ചില ന്യൂ ജനറേഷന്‍ സദാചാര ചിന്തകള്‍

>> 2014 മാർച്ച് 23

സ്വന്തം വീടിനു മുന്നില്‍ ആരോ സ്ഥാപിച്ച അത്താണി പോലത്തെ കല്ല്‌ ബെഞ്ചില്‍ ചുംബിച്ചു കൊണ്ടിരുന്ന അടുത്ത കലാലയത്തിലെ യുവമിഥുനങ്ങളെ, വീട്ടില്‍ നിന്നിറങ്ങി ചെന്ന് നല്ല ഒച്ചയുള്ള ശബ്ദത്തില്‍ സദാചാരത്തെ പറ്റി ഉപദേശിക്കുകയും, അതും കഴിഞ്ഞു അവരെ വളര്‍ത്തി വലുതാക്കിയ വീട്ടുകാരെ ചീത്ത വിളിക്കുകയും ചെയ്തതിനു ശേഷം ആ ദമ്പതിമാര്‍ തിരിച്ചു കയറി പോയി.

അന്ന് രാത്രി ആ യുവമിഥുനങ്ങളുടെ സ്വപ്നത്തില്‍ നാല്പതിനുമേല്‍ പ്രായം തോന്നിക്കുന്ന ഒരാണും പെണ്ണും പ്രത്യക്ഷപെട്ടു. അവരിലെ ആണ് ഇങ്ങനെ പറഞ്ഞു - "പണ്ട്,  ഇന്ന് നിങ്ങളെ വഴക്ക് പറഞ്ഞ ദംബതിമാരിലെ സ്ത്രീയെ ഞാന്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍,  അവള്‍ പറഞ്ഞ സദാചാരം കേട്ട് ഞാനവളെയും; ആ ദംബതിമാരിലെ പുരുഷനെ ഇവൾ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍, അവന്‍ പറഞ്ഞ സദാചാരം കേട്ട് ഇവള്‍ അവനെയും ഉപേക്ഷിച്ചതിന്റെ വിഷമത്തിലാണ്  അവര്‍ . കാലം ഞങ്ങളെയും അവരെയും ഒരുമിപ്പിച്ചു. ചേരേണ്ടതേ ചേരൂ. അതിനാല്‍ ഇതൊന്നും സാരമാക്കണ്ട "

അതിനു പിന്നീടുള്ള മിക്ക ദിവസങ്ങളിലും ആ യുവാക്കള്‍ അവിടെ ചെന്ന് പ്രണയപൂര്‍വ്വം ചുംബനങ്ങള്‍ പങ്കുവെച്ചു. ഒരിക്കല്‍ പോലും ആ ദമ്പതിമാര്‍ അവരെ ശല്യം ചെയ്തില്ല. ആ ദിവസങ്ങളില്‍, ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയാല്‍, അവര്‍ അവരുടേതായ സദാചാര മൂല്യങ്ങളെ തകര്‍ത്തെറിയാനുള്ള പ്രവര്‍ത്തികളില്‍ വ്യാപൃതരായിരുന്നു.

Read more...

മഴയില്‍...

>> 2012 ജൂൺ 29


പുതുമഴ പെയ്യുമ്പോള്‍ ,
കോലായില്‍ തിണ്ണ ചാരി
തകൃതിയില്‍ പുസ്തകം വായന

മണ്ണിന്റെ ഗന്ധം ;
ചായയുടെ ചൂട് ;
മറിയുന്ന താളുകള്‍

വീസ്ബോടിന്റെ കമല ,
വിശക്കുന്നവന് മുല ചുരത്തിയ രോശാശാരന്‍ ,
ഗാറ്റ്സ്ബിയുടെ പ്രണയം

പപ്പേട്ടന്റെ പാവം കള്ളനായ പവിത്രന്‍ ,

അപു , ദുര്‍ഗ്ഗ , സര്‍വ്വജയ
ബല്ത്താസറെ പ്രണയിച്ച ബ്ലിമുണ്ട

പുതുമഴ പെയ്യുമ്പോള്‍,
ദൂരെ ,  അവ വന്നു
മാടി വിളിക്കുന്നു

അവരോടൊപ്പം
ഞാനും മഴയില്‍
അലിഞ്ഞില്ലാതാകുന്നു

Read more...

സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ്‌

>> 2012 മേയ് 11

ശ്രീബാല കെ മേനോന്‍ -ന്റെ സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ്‌ എന്ന പുസ്തകത്തിന്റെ സമര്‍പ്പണം ഇങ്ങനെ - വായന മരിച്ചിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന നിങ്ങള്‍ക്ക് . ഒരു വായനക്കാരന്  ഇത്രമേല്‍ സന്തോഷം തരുന്ന മറ്റൊരു വരിയില്ല. എഴുത്തുകാരി നമ്മളെയും ഓര്‍മ്മിക്കുന്നു, നമ്മള്‍ വെളിച്ചപ്പാടലെങ്കിലും.  മിക്ക എഴുത്തുകാരും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പുസ്തകം  സമര്‍പ്പിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഇത്തരത്തിലൊരു സമര്‍പ്പണം വേറിട്ടതാണ്. നന്ദി ശ്രീബാല കെ മേനോന്‍.

അങ്ങനെ 372 ആയി ശേഖരം. 

Read more...

ഒരു ജീവിതത്തിന്റെ ആരംഭം

>> 2012 ഫെബ്രുവരി 19

ആശുപത്രിയുടെ ഇടനാഴിയില്‍ ഓപറേഷന്‍ തീയേറ്റര്‍ എന്നെഴുതിയ വലിയ ബോര്‍ഡിനു കീഴില്‍  അയാള്‍ കാത്തു നിന്നു. ഭാര്യ പ്രസവത്തിനായി പോയിട്ട് കുറച്ചധികം നേരമായി. അയാളുടെ  മനസ്സിന്റെ പിരിമുറുക്കം കൂട്ടാന്‍ വേണ്ടി മാത്രം ഇടയ്ക്കിടയ്ക്  ഫോണില്‍ ആരൊക്കെയോ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒടുവില്‍ ഓപ്പറേഷന്‍ തീയേറ്ററിന്റെ വാതില്‍ തുറന്നു വന്ന നേഴ്സ് പറഞ്ഞു - "Mr എക്സ് . താങ്കളുടെ ഭാര്യ  വൈ പ്രസവിച്ചു. സിസേറിയന്‍ ആയിരുന്നു. ഇതാ ആണ്‍ കുഞ്ഞാണ്".

വൈയുടെ ബോധം തെളിഞ്ഞപ്പോഴേക്കും പിന്നെയും കുറച്ചു സമയം കഴിഞ്ഞിരുന്നു. അവളുടെ കിടക്കയുടെ വലതു വശത്തായി തന്നെ അയാള്‍ കുറെ നേരമായി ഇരിക്കുന്നു, അവളുണരുമ്പോള്‍ കുഞ്ഞിനെ കാണിയ്ക്കാനായി. ശസ്ത്രക്രിയയുടെ ആലസ്യത്തില്‍ നിന്നുണര്‍ന്ന വൈ, എക്സിന്റെ കൈകളിലിരുന്ന കുഞ്ഞിനെ വാത്സല്യത്തോടെ ഒന്ന് തൊട്ടു. എന്നിട്ട് ചോദിച്ചു- "ഫെയിസ്ബുക്കില്‍ സ്റ്റാറ്റസ് അപ്ടേറ്റ്‌ ചെയ്തോ?"

"എപ്പോഴെ, രണ്ടു നിമിഷം മുന്‍പ് നാല്പത്തിയേഴാമത്തെ ലൈക്കും  പതിനെട്ടാമത്തെ കമ്മെന്റും വന്നു. ഫോട്ടോ നീ ഉണര്‍ന്നിട്ടു എടുത്ത് അപ്‌ലോഡ്‌  ചെയ്യാമെന്ന് കരുതി."

അതിനു ശേഷം അവര്‍ മൂവരും കൂടി ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ എക്സ് തന്റെ ഡിജിറ്റല്‍ ക്യാമെറയില്‍ പകര്‍ത്തി. അന്ന് രാത്രിയോടെ, വൈറ്റമിന്‍ ഗുളികകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും  വൈയുടെ  നിറഞ്ഞ വയറും ഒക്കെ പ്രത്യക്ഷപെട്ട അവരുടെ കഴിഞ്ഞ പത്ത് മാസത്തെ  ഫെയിസ്ബുക്ക് ടൈം ലൈനില്‍ ,  ശുഭപരിയവസാനിയായി മകന്‍ ഇസെഡ്  പ്രത്യക്ഷനായി. അന്ന് തന്നെ എക്സ് തന്റെ മകനായി ഒരു പുതിയ ഫേസ്ബുക്ക് പ്രൊഫൈല്‍ തുടങ്ങി. അതില്‍ "ഡേ വണ്‍ " എന്ന പേരിലെ ആല്‍ബത്തില്‍ അയാള്‍ തന്റെ മകന്റെ അനേകം ഫോട്ടോകളും  അപ്‌ലോഡ്‌ ചെയ്തു.

അപ്പോള്‍ മൈലുകള്‍ക്കപ്പുറം ഭൂമിയുടെ അങ്ങേ  അറ്റത് ഇരുപത്തിയേഴുകാരനായ ഒരു കോടീശ്വരന്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തന്റെ ഡയറി തുറന്ന്  ആ ദിവസത്തെ താളില്‍ ഇങ്ങനെ എഴുതി. - "ഇന്ന് മറ്റനേകം കുഞ്ഞുങ്ങള്‍ ജനിച്ചതോടൊപ്പം Mr & Mrs എക്സിന്റെ മകന്‍ ഇസെഡ് ഭൂജാതനായി, ഇനി അവന്റെ ഓരോ ചലനങ്ങളും സ്വകാര്യതയും ഒക്കെ എന്റെ കൈയ്യില്‍ ഭദ്രം." കിടന്നപ്പോള്‍ , തന്റെ കിടപ്പുമുറിയില്‍ തൂക്കിയിട്ടിരിക്കുന്ന , ഫേസ്ബുക്ക് അക്കൌണ്ടുകളുടെ വര്‍ദ്ധിച്ചു വരുന്ന എണ്ണം കാണിച്ചു കൊണ്ടിരുന്ന മോണിട്ടറില്‍  നോക്കി അയാള്‍ ഒന്ന് പുഞ്ചിരിച്ചു. പിന്നെ തന്റെ സ്വപ്നങ്ങളിലേക്ക് കണ്ണ് തുറന്നു.

Read more...

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP