വായന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വായന എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വല്ലി

>> 2023 മാർച്ച് 26

 വല്ലി - ഷീലാ ടോമി 



“ഈ വല്ലിയിൽ നിന്ന് ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ” - കുമാരനാശാൻ 



വല്ലി എന്ന വാക്കിനു പല അർത്ഥങ്ങൾ ഉണ്ട്. ഭൂമി, ലത, കൂലി എന്നിങ്ങനെ. ആ മനോഹരമായ ഭൂമിയിലേക്കാണ് അദ്ധ്യാപക ദമ്പതിമാരായ തൊമ്മിച്ചനും സാറയും CWMS പിടിച്ച് ചുരം കയറി വരുന്നത്. ജീവിക്കാനായി ഒളിച്ചോടി അവർ വന്നത് കബനിയുടെ തീരത്തുള്ള കല്ലുവയൽ എന്ന ഗ്രാമത്തിലെ സുഹൃത്തായ പീറ്ററിന്റെ വീട്ടിലേക്കാണ്. അന്ന് കൊടുങ്കാടായ കല്ലുവയൽ നിറയെ മഞ്ഞ് നിറഞ്ഞു നിന്നു.  അവിടെ അവർ താമസം തുടങ്ങി. കാടിനോടിണങ്ങി ജീവിച്ചു. 


പക്ഷെ ബയൽനാട് എന്ന വയനാട് മാറിക്കൊണ്ടിരുന്നു. മനുഷ്യരുടെ ദുര അവരെ കാട് വെട്ടിത്തെളിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ജന്മിയായ തടിപ്പാപ്പനും മകൻ ലൂക്കായും, കറിയാച്ചനുമൊക്കെ ആ ജനുസ്സിൽ പെട്ടവർ. അവരെ  പേടിയോടെ നോക്കിനിൽക്കുന്ന ആദിവാസികളായ ബസവനും രുക്കുവും അവരുടെ കൂട്ടരും. അവരെ സഹായിക്കാനിറങ്ങുന്ന പീറ്ററും പദ്മനാഭൻ മാഷും. അവർക്കൊപ്പം ചേർന്ന് തൊമ്മിച്ചൻ കാടോരം സ്കൂൾ ഉണ്ടാക്കുന്നു. ആദിവാസി പഠിക്കുന്നതും പ്രതിഷേധിക്കുന്നതും ജന്മിക്കാർക്ക് ഇഷ്ടപ്പെടുന്നില്ല. അവർ പ്രതികരിക്കുന്നു. ആ പാവം മനുഷ്യർക്ക് ഒരു വിലയുമില്ലെന്ന് കാണിച്ചു കൊണ്ട് നിഷ്ടൂരം അവരെ കൊന്നൊടുക്കാൻ ശ്രമിക്കുന്നു. അങ്ങനെ ജീവിച്ചും പ്രതികരിച്ചതും നാല് തലമുറകളിലൂടെ 1970 കൾ തൊട്ടു 2018 വരെ വല്ലി വയനാടിന്റെ ചരിത്രം പറയുന്നു. കൈയേറ്റങ്ങളുടെയും വെട്ടിപിടിക്കലുകളുടെയും കൊല്ലും കൊലകളുടെയും ചരിത്രം. 



തൊമ്മിച്ചന്റെയും സാറായുടെയും മകൾ സൂസ്‌നറെ ഡയറിക്കുറിപ്പുകൾ, അവളുടെ മകൾ ടെസ വായിക്കുന്നതിലൂടെയാണ് വല്ലിയുടെ കഥ വികസിക്കുന്നത്. അതിനിടയിലൂടെ തന്നെ സൂസന്റെയും ടെസയുടെയും കഥ അവതരിപ്പിക്കുന്നുണ്ട്. പൊറ്റെക്കാടിന്റെ വിഷകന്യക പ്രകൃതിയോട് നിരന്തരം പൊരുതിയിരുന്ന കുടിയേറ്റ കർഷകരുടെ കഥ പറഞ്ഞപ്പോൾ വല്ലി പ്രകൃതിയോട് പടവെട്ടി വിജയിച്ചവരുടെ കഥയാണ് പറയുന്നത്. ആ വിജയം ഏത് തരത്തിലാണ് പ്രകൃതിയെ ബാധിക്കുന്നത് എന്നും നമ്മൾ കാണുന്നു. 



ഷീലാ ടോമിയുടെ ഭാഷ ഈ നോവലിനെ വളരെയേറെ ഉയരങ്ങളിൽ എത്തിക്കുന്നു. കാട് വിളിക്കുന്നു എന്ന അഞ്ചാം അധ്യായത്തിലെ കാടിനെ വർണ്ണിക്കുന്ന ആദ്യത്തെ ഖണ്ഡിക ഉത്തമ ഉദാഹരണമാണ്. ഖത്തറിൽ ജീവിക്കുന്ന വയനാട്ടുകാരിയായ ഈ എഴുത്തുകാരിയുടെ പ്രവാസി ഗൃഹാതുരസ്മരണകൾ ഒന്നും തന്നെ ഈ നോവലിൽ ഇല്ല. മറിച്ച് ഉള്ളത് വയനാടിന്റെ മഴയും മഞ്ഞും വന്യതയും പ്രണയവുമാണ്. വല്ലി വായിക്കുമ്പോൾ പലപ്പോഴും ഞാൻ വികാരം കൊണ്ടുപോയിരുന്നു. മനസ്സിനെ അത്രയേറെ അസ്വസ്ഥമാകുന്നുണ്ട്  ഇതിലെ ഭാഷയും എഴുത്തും. സാറയുടെ മരണം എന്റെ വായനയെ ബാധിച്ചു. നട്ടപാതിരയിലെ വായനയിൽ വന്ന വികാരത്തള്ളിച്ച ഉറക്കം കെടുത്തി. രണ്ടാഴ്‌ച മുന്നേ വായിച്ചു കഴിഞ്ഞിട്ടും ഒന്നും എഴുതാനായില്ല. വളരെ കുറച്ചു പുസ്തകങ്ങളെ എന്നെ ആ നിലയിലേക്ക് തള്ളി വിടാറുള്ളൂ. അവസാനമായി Death Is Hardwork എന്ന പുസ്തകമാണ് അങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചത്.



വല്ലിയുടെ മറ്റൊരു മുഖ്യഘടകം അതിലെ കഥാപാത്രങ്ങൾ ആണ്. തൊമ്മിച്ചനും, സാറയും, സൂസനും, ജോപ്പനും, പീറ്ററും, ലൂസിയും, ബെല്ലയും, മുല്ലകാട്ടിലച്ചനും, ബസവനും, പദ്മനാഭൻ മാഷും, തടിപ്പാപ്പനും, ലൂക്കയും, കല്യാണിയും, അപ്പേട്ടനും, രുക്കുവും, മൂപ്പനും ഒക്കെ തന്നെ മനസ്സിൽ നിറഞ്ഞു നിൽക്കും. അത്രയേറെ ദീപ്തമായാണ് ഷീലാ ടോമി അവരെ വർണ്ണിച്ചിരിക്കുന്നത്. ആശാന്റെ വല്ലിയിൽ നിന്ന് പറന്നു പോകുന്ന ഭംഗിയുള്ള പൂക്കളെ പോലുള്ള പൂമ്പാറ്റകൾ ആണ് ഈ കഥാപാത്രങ്ങൾ. അവരില്ലാതെ ഷീലാ ടോമിയുടെ വല്ലി ഇല്ല.



മലയാള സാഹിത്യത്തിൽ അടുത്തിടെ ഇറങ്ങിയ മഹത്തരമായ കൃതിയാണ് വല്ലി. 2019 ൽ ഇറങ്ങിയ ഈ പുസ്തകം ഇന്നും നാലാം എഡിഷൻ മാത്രമേ എത്തിയിട്ടുള്ളൂ എന്നത് സങ്കടകരമാണ്. അധികം വായനക്കാർ ഈ നോവലിനെ അറിഞ്ഞിട്ടില്ല. ഈ നോവൽ എന്റെ ശ്രദ്ധയിൽ പെടാൻ JCB prize shortlist വേണ്ടി വന്നു എന്ന ലജ്ജയോടെയല്ലാതെ എനിക്കീ കുറിപ്പ് അവസാനിപ്പിക്കുവാൻ പറ്റില്ല.

അതുകൊണ്ടു തന്നെ വല്ലി കൂടുതൽ പേരിലേക്ക് എത്തിപ്പെടാൻ വേണ്ടി കൂടിയാണ് ഈ കുറിപ്പ്. തീർച്ചയായും ആഴത്തിൽ വായിക്കുകയും ചർച്ച ചെയ്യപ്പെടേണ്ടതുമായ കൃതിയാണ് വല്ലി. 



P.S. ഇതിൽ തൊമ്മിച്ചൻ ഒരിടത്ത് പറയുന്നുണ്ട്. ബെല്ല തന്നെ ഒരു കഥയാണെന്ന്. ആ കഥയുമായും ഷീലാ ടോമി വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ബെല്ലയുടെ മഠത്തിൽ ചേരൽ, അവിടുന്നുള്ള ഇറങ്ങിപ്പോക്ക്, അടച്ചിട്ട ജീവിതം, പിന്നെയുള്ള സന്നദ്ധ സേവനം, പ്രണയം, വീണ്ടുമൊരു ഇറങ്ങിപ്പോക്ക് ഒക്കെ തന്നെ ഒരു നല്ല നോവലിന് ഉള്ള ഭാവിയുണ്ട്.  


Read more...

മൂന്നാമിടങ്ങൾ - ഒരു പുസ്തക പരിചയം.

>> 2021 ജൂൺ 13

മൂന്നാമിടങ്ങൾ വായിക്കാൻ എന്തേ ഇത്ര താമസിച്ചു എന്ന സങ്കടത്തിൽ നിന്നാണ് ഇത് എഴുതുന്നത്. പല കാരണങ്ങൾ കൊണ്ടുമായിരിക്കാം. എന്നാലും മൂലകാരണം അതിന്റെ ബ്ലർബ് തന്നെ ആയിരുന്നു. "സഹോദരന്റെ ഗർഭം പേറുകയും ആ കുഞ്ഞിനെ വളർത്തുന്ന പ്രശസ്ത കവയിത്രിയും" എന്നത് എന്നെ ചിലപ്പോഴൊക്കെ നിരാശപ്പെടുത്തി.



കാമാഖ്യ എന്ന എന്നെ തീർത്തും നിരാശപ്പെടുത്തിയ നോവലിനു ശേഷമാണ് ഇത് വായിക്കാൻ എടുത്തത്. ഒറ്റയിരുപ്പിൽ വായിച്ച് പോകാവുന്ന കൃതിയാണെങ്കിലും എന്റെ അവസ്ഥയിൽ അതത്ര സത്യസന്ധമായി സാധിച്ചില്ല‌.



ഇന്ദിരാദേവി എന്ന‌ പ്രശസ്ത കവയിത്രി നടത്തുന്ന ഒരു അഭിമുഖത്തിൽ നിന്നാണ് നോവലിന്റെ തുടക്കം. 17കാരിയായ തന്റെ മകളുടെ അച്ഛൻ തന്റെ തന്നെ സഹോദരൻ ആയ പ്രശസ്ത ചിത്രകാരൻ നരേന്ദ്രൻ ആണെന്നും ഇതൊക്കെ വിവരിക്കാനായി ഒരു നോവലിന്റെ പണിപ്പുരയിലാണ് തങ്ങളെന്നും ഇവർ ടി.വി അഭിമുഖത്തിൽ പറയുന്നു.



അതിനു ശേഷം നമ്മൾ മൂന്നാമിടങ്ങൾ എന്ന നോവലിനെ വായിക്കുകയാണ്. നോവലിനുള്ളിലെ നോവൽ. എഴുതുന്നത് ഡാലിയ എന്ന ഇന്ദിരയുടെ കൂട്ടുകാരി ആണെങ്കിലും നോവലിലെ കഥാപാത്രങ്ങൾ എല്ലാം ചേർന്നെഴുതിയ ഒരു‌ ജീവചരിത്ര നോവൽ എന്ന് വേണെമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാമെന്ന് ഡാലിയയും ഇന്ദിരയും പറയുന്നുണ്ട്. സദാചാര സംരക്ഷകർക്കുള്ള പുസ്തകമല്ല ഇതെന്നും അങ്ങനെയുള്ളവർ മഹാഭാരതം വായിച്ച് നോക്കണമെന്നും പ്രസാധകൻ നമുക്ക് മുന്നറിയിപ്പും തരുന്നുണ്ട്.



നരേന്ദ്രൻ, ഇന്ദിര, അഹല്യ എന്ന മൂന്ന് പേരുടെ വീക്ഷണകോണിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. നരേന്ദ്രന്റെ ചെറ്യമ്മയുടെ മകളാണ് ഇന്ദിര. അച്ഛനോട് വഴക്കിട്ട് നാട് വിടുന്ന നരേന്ദ്രൻ കൽക്കത്തയിൽ പ്രശസ്ത ചിത്രകാരനായ ബാബയുടെ അടുത്ത് നിന്ന് ചിത്രകല പഠിക്കുന്നു. ബാബയ്ക്ക് മകനെ പോലെ ആണയാൾ. അവിടെ വച്ച്  ബാബയുടെ മകൾ സാറയുടെ സഹായത്തോടെ The Dance of Sex എന്ന ആദ്യത്തെ വലിയ ചിത്രം പൂർത്തിയാക്കുന്നു. സാറയിൽ നിന്നൊളിച്ചോടി അയാൾ ഷാർജയിൽ എത്തുന്നു. അവിടെ നിന്ന് വരയ്ക്കുന്ന ചിത്രത്തിന് ഫ്രഞ്ച് സർക്കാരിന്റെ ബഹുമതി ലഭിക്കുകയും അതോടെ അയാൾ ലോകമറിയുന്ന ചിത്രകാരനുമായ തീരുന്നു. പിന്നെ നാട്ടിലെത്തുകയും അഹല്യയെ വിവാഹം കഴിക്കുകയും അവർ തമ്മിൽ ഒരു ലവ് ഹേറ്റ് ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. 



ഇന്ദിര കവിയും വക്കീലുമാണ്. അത് കൊണ്ട് തന്നെ അവളുടെ വാദങ്ങൾ നമ്മളെ ഞെട്ടിക്കുന്നു. ഇന്ദിര കുഞ്ഞായിരിക്കുമ്പോൾ ആദ്യം നോക്കി ചിരിച്ചത് നരേന്ദ്രനെ നോക്കിയിട്ടായിരുന്നു. ആ ബന്ധം അവളിൽ ആദ്യമൊക്കെ ആരാധനയും പിന്നീടെപ്പോഴോ പ്രണയവുമായി വളരുന്നു. അത് കൊണ്ട് തന്നെ നരേന്ദ്രന്റെ മടങ്ങി വരവ് അവളിൽ വല്ലാത്ത മാറ്റമാണ് സൃഷ്ടിക്കുന്നത്. നരേന്ദ്രന് വരുന്ന ഓരോ വിവാഹാലോചനകളും അവൾ ബാലിശമായ പല കാരണങ്ങളും പറഞ്ഞ് മുടക്കുന്നു. അമ്മാവന്റെ മകനെ/ളെ  വിവാഹം കഴിക്കാൻ സമൂഹം കൂട്ട് നിൽക്കുമ്പോഴും വല്യമ്മയുടെ മകനെ എന്ത് കൊണ്ട് പ്രണയിച്ചു കൂടാ എന്നവൾ ചോദിക്കുന്നുണ്ട്. അഹല്യയെ അവൾക്ക് ആദ്യമൊന്നും ഇഷ്ടപ്പെടുന്നില്ല. എന്നിട്ടും വിവാഹത്തിന് ശേഷം അവളുടെ ഏറ്റവും അടുത്ത സുഹൃത്താവുന്നു അഹല്യ. നരേന്ദ്രനോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്നത് ഏടത്ത്യമ്മ ആയ അഹല്യ കണ്ട് പിടിച്ചിട്ടും അവരുടെ ബന്ധത്തിന് ഒരു പോറൽ പോലും ഏൽക്കുന്നില്ല. അവർ പരസ്പരം നരേന്ദ്രനെ പറ്റി സംസാരിച്ച് കൊണ്ടേയിരുന്നു. നരേന്ദ്രന്റെ വീട് വിട്ട ശേഷമുളള ബന്ധങ്ങളെ പറ്റി അഹല്യവും അതിനു മുൻപുള്ള സാഹസിക കഥകളെ പറ്റി ഇന്ദിരയും വിവരങ്ങൾ കൈമാറി.



അഹല്യ ആണ് ഈ മൂന്ന് പേരിലെയും ഒട്ടും പിടി കിട്ടാത്ത വ്യക്തിത്വം. നോവലിന്റെ അവസാനം വരെ അത് അങ്ങനെ തന്നെ തുടരുന്നു. സ്‌കൂളിൽ ഋതുമതി ആയ വിവരം അവൾ വീട്ടിൽ ആരോടും പറയുന്നില്ല. ജോലിയിൽ സ്ഥാനക്കയറ്റത്തിന് വേണ്ടി തന്റെ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട പത്രാധിപരെ മുഖമടച്ചാട്ടി, അന്ന് തന്നെ അയാളുടെ ഡ്രൈവറുമായി രതിയിലേർപ്പെടുന്നു അഹല്യ. പെണ്ണ്  കാണാൻ വരുന്നവരെ I am not a Virgin എന്ന ടീ ഷർട്ടുമിട്ട് നേരിടുന്നു. ഇതിഷ്ടപ്പെട്ട നരേന്ദ്രനെ വിവാഹം കഴിക്കുന്നു. ഇന്ദിരയുടെ നരേന്ദ്രനോടുള്ള ഇഷ്ടം നരേന്ദ്രനു പോലും മനസ്സിലാകാതിരുന്നിട്ടും ആ കുടുംബത്തിന് പുറത്ത് നിന്ന് വന്ന അഹല്യ വേഗം മനസ്സിലാക്കുന്നു.  എന്നിട്ടും ഒരു പ്രശ്നവുമില്ലാതെ ഇതൊക്കെ സാധാരണയാണെന്ന മട്ടിൽ അവളോട്‌ കൂട്ട് കൂടുന്നു. ഒരു രാത്രി ഇന്ദിരയെയും നരേന്ദ്രനെയും മനസ്സ് തുറന്ന് സംസാരിക്കാനായി ഒറ്റയ്ക്ക് വിടുന്നു. ഏതെങ്കിലും ഭാര്യമാർ ചെയ്യുന്ന പ്രവൃത്തി ആണോ ഇത് എന്ന് ഇന്ദിര കുണ്ഠിതപ്പെടുന്നു. ഒടുക്കം ഒരു നാൾ ഇന്ദിരയിൽ നിന്ന് പെട്ടെന്ന് അകന്ന് പോകുന്നു. 



BDSM, തീക്ഷ്ണമായ ലൈംഗിക കേളികൾ, ലെസ്ബിയനിസം എന്നിവയിലൊക്കെ തൊട്ടു കൊണ്ടാണ് ഈ നോവൽ പുരോഗമിക്കുന്നത്. എന്നിരുന്നാലും അവ ഒന്നും വായനക്കാരനെ  ഇക്കിളിപ്പെടുത്തുന്നതായോ അലോസരമുണ്ടാക്കുന്നവയായോ ഞെട്ടിപ്പിക്കുന്നതായോ തോന്നുന്നില്ല. അത്രക്ക് മനോഹരമായിട്ടാണ് അവയെ ഈ നോവലിൽ നോവലിസ്റ്റ് സംയോജിച്ചിരിക്കുന്നത്. ഈ മൂന്ന് പേരുടെയും കഥ വികസിക്കുന്നത് രതിയിലൂടെയാണ്. അതിനുത്തമ ഉദാഹരണമാണ് നരേന്ദ്രൻ. ഓരോ തീക്ഷ്ണമായ രതിക്കും ശേഷം അയാൾ ഒളിച്ചോടുകയാണ്. 



മൂന്ന് നായക കഥാപാത്രങ്ങൾക്കൊപ്പം തന്നെ ഉണ്ട് അവരുടെ കൂടെ നിൽക്കുന്ന, തിളങ്ങുന്ന, മറ്റു കഥാപാത്രങ്ങൾ. 



അതിലൊന്ന് നോവൽ എഴുതുന്ന ഡാലിയ തന്നെ ആണ്. വളരെ സന്നിഗ്ദ്ധമായ ഒരു ഘട്ടത്തിൽ അഹല്യയുടെ ഞെട്ടിപ്പിക്കുന്നതായ ഒരാവശ്യം ചെയ്ത് കൊടുക്കാമെന്ന് ഏറ്റ് കൊടുക്കുന്നത് ഡാലിയ ആണ്. ഡാലിയുടെ ഇന്ദിരയുമായുള്ള ബന്ധം ലോ കോളേജിൽ നിന്ന് തുടങ്ങി മകൾക്ക് പതിനേഴ് വയസ്സാകുന്ന കഥയുടെ ഒടുക്കം വരെ ഉണ്ട്. അവർ തമ്മിലുള്ളത് ഒരു ലെസ്ബിയൻ ബന്ധമാണെന്ന് നമുക്ക് ഊഹിച്ചെടുക്കാമെങ്കിലും അതിനെ പറ്റി ഒന്ന് രണ്ട് തുമ്പുകൾ അവശേഷിപ്പിക്കുന്നതല്ലാതെ ഒന്നും തന്നെ എഴുതുന്നില്ല മണികണ്ഠന്റെ ഡാലിയ. ആ ബന്ധം അംഗീകരിക്കാതെ, തുറന്നെഴുതാത്ത, അവരെ ഭീരുക്കളെന്ന് വിളിക്കുന്നുണ്ട് അനുബന്ധകുറിപ്പിൽ നോവൽ വായിച്ച മറ്റൊരു ലെസ്ബിയനായ മിസിസ്സ് എസ്.



പിന്നെ ഒന്ന് അഹല്യയുടെ അച്ഛൻ ആണ്. ഇന്ദിര ലോകം അറിയുന്ന കവയിത്രി ആകുമെന്നും നരേന്ദ്രനും അഹല്യയും അറിയപ്പെടാൻ പോകുന്നത് ഇന്ദിരയുടെ പേരിലാകുമെന്നും ആദ്യമേ പ്രവചിക്കുന്നുണ്ട് വേണുഗോപാലൻ മാഷ്. ഒടുക്കം മരണശേഷം മാഷിന്റെ കർമ്മങ്ങൾ ചെയ്യാനുള്ള ഭാഗ്യം ഇന്ദിരയ്ക്കാണ്. 



എസ് ആർ കെ എന്ന് വിളിക്കപ്പെട്ട, പഴയ നക്സലായ, ഇന്ദിരയുടെ അമ്മാവൻ ശിവരാമകൃഷ്ണൻ. പിന്നീട് തന്റെ  പ്രണയം തകർന്ന്  ഭ്രാന്തനായി ഒടുക്കം ദ്രാവിഡ ദൈവങ്ങളെ കൂട്ട് പിടിച്ച് മന്ത്രവാദി ആകുന്നു. കൂടെ നിന്ന ഇന്ദിരയുടെ അമ്മയും അച്ഛനും അയാളെ പിൻപറ്റി കാശുകാരാകുന്നു. ഒന്നെങ്കിൽ ഇന്ദിരയുടെ ഒറ്റപ്പെടൽ വരച്ചിടാൻ, അല്ലെങ്കിൽ ദ്രാവിഡ ദൈവങ്ങളെ പറ്റി ഒന്ന് സ്‌പെഷ്യൽ മെൻഷൻ ചെയ്യാൻ, അതിന് മാത്രമാണ് ഒരല്പം അപൂർണ്ണമായി പോകുന്ന ഈ കഥാപാത്രം. പക്ഷേ അവസാനത്തെ അനുബന്ധ കുറിപ്പിൽ ഡാലിയ പറയുന്നത് പോലെ ഈ പുസ്തകത്തിന്റെ ലക്‌ഷ്യം അതൊന്നും അല്ലാത്തത് കൊണ്ട് നമ്മൾ വായനക്കാർ എസ ആർ കെ യുടെ പുറകെ പോവേണ്ടതില്ല.



2014 ൽ ഡി.സി ബുക്സിന്റെ നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ നോവൽ ആണ് മൂന്നാമിടങ്ങൾ. അതിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു നോവലാണ് കരിക്കോട്ടക്കരി. ഇത് രണ്ടും വായിച്ച ഒരാൾ എന്ന നിലയിൽ അതിലെ അവാർഡ് സമിതിക്ക് ഒരിക്കലും തെറ്റു പറ്റിയിട്ടില്ല എന്ന് എനിക്കുറപ്പിച്ച് പറയാൻ പറ്റും. വിനോയ് കൂടുതൽ പുസ്തകങ്ങൾ എഴുതിയെങ്കിലും മൂന്നാമിടങ്ങൾ എന്ന ഒറ്റ നോവൽ മതി കെ. വി. മണികണ്ഠൻ എന്ന എഴുത്തുകാരനെ അടയാളപ്പെടുത്താൻ. അത്രക്ക് മികച്ച കൃതിയാണിത്. 



നമുക്കൊക്കെ ഒരു മൂന്നാമിടം ഉണ്ടെന്നും നമ്മുടെ മനസ്സിന്റെ വൈചിത്ര്യങ്ങളുടെ ഭൂമിക ഈ മൂന്നാമിടമാണെന്നും പറയാതെ പറയുന്നുണ്ട് ഈ നോവൽ. 

Read more...

ദി ലൂമിനാരീസ്

>> 2020 മേയ് 20


ഒരു പുസ്തകത്തെ പരിചയപെടുത്തുന്നു.

The Luminaries.

ന്യൂസിലാൻഡ്‌കാരിയായ എലെനോർ ക്യാറ്റന്റെ  ഒരു magnum opus ആണ് 832 പേജിൽ പരന്ന് കിടക്കുന്ന ഈ നോവൽ. 2013 ലെ ബുക്കർ പ്രൈസ് ലൂമിനാരീസിനായിരുന്നു. കഥാപാത്ര സൃഷ്ടിയിലും, സംഭവബഹുലമായ ഒരു ഇതിവൃത്തം രൂപപ്പെടുത്തിയെടുക്കുന്നതിലും അസാമാന്യമായ പ്രതിഭ പ്രകടിപ്പിക്കുന്നുണ്ട് എഴുത്തുകാരി. അതിനാൽ തന്നെ ഇത് ബുക്കർഅർഹിക്കുന്നു എന്ന് വേണം പറയാൻ. ലോക്ക്ഡൗൺ കാലത്ത് വായിച്ച ഒരേയൊരു പുസ്തകമാണിത്.  ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ മൂന്ന്‌ പുസ്തകങ്ങൾ ആണ് തുടങ്ങിയത്. ഇതിൽ രസം മൂത്ത് തീർക്കണമെന്ന നിർബന്ധബുദ്ധി വന്നപ്പോൾ വായന  ഈയൊരു പുസ്തകത്തിൽ ഒതുങ്ങി. കൊണറാഡും അനന്തമൂർത്തിയും ബെഡ് സൈഡ് ടേബിളിൽ പൊടി പിടിച്ചു. സമയക്കുറവ് മൂലം ഇത് തീർക്കാൻ രണ്ട് മാസമെടുത്തതിൽ അവർ ദേഷ്യം പിടിച്ചിരിക്കയാവാം.

പുസ്തകത്തിലേക്ക്..

പത്തൊൻപതാം നൂറ്റാണ്ടിൽ ന്യൂസിലാന്റിലെ ഗോൾഡ് റഷുമായി ബന്ധപ്പെടുത്തിയാണു കഥ വികസിക്കുന്നത്.

1866 ജനുവരി 14 ന് രാത്രിയിൽ ന്യൂസിലാന്റിലെ ഒരു നഗരമായ ഹൊക്കിട്ടിക്കയിൽ  മൂന്ന് സംഭവങ്ങൾ നടന്നു.

1. സന്ന്യാസിയെ പോലെ ജീവിച്ച ക്രൊസ്ബി വെൽസ് പെട്ടെന്ന് അന്തരിച്ചു.
2. എമറി സ്റ്റെയിൻസ് എന്ന പുതുപണക്കാരൻ അതേ രാത്രി അന്ന വിതറാൽ എന്ന വേശ്യയോടൊപ്പം രാത്രി പങ്കിട്ട ശേഷം അപ്രത്യക്ഷനാകുന്നു.
3. അതേ രാത്രി അന്ന വിതറാൽ മയക്കുമരുന്നിനടിമയായി ബോധംകെട്ട്  മരണാസന്നയായി വഴിയരികിൽ കാണപ്പെടുന്നു.

കഥ തുടങ്ങുന്നത് ഈ സംഭവങ്ങൾ നടന്ന് രണ്ടാഴ്ച്ചകൾക്ക് ശേഷം ഒരു ഹോട്ടലിൽ വച്ചാണു. അവിടെ ഇതേ കുറിച്ച് ചർച്ച ചെയ്യാൻ 12 പേർ കൂടിയിട്ടുണ്ട്. അവർക്കിടയിലേക്ക് വാൽട്ടർ മൂഡി അവിചാരിതമായി കടന്ന് വരുന്നു. ന്യൂസിലാൻ്റിലെ ഗോൾഡ് റഷിൽ മറ്റുള്ളവരെ പോലെ തൻ്റെ ഭാഗ്യമുരച്ച് നോക്കാൻ വന്ന ഒരു digger ആണു അയാളും. ആദ്യമൊന്ന് ഞെട്ടിയ പന്ത്രണ്ടംഗ സംഘം, പിന്നീട് മൂഡിയേയും അവരുടെ ചർച്ചയിലേക്ക് കൂട്ടുന്നു.

അവർ ഓരോരുത്തരും ഈ മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട് അവരുടെ കഥകൾ മൂഡിയോട് പറയുന്നു. ഈ കഥകളിൽ നിന്ന് നമ്മൾ,  പ്രത്യക്ഷത്തിൽ സാധാരണ മരണമെന്ന് തോന്നിയേക്കാവുന്ന ക്രോസ്ബിയുടെ മരണം കൊലപാതകമാണെന്നും, ഇയാളുടെ മുറിയിൽ നിന്ന് വളരെയധികം വില വരുന്ന സ്വർണ്ണം കണ്ടെടുക്കപ്പെട്ടിട്ടുണ്ടെന്നും, എമറി സ്റ്റയിൻസ് 2000 പൗണ്ട് അന്ന വിതറാലിനു കൊടുക്കാമെന്ന് വാക്ക് നൽകുന്ന ഒരു മുദ്രക്കടലാസ് ഉണ്ടെന്നും മനസ്സിലാക്കുന്നു. ആരാണു ഇതിനൊക്കെ ഉത്തരവാദി?

ഇതിലെ രസകരമായ വസ്തുത എന്തെന്നാൽ ഈ 12 പേർ ഓരോരുത്തരും ആ മൂന്ന് സംഭവങ്ങളുമായി നല്ലതല്ലാത്ത രീതിയിൽ ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണു. അതിനാൽ അവർ കഥ പറഞ്ഞ് കഴിയുമ്പോൾ ഇവരിലാരെങ്കിലുമാണോ ഈ മൂന്ന് സംഭവങ്ങൾക്കും ഉത്തരവാദി എന്നും നമ്മൾ സംശയിക്കും. ഇതിനിടയിലേക്ക് പ്രതിനായകനായ ഫ്രാൻസിസ് കാർവറും,  ക്രൊസ്ബിയുടെ പത്നി ലിഡിയ വെൽസും,  രാഷ്ട്രീയക്കാരൻ അലിസ്റ്റയർ ലോഡർബാക്കും, ജയിലധികാരി ജോർജ്ജ് ഷപ്പാർഡും കടന്നു വരുമ്പോൾ കഥകൾ മുഴുവനായും ചുരുളഴിയുന്നു.

ഈ പുസ്തകം ജ്യോതിശാസ്ത്രവുമായി ബന്ധപ്പെടുത്തിയാണു രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലൂമിനാരീസ് എന്ന പേരു തന്നെ തിളങ്ങുന്ന, വെളിച്ചമുള്ള രണ്ട് ഗ്രഹങ്ങളായ സൂര്യനേയും ചന്ദ്രനേയുമാണു ഉദ്ദേശിക്കുന്നത്. കഥയിൽ ഇവർ എമറിയും അന്നയുമാണെന്ന് എലീനർ കാട്ടൺ കഥാപാത്രങ്ങളുടെ ചാർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അത് കൂടാതെ തന്നെ 12 പേരും 12 രാശി ചിഹ്നങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു.  ബാക്കിയുള്ളവർ മറ്റു ഗ്രഹങ്ങളുമായും. ഉദ്ദാഹരണത്തിനു ക്രോസ്ബി വെൽസ് ഭൂമിയുമായി (Terra Firma) ബന്ധപ്പെട്ട് കിടക്കുന്നു. അദ്ദേഹം ജീവിക്കുന്നത് അരാഹുര എന്ന താഴ്‌വരയിൽ ഒരു സന്ന്യാസിയെ പോലെയാണ്.

പുസ്തകത്തിന്റെ  ഓരോ ഭാഗവും മുൻഭാഗത്തെക്കാൽ ഏകദേശം പകുതി പേജ് മാത്രമാണു എടുക്കുന്നത്. അത് പോലെ തന്നെ ഓരോ അധ്യായങ്ങളിലെ ആമുഖ വാക്യങ്ങളിലും കാണാം ഇത് പോലെ ഒരു സാദൃശ്യം. ആദ്യത്തെ അധ്യായങ്ങളിൽ ആമുഖ വാക്യങ്ങൾ വളരെ കുറച്ചാണുള്ളത്. അവസാനത്തോടടുക്കുമ്പോൾ ആമുഖ വാക്യങ്ങൾ കൂടുകയും ഉള്ളടക്കം വളരെ ചുരുങ്ങുകയും ചെയ്യുന്നു. ഇതൊക്കെ തന്നെ ഒരു ചാന്ദ്രമാസത്തെ ആണു സൂചിപ്പിക്കുന്നത്. കഥ കലങ്ങി തെളിഞ്ഞ് വരുന്നു എന്ന ഒരർത്ഥവും നമ്മുക്ക് ഇതിനു കൊടുക്കാം.

832 പേജുള്ള ഒരു ബൃഹത്ത് ഗ്രന്ഥമാണ് ദി ലൂമിനാരീസ്. പലരും വായന തുടങ്ങി നിർത്തി വച്ച് പോയ ഒരു പുസ്തകമാണിതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ എൻ്റെ അഭിപ്രായത്തില്‍ ഇത് ഒട്ടും ബോറടിപ്പിക്കാത്ത ഒരു നോവൽ തന്നെയാണ്. തികച്ചും വ്യക്തിപരമായ സമയക്കുറവ് മൂലം മാത്രമാണ് എനിക്ക് ഇത് വായിച്ച് തീരാൻ രണ്ട് മാസത്തോളം എടുക്കേണ്ടി വന്നത്. ഒന്നാഞ്ഞ് പിടിച്ചാൽ ഒരാഴ്ച കൊണ്ട് തീർക്കാവുന്നത് ഒരൊന്നാന്തരം നോവൽ ആണ് The Luminaries.

വായിക്കുക.

Read more...

മഴയില്‍...

>> 2012 ജൂൺ 29


പുതുമഴ പെയ്യുമ്പോള്‍ ,
കോലായില്‍ തിണ്ണ ചാരി
തകൃതിയില്‍ പുസ്തകം വായന

മണ്ണിന്റെ ഗന്ധം ;
ചായയുടെ ചൂട് ;
മറിയുന്ന താളുകള്‍

വീസ്ബോടിന്റെ കമല ,
വിശക്കുന്നവന് മുല ചുരത്തിയ രോശാശാരന്‍ ,
ഗാറ്റ്സ്ബിയുടെ പ്രണയം

പപ്പേട്ടന്റെ പാവം കള്ളനായ പവിത്രന്‍ ,

അപു , ദുര്‍ഗ്ഗ , സര്‍വ്വജയ
ബല്ത്താസറെ പ്രണയിച്ച ബ്ലിമുണ്ട

പുതുമഴ പെയ്യുമ്പോള്‍,
ദൂരെ ,  അവ വന്നു
മാടി വിളിക്കുന്നു

അവരോടൊപ്പം
ഞാനും മഴയില്‍
അലിഞ്ഞില്ലാതാകുന്നു

Read more...

സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ്‌

>> 2012 മേയ് 11

ശ്രീബാല കെ മേനോന്‍ -ന്റെ സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ്‌ എന്ന പുസ്തകത്തിന്റെ സമര്‍പ്പണം ഇങ്ങനെ - വായന മരിച്ചിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന നിങ്ങള്‍ക്ക് . ഒരു വായനക്കാരന്  ഇത്രമേല്‍ സന്തോഷം തരുന്ന മറ്റൊരു വരിയില്ല. എഴുത്തുകാരി നമ്മളെയും ഓര്‍മ്മിക്കുന്നു, നമ്മള്‍ വെളിച്ചപ്പാടലെങ്കിലും.  മിക്ക എഴുത്തുകാരും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പുസ്തകം  സമര്‍പ്പിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഇത്തരത്തിലൊരു സമര്‍പ്പണം വേറിട്ടതാണ്. നന്ദി ശ്രീബാല കെ മേനോന്‍.

അങ്ങനെ 372 ആയി ശേഖരം. 

Read more...

വയലറ്റ് നിറമുള്ള ഒരു പുസ്തകത്തിന്റെ ഓര്‍മ്മയ്ക്ക്

>> 2010 ജനുവരി 7

നിനക്കറിയാമോ എന്നറിയില്ല. ഞാനാദ്യമായി എം. ടി. വാസുദേവന്‍ നായരുടെ ചെറുകഥകള്‍ വായിച്ചത് നീ തന്ന പുസ്തകത്തില്‍ നിന്നാണ്. ആ പുസ്തകത്തിന്‌ ഒരു വയലറ്റിന് അടുപ്പിച്ചു നിറമുള്ള കവര്‍ ആയിരുന്നു.
എന്റെ വായനയുടെ വര്‍ഷം എന്ന പോസ്റ്റില്‍ പ്യാരിയുടെ കമെന്റാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരു പുസ്തകത്തെ കുറിച്ചുള്ള അവളുടെ ഓര്‍മ്മപെടുത്തലുകള്‍ എന്നെ ഒത്തിരി വര്‍ഷം പിറകിലോട്ടു കൊണ്ടു പോയി. എന്റെ വായനയുടെ തുടക്കം ആ പുസ്തകത്തില്‍ നിന്നാണ്. ബാല്യത്തില്‍ ഞാന്‍ ഒരു ലൈബ്രറിയിലെയും മെമ്പര്‍ ആയിരുന്നില്ല. എന്റെ സ്കൂളില്‍ ഒരു ലൈബ്രറി ഉണ്ടായിരുന്നില്ല. അച്ഛന്‍ വാങ്ങിച്ചു വച്ച പുസ്തകങ്ങള്‍ അധികവും എനിക്ക് ദഹിക്കുന്നവയായിരുന്നില്ല. വായിച്ചിരുന്നത് മിക്കതും ബാലരമയും പൂമ്പാറ്റയും അമര്‍ചിത്രകഥയും മറ്റുമായിരുന്നു. അപ്പോഴാണ് ആ വയലറ്റ് നിറമുള്ള പുസ്തകത്തിന്റെ വരവ്. പത്താം ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ പാസായപ്പോള്‍ എന്റെ അച്ഛന്റെ അനിയന്റെ സമ്മാനമായിരുന്നു അത്. മറ്റെല്ല്ലാവരും എനിക്ക് ഷര്‍ട്ടും മറ്റും വാങ്ങിത്തന്നപ്പോള്‍ ബാബുവെളേച്ഛന്‍ മാത്രമാണ് സമ്മാനമായി ഒരു പുസ്തകം തരുന്നത്. അതായിരുന്നു വയലറ്റ് ചട്ടയുള്ള, വടകരക്കാരനായ വി. ആര്‍. സുധീഷ് എഡിറ്റ് ചെയ്ത, മള്‍ബറി പബ്ലിക്കേഷന്‍സിന്റെ എം.ടി എന്ന പുസ്തകം. പുസ്തകത്തിന്റെ ചട്ടയില്‍ ശ്രീ എം. ടി. വാസുദേവന്‍ നായരുടെ ചിത്രവും അതിന്റെ അരികിലായി അദ്ദേഹത്തിന്റെ ഒപ്പ് പോലെ എം. ടി എന്ന തലക്കെട്ടും.

എം. ടി യുടെ ചില കഥകളും, നോവലിലെ ചില ഭാഗങ്ങളും, പിന്നെ അദ്ദേഹത്തിന്റെ കുറെ ലേഖനങ്ങളും, സുധീഷുമായുള്ള ഒരു അഭിമുഖവുമാണ്
അതില്‍ ഉണ്ടായിരുന്നത്. കുറേക്കാലം ആ പുസ്തകം എന്റെ ജീവവായു പോലെയായിരുന്നു. ഊണിലും ഉറക്കത്തിലും അതിനെ കൊണ്ടു നടന്നു. കഥകള്‍ വീണ്ടും വീണ്ടും വായിച്ചു. ഇഷ്ടമുള്ള വരികള്‍ക്കടിയില്‍ വരയിട്ടു വച്ചു. കാഥികന്റെ പണിപ്പുര എന്ന ലേഖനത്തില്‍ എം. ടി. എഴുതിയ - പൂര്‍ണ്ണമായും മനസ്സില്‍ എഴുതിക്കഴിഞ്ഞ കഥയെ കടലാസ്സില്‍ പകര്‍ത്താവൂ - എന്ന ആപ്തവാക്യം നെഞ്ചേറ്റി നടന്നു. ഒരു കഥയെഴുതാന്‍ മനസ്സെന്ന വലിയ ക്യാന്‍‌വാസിനെ സജ്ജമാക്കികൊണ്ടിരുന്നു. പക്ഷേ ഒന്നും എഴുതിയില്ല.ആ സമയങ്ങളിലാണ് പ്യാരിയും മറ്റു സുഹൃത്തുക്കളുമൊക്കെ സ്കൂള്‍ മാഗസിനിലും ബാലപംക്തിയിലുമൊക്കെ എഴുതുന്നത്. അവരെ അസൂയയോടെ ദൂരെ നിന്ന് നോക്കി കണ്ടു.

ആ പുസ്തകം എന്നെ ഒരു എം. ടി ആരാധകനാക്കി. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അമ്മയെ സോപ്പിട്ട് കുറച്ച് കാശൊപ്പിച്ച് വടകര റെയില്‍‌വെ സ്റ്റേഷനിലെ ബുക്ക് സ്റ്റോറില്‍ നിന്ന് അസുരവിത്ത് എന്ന പുസ്തകം ഞാന്‍ വാങ്ങിച്ചു. അതും വായിച്ചതോടെ ഞാന്‍ ഫ്ലാറ്റ്. പിന്നങ്ങോട്ട് ഓരോ എം. ടി. പുസ്തകവും വായിക്കാനുള്ള ത്വരയായിരുന്നു. എനിക്കു കിട്ടിയ നാലുകെട്ട് എന്ന പുസ്തകത്തില്‍ അവസാന പേജുകളില്ലാത്തതിനാല്‍ അതിന്റെ അവസാനമെന്തെന്നറിയാതെ കുറേ നാള്‍ വിഷമിച്ചു. കൈയ്യില്‍ കാശു വന്നു തുടങ്ങിയപ്പോള്‍ എം. ടി യുടെ ഓരോ പുസ്തകവും വാങ്ങിച്ചു തുടങ്ങി. ഇന്ന് എന്റെ വായനയുടെയും പുസ്തകശേഖരണത്തിന്റെയുമൊക്കെ തുടക്കം ആ ഒറ്റ പുസ്തകം മൂലമായിരുന്നു.

ആ പുസ്തകം ഇന്ന് പ്രിന്റില്‍ ഉണ്ടോ എന്നെനിക്കറിയില്ല. ഇവിടെ പോസ്റ്റാന്‍ അതിന്റെ മുഖചിത്രം ഗൂഗിളില്‍ തിരഞ്ഞു നോക്കിയിട്ട് കിട്ടിയില്ല. എന്റെ കൈയ്യില്‍ ആ പുസ്തകമെത്തിയിട്ട് പതിനഞ്ച് വര്‍ഷങ്ങളായി. വായിച്ച് വായിച്ച് അതിന്റെ കടലാസ്സുകള്‍ പിഞ്ഞിപ്പോയിരിക്കുന്നു. അതിലെ കഥകളെല്ലാം തന്നെ ഞാന്‍ വാങ്ങിയിരിക്കുന്ന എം ടി യുടെ മറ്റു പുസ്തകങ്ങളില്‍ ഉണ്ട്. എങ്കിലും അതെനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. അതിലാണ് എന്റെ വായനയുടെ തുടക്കം. അതിനെ ഓര്‍മ്മപെടുത്തിയതിന് പ്യാരിക്ക് നന്ദി. അല്ലെങ്കില്‍ ഒരു പക്ഷേ ഈ പോസ്റ്റുണ്ടാവുമായിരുന്നില്ല.

Read more...

വായനയുടെ വര്‍ഷം

>> 2009 ഡിസംബർ 23

ഓരോ വായനയും ഓരൊ അനുഭവമാണെന്നുള്ളത് എവിടെയോ കേട്ട ഒരു വാചകമാണ്. ആളുകള്‍ ഈ വര്‍ഷാവസാനത്തില്‍ തങ്ങളുടെ ചെയ്തികളെയും വളര്‍ച്ചയേയും മുന്‍‌നിര്‍ത്തി അടുത്ത വര്‍ഷത്തേക്കുള്ള തീരുമാനങ്ങള്‍ എടുക്കുന്ന ഈ സമയത്ത് ഞാന്‍ എന്തിനാണ് വായനയെ കുറിച്ച് വാചാലനാകുന്നത്? അതിനുള്ള ഉത്തരമെന്തെന്നാല്‍ അടുത്ത വര്‍ഷവും ഞാന്‍ തീര്‍ച്ചയായും ചെയ്യാന്‍ തീരുമാനിച്ച ഒന്ന് എന്റെ വായനയാണ്. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനായിരിക്കും എന്റെ അടുത്ത വര്‍ഷത്തേയും അറിഞ്ഞോ അറിയാതെയോ ഉള്ള റെസല്യൂഷന്‍.

അലക്സിസ്, അദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റില്‍, വായനയ്ക്കുള്ള സമയം എങ്ങനെ കണ്ടെത്താം എന്നതിനെ കുറിച്ച് പറയുന്നുണ്ട്. അദ്ദേഹം പറയുന്നത് വായിക്കാന്‍ അമിതമായ താല്പര്യമുള്ള ഒരാള്‍ എങ്ങിനെയെങ്കിലും അതിന് സമയം കണ്ടെത്തുമെന്നാണ്. അത്തരക്കാര്‍ക്ക് വായന ഭക്ഷണം കഴിക്കുന്നത് പോലെയാണെന്നും കഴിക്കാന്‍ കഴിഞ്ഞിലെങ്കില്‍ അവര്‍ക്ക് വിശക്കുമെന്നു അദ്ദേഹം പറയുന്നു. വളരെ ശരിയാണത്. അത്തരത്തില്‍ പെട്ടൊരുവനാകും ഞാനും. ഇന്ന് ഒരു ദിവസം എന്തെങ്കിലുമൊക്കെ വായിച്ചിലെങ്കില്‍ വല്ലാത്തൊരു മാനസികാവസ്ഥയിലാകാറുണ്ട് ഞാന്‍. ഒരു തരം addicted ആയ അവസ്ഥ. അത് കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആണ് കൂടിയത്, കാരണം ഈ വര്‍ഷമാണ് ഞാന്‍ ഒറ്റയ്ക്ക് താമസം തുടങ്ങിയത്. അപ്പോള്‍ ഒത്തിരി സമയമുണ്ട് എന്റെ കൈയ്യില്‍, വായിക്കാനോ ഒരു അലമാരി നിറച്ച് പുസ്തകങ്ങള്‍. ചില വീക്കെന്റുകളില്‍ ടി.വി. പോലും വയ്ക്കാതെ ഞാന്‍ വായിച്ചിട്ടുണ്ട്. കക്കൂസിലും ലിഫ്റ്റിലും വച്ച് വായിച്ചിട്ടുണ്ട്. ഓഫീസിലെ സിസ്റ്റം ക്രാഷ് ആയി റീബൂട്ട് ചെയ്യുമ്പോള്‍ ഒരു എം.ടി തിരക്കഥയിലെ 3-4 സീന്‍ വായിച്ചു തീര്‍ത്തിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വായനയുടെ വര്‍ഷമാണിത്. ഏകാന്ത വായനയുടെ ഒരു വര്‍ഷം. ഈ പോസ്റ്റ് എന്റെ വായനയെ കുറിച്ചല്ല മറിച്ച് ഞാന്‍ വായിച്ച മലയാളത്തിലെ ചില നല്ല പുസ്തകങ്ങളെ കുറിച്ചാണ്. എന്റെ ഈ ലിസ്റ്റ് നിങ്ങള്‍ക്കും സഹായകരമാവട്ടെ.


കോഫീഹൌസിന്റെ കഥ ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്ന് നമ്മള്‍ കുടിക്കാറുള്ള കാപ്പി പോലെ മധുരവും സ്വാദേറിയതുമായ ഒരു രചനയാണ്. ഈ പുസ്തകം കോഫീഹൌസിന്റെ ജീവചരിത്രമാണ്. കുത്തക സ്ഥാപനങ്ങള്‍ക്കിടയില്‍ എങ്ങനെ തൊഴിലാളികളാല്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു സ്ഥാപനം ഉയര്‍ന്നു വന്നു എന്ന് അതിന്റെ ആദ്യകാല നേതാക്കളിലൊരാളായ നടയ്ക്കല്‍ പരമേശ്വരന്‍ പിള്ള നമ്മുക്ക് കാണിച്ച് തരുന്നു. അടുത്ത തവണ നിങ്ങള്‍ കോഫീ ഹൌസില്‍ കയറി കാപ്പി കുടിക്കുമ്പോല്‍ ഓര്‍ക്കുക സുഹൃത്തേ ആ കാപ്പി കൊണ്ട് തരുന്നയാള്‍ പോലും ആ സ്ഥാപനത്തിന്റെ മുതലാളിയാണ്. ചരിത്രത്തില്‍ താല്പര്യമുള്ള ആര്‍ക്കും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്.


ഞാന്‍ വായിച്ച മറ്റൊരു ജീവചരിത്ര ഗ്രന്ഥം സഖാവ് ആണ്. ടി.വി.കൃഷ്ണന്‍ എഴുതിയ സഖാവ് പി. കൃഷ്ണപ്പിള്ളയുടെ ജീവചരിത്രമാണത്. ഈയെമ്മെസ്സിനും ഏ കെ ജിക്കും മുന്‍പേ കേരള രാഷ്ട്രീയചരിത്രത്തില്‍ നടന്നു മറഞ്ഞ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റാണ് സഖാവ്. അന്നും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു സഖാവേയുള്ളൂ, അത് സഖാവ് പി കൃഷ്ണപ്പിള്ളയാണ്. അദ്ദേഹത്തിന്റെ സംഘാടന പാടവവും നിസ്വാര്‍ത്ഥ മനോഭാവവും ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ ഒന്ന് പഠിച്ചെടുക്കേണ്ടത് തന്നെയാണ്. അതില്‍ വിഷയമാക്കിയിരിക്കുന്ന മറ്റൊന്ന്‍ അത്രയ്ക്കൊന്നും കേട്ടറിഞ്ഞിട്ടില്ലാത്ത അദ്ദേഹത്തിന്റെ പ്രണയവും വിവാ‍ഹവുമാണ്. ജയിലിലായിരിക്കുമ്പോള്‍ അദ്ദേഹം ഹിന്ദിയിലെഴുതിയ രഹസ്യരേഖകള്‍, തിരുവിതാകൂര്‍ ദിവാന്റെ രഹസ്യപോലീസിനെ പേടിക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തു കൊടുത്ത തങ്കമ്മയെയാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. തന്നോടൊപ്പമുള്ള ജീവിതം വിഷമകരവും, വ്യത്യസ്തവുമായിരിക്കുമെന്ന് പറഞ്ഞ് ഒരാണും ഒരു പെണ്ണിനെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചാനയിച്ചിട്ടുണ്ടാവില്ല. എന്നാല്‍ സഖാവ് അങ്ങനെയാണ് ചെയ്തത്. പാര്‍ട്ടിക്ക് ശേഷം മാത്രമായിരുന്നു സഖാവിന് എന്തും.

നോവലുകളില്‍ ഞാന്‍ വായിച്ചത് ഉറൂബിന്റെ സുന്ദരികളും സുന്ദരിമാരും, പൊറ്റെക്കാടിന്റെ വിഷകന്യക, കൊച്ചുബാവയുടെ വൃദ്ധസദനം, കെ. പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയാണ്. പിന്നെ ഒരു പുനര്‍വായനയായി എം.ടി യുടെ കാലം.


സുന്ദരികളും സുന്ദരിമാരും ഒരു ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമാണ്. ഖസാക്കിനും, ആള്‍ക്കൂട്ടത്തിനും, രണ്ടാമൂഴത്തിനുമൊപ്പമാണ് അതിന്റെ സ്ഥാനം. ഒരു പക്ഷേ ഒരു കാലഘട്ടത്തിന്റെ കഥ ഇത്ര ഭംഗിയായി അനാവരണം ചെയ്യുന്ന കൃതി മലയാളത്തില്‍ വേറെ ഉണ്ടോ എന്ന് എനിക്കറിയില്ല. മാപ്പിള ലഹള മുതല്‍ സ്വാതന്ത്ര്യാനന്തര കാലം വരെ ഒരു ഗ്രാമത്തിന്റെയും ഒരു പറ്റം ജനതയുടെയും കഥ പറയുന്നു ഉറൂബ് ഇതില്‍. ഏതര്‍ത്ഥത്തില്‍ മലയാള സാഹിത്യത്തിലെ ഒരു must read.

വിഷകന്യക
യിലൂടെ എസ്. കെ. പൊറ്റക്കാട് കാട് വെട്ടി തെളിച്ച് പൊന്നു വിളയിച്ച ഒരു ധീര ജനതയുടെ കഥ പറയുന്നു. അവര്‍ തിരുവിതാകൂര്‍ വിട്ടു മലബാറിലേക്ക് വന്നവരാണ്. ആ തരിശുഭൂമിയെ സസ്യ ശ്യാമളമാക്കാന്‍ വന്ന മനുഷ്യരെ പക്ഷേ ഭൂമി അത്ര പെട്ടന്ന് അടുപ്പിക്കുന്നില്ല. പ്രതികൂല കാലാവസ്ഥയിലും പ്രകൃതിയിലും രോഗാതുരരായി അവര്‍ ഭൂമിയോട് പോരാടികൊണ്ടിരിക്കുന്നു. ആ മനുഷ്യരുടെയും ഭൂമിയുടെയും കഥയാണ് വിഷകന്യക.

മരണത്തിന് കീഴടങ്ങും മുമ്പ് കൊച്ചുബാവ എഴുതിയ ഏറ്റവും മികച്ച സൃഷ്ടിയാണ് വൃദ്ധസദനം. രണ്ടാം ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി വൃദ്ധസദനത്തിലെത്തുന്ന സിറിയക് ആന്റണി എന്ന അന്‍പത്തിയഞ്ചുകാരന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. ആ വൃദ്ധസദനത്തില്‍ നടക്കുന്ന കാര്യങ്ങളും സിറിയക്കില്‍ അത് ഉണ്ടാകുന്ന പ്രയാസങ്ങളും ദുഖങ്ങളും ആണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. പല സ്ഥലത്തും നമ്മളെ കണ്ണീരണിയിക്കുന്നു വൃദ്ധസദനം.

സൂഫി പറഞ്ഞ കഥ
ഒരു മിത്തിനെ ആധാരമാക്കിയുള്ള നോവലാണ്. പൊന്നാന്നി കടപ്പുറത്ത് വന്ന ജാറത്തിലെ ബീവി ഒരു ഹിന്ദു വീട്ടിലെ പെണ്‍കുട്ടിയാണെന്നുള്ള മിത്തില്‍ നിന്നാണ് ഈ കഥയൊരുങ്ങുന്നത്. കാര്‍ത്തിയെന്ന പെണ്‍കുട്ടിയുടെ കഥ അങ്ങനെയാണ് രാമനുണ്ണി അഴിച്ചു വിടുന്നത്. അവള്‍ ഭഗവതിയുടെ ഒരു അവതാരമാണോ എന്നു അവളുടെ കാരണവരായ ശങ്കു മേനോന്‍ ഭയക്കുന്നുണ്ട്. അങ്ങനെയിരിക്കെയാണ് പീത്താന്‍ മാമൂട്ടി കച്ചവടത്തിനായി ശങ്കുമേനോന്റെ അടുത്ത് എത്തുന്നത്. കാര്‍ത്തി അയാളില്‍ ആകൃഷ്ടയാവുകയും പിന്നീട് അയാളോടൊപ്പം ഇറങ്ങിപ്പോവുകയും ചെയ്യുന്നു. കലിമ ചൊല്ലി ഇസ്ലാമായ കാര്‍ത്തിക്ക് എല്ലാ ആഗ്രഹങ്ങളും മാമൂട്ടി നിറവേറ്റി കൊടുക്കുന്നു. ഭഗവതിയുടെ ഒരമ്പലം വേണമെന്നുള്ള ആഗ്രഹം വരെ. അവിടെ നിന്നാണ് സംഭവങ്ങള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാവുന്നത്. സൂഫി പറഞ്ഞ കഥ രാമനുണ്ണിയുടെ ആദ്യ നോവലാണ്. ഈ നോവലാണ് പ്രിയനന്ദന്റെ അടുത്ത സിനിമ.

കഥകളുടെ ഒരു കൂമ്പാരം തന്നെ ഈ വര്‍ഷം വായിച്ചു തീര്‍ന്നിരിക്കണം. ഒ. വി. വിജയന്‍, അക്ക്ബര്‍ കക്കട്ടില്‍, മാധവിക്കുട്ടി, ലളിതാംബിക അന്തര്‍ജനം, യു പി ജയരാജ്, എം. പി. നാരായണപ്പിള്ള, ഐതിഹ്യമാല. അങ്ങനെ ഒരുപാട് ഒരുപാട്. വിജയന്റെ പറയൂ ഫാദര്‍ ഗോണ്‍സാലസ്സും, നാരായണപ്പിള്ളയുടെ കള്ളനും ഒക്കെ മനസ്സിനെ ഇപ്പോഴും വേദനിപ്പിക്കുന്നു. ഐതിഹ്യമാല എനിക്ക് പഴയ മിത്തുകളെ തിരിച്ചു തരുന്നു. അക്ക്ബര്‍ കക്കട്ടിലിന്റെ എല്ലാ കഥകളും എന്റെ ഭാഷയുടെ മണമുള്ളതാണ്. അതിലെ വടകര ഭാഷ എന്നെ വീണ്ടും വീണ്ടും നാട്ടിലെ ഇടവഴിയില്‍ എത്തിക്കുന്നു. മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന വൈശാഖന്റെ സൈലന്‍സര്‍ ആണ് ഹൃദയത്തില്‍ തട്ടിയ മറ്റൊരു കഥ. ഫ്ലാറ്റില്‍ ചെടികളെ വളര്‍ത്തിയ മനുഷ്യന്റെ കഥ പറഞ്ഞ് സുസ്മേഷ് ചന്ത്രോത്തും എന്നെ ഞെട്ടിച്ചു. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകള്‍ അവരുടെ മരണത്തിന് ശേഷം വീണ്ടും വായിച്ച് ആത്മസംതൃപ്തിയടഞ്ഞു. അത്രയും ലളിതമായ സ്മരണകള്‍ എനിക്കില്ലല്ലോ!

തിരക്കഥകളില്‍ എന്റെ പ്രിയപ്പെട്ട എം.ടി., പത്മരാജന്‍, പിന്നെ ഗുല്‍മോഹര്‍ എഴുതിയ ദീദി ദാമോദരന്‍ എന്നിവരെയായിരുന്നു വായിച്ചത്. എം.ടിയുടെ ഒരു വടക്കന്‍ വീരഗാഥയും, വാരിക്കുഴിയും, ഓപ്പോളും ഒരു പുതിയ അനുഭൂതി പകര്‍ന്നു തന്നു. ഒരു ചെറുപുഞ്ചിരി എന്ന പുസ്തകം ഒരു ചെറുകഥയില്‍ നിന്ന് എങ്ങനെ ഒരു നല്ല തിരക്കഥ ഉണ്ടാക്കാമെന്ന് പഠിപ്പിച്ചു തന്നു. ഗുല്‍മോഹര്‍ എന്ന തിരക്കഥയില്‍ നിന്നും ഒത്തിരി വ്യത്യസ്തമാണ് ഗുല്‍മോഹര്‍ എന്ന സിനിമ. ഒരു സംവിധായകന്‍ ഒരു തിരക്കഥാകൃത്തിനോട് ചേരുമ്പോളാണ് സിനിമ മികച്ചതാകുന്നത് എന്നത്തിന്റെ ഉത്തമ ഉദ്ദാഹരണമാണ് ഗുല്‍മോഹര്‍ എന്ന സിനിമയും തിരക്കഥയും. തിരക്കഥയില്‍ രഞ്ജിത്തിന്റെ ഇന്ദുചൂഢന്‍ പോലീസിനാല്‍ പിടിക്കപ്പെട്ട് ജയിലിലെത്തുമ്പോല്‍ സിദ്ദിഖിന്റെ ഹരികൃഷ്ണന്‍ (രണ്ടു പേരും നക്സലൈറ്റുകളാണ്) താനാണ് അവനെ ഒറ്റികൊടുത്തതെന്ന് പറയുന്നുണ്ട്. അതിന്റെ കാരണമോ, രണ്ടു പേരും ഇഷ്ടപ്പെട്ട പെണ്‍കുട്ടി ഇന്ദുചൂഢനെയാണ് സ്നേഹിച്ചിരുന്നത് എന്നതാണ്. വളരെ ബാലിശമായ ഒരു സീനായിരുന്നു അത്. ഒരു പെണ്ണിനു വേണ്ടി തന്റെ സുഹൃത്തും കൂടപ്പിറപ്പെന്ന് കരുതുന്നതുമായ ഒരാളിനെ ഒറ്റുകൊടുക്കുകയെന്നത് ഒട്ടും യുക്തിക്ക് നിരക്കുന്നതല്ല, പ്രത്യേകിച്ചും ചെയ്യുന്നത് ഒരു നക്സലൈറ്റ് ആകുമ്പോള്‍. സിനിമയില്‍ അങ്ങനെയൊന്നില്ല. പകരം -“ഒത്തിരി പറയാന്‍ ബാക്കിയുണ്ട് നമുക്കിടയില്‍” എന്ന ഹരികൃഷ്ണന്റെ ഒരു വാചകം മാത്രമെ ഉള്ളൂ. അത് പ്രണയത്തെകുറിച്ചോ, രാഷ്ട്രീയത്തെ കുറിച്ചോ എന്തുമാകാം.

ഈ കൊല്ലത്തെ ആകെയുള്ള പുസ്തകവായനയല്ല ഇത്. കുറച്ച് ഇംഗ്ലീഷ് പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. വാങ്ങിച്ചുകൂട്ടുന്ന പുസ്തകകൂട്ടങ്ങള്‍ വായിച്ചു തീര്‍ക്കാന്‍ ഞാന്‍ പ‍ാ‍ടുപെടുമ്പോള്‍ ഈ ക്രിസ്തുമസ് - പുതുവത്സര സമയത്ത് എനിക്കു അലെക്സിസ്സ് പറഞ്ഞത് പോലെ ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി കൊടുക്കുമ്പോള്‍ പുസ്തകങ്ങള്‍ വാങ്ങിച്ചു കൊടുക്കൂ. അവരില്‍ നല്ല വായനാശീലം വളര്‍ത്താന്‍ ശ്രമിക്കൂ. കാരണം ഓരോ വായനയിലും നിങ്ങള്‍ കാണുന്നത് ഓരോ ലോകമാണ്, പുതിയ മനുഷ്യരാണ്.

അതിനാല്‍ വായിക്കുക, വളരുക.

എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് പുതുവത്സരാ‍ശംസകള്‍

P.S. ചിത്രം - Andre Martins de Barros

Read more...

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP