയുള്ള പൂക്കളെ പോലുള്ള പൂമ്പാറ്റകൾ ആണ് ഈ കഥാപാത്രങ്ങൾ. അവരില്ലാതെ ഷീലാ ടോമിയുടെ വല്ലി ഇല്ല.
മലയാള സാഹിത്യത്തിൽ അടുത്തിടെ ഇറങ്ങിയ മഹത്തരമായ കൃതിയാണ് വല്ലി. 2019 ൽ ഇറങ്ങിയ ഈ പുസ്തകം ഇന്നും നാലാം എഡിഷൻ മാത്രമേ എത്തിയിട്ടുള്ളൂ എന്നത് സങ്കടകരമാണ്. അധികം വായനക്കാർ ഈ നോവലിനെ അറിഞ്ഞിട്ടില്ല. ഈ നോവൽ എന്റെ ശ്രദ്ധയിൽ പെടാൻ JCB prize shortlist വേണ്ടി വന്നു എന്ന ലജ്ജയോടെയല്ലാതെ എനിക്കീ കുറിപ്പ് അവസാനിപ്പിക്കുവാൻ പറ്റില്ല.
അതുകൊണ്ടു തന്നെ വല്ലി കൂടുതൽ പേരിലേക്ക് എത്തിപ്പെടാൻ വേണ്ടി കൂടിയാണ് ഈ കുറിപ്പ്. തീർച്ചയായും ആഴത്തിൽ വായിക്കുകയും ചർച്ച ചെയ്യപ്പെടേണ്ടതുമായ കൃതിയാണ് വല്ലി.
P.S. ഇതിൽ തൊമ്മിച്ചൻ ഒരിടത്ത് പറയുന്നുണ്ട്. ബെല്ല തന്നെ ഒരു കഥയാണെന്ന്. ആ കഥയുമായും ഷീലാ ടോമി വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ബെല്ലയുടെ മഠത്തിൽ ചേരൽ, അവിടുന്നുള്ള ഇറങ്ങിപ്പോക്ക്, അടച്ചിട്ട ജീവിതം, പിന്നെയുള്ള സന്നദ്ധ സേവനം, പ്രണയം, വീണ്ടുമൊരു ഇറങ്ങിപ്പോക്ക് ഒക്കെ തന്നെ ഒരു നല്ല നോവലിന് ഉള്ള ഭാവിയുണ്ട്.