ദീപസ്തംഭം മഹാശ്ചര്യം..

>> 2008, മാർച്ച് 24


തൃശൂര്‍ പൂരത്തിനെ വെല്ലുന്ന ഡിജിറ്റല്‍ ഡോള്‍ബി ഒച്ചയുമായി ഒടയതമ്പുരാന്‍ തന്റെ ചെണ്ടമേളം തുടങ്ങിയപ്പോഴേ ഹാജിയാര്‍ക്ക് നെഞ്ചിടിപ്പ് തുടങ്ങി.
“ഹെന്റെ പടച്ചോനെ ഒരു കൊസറാക്കൊള്ളി മയ പെയ്യുമോ ഈ നേരം കെട്ട നേരത്ത്.”

മഴ പെയ്താല്‍ തന്റെ കുട്ടികള്‍ എങ്ങനെ കോഴിക്കോട് പ്രീമിയര്‍ ലീഗ് ചട്ടിയേറ് മത്സരത്തിനു കളിക്കും എന്നായിരുന്നു അയാളുടെ ആശങ്ക. പൊന്നും വില കൊടുത്തു വാങ്ങിയ മക്കളാണ്‌. ചട്ടികള്‍ ഏഴും ആദ്യത്തെ ഏറിനു തന്നെ എറിഞ്ഞിടാന്‍ കഴിവുള്ള ചുണക്കുട്ടികള്‍. അന്തിക്കാട്ടുകാരന്‍ ജാക്കിക്കു തന്നെ കൊടുത്തു അയാള്‍ തന്റെ ഉള്ള സമ്പാദ്യത്തിന്റെ പാതി. അവനാണെങ്കില്‍ ചട്ടിയെറിയാനും, നിമിഷങ്ങള്‍ക്കുള്ളില്‍ ചട്ടി വെയ്ക്കാനും, എതിര്‍ ടീമിന്റെ പുറം എറിഞ്ഞു കലക്കാനുമൊക്കെ ‘ഉസ്താദ്’ തന്നെ.

മിഠായിഷാപ്പുകാരന്‍ നാരായണന്‍ നായരുടെ മകന്‍ രാഹുലന്‍ കൂടെ ഉണ്ടായതു കൊണ്ട് വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെയാണ് ഹാജിയാര്‍ ഒരു ടീം പടച്ചു വിട്ടത്. അവറ്റകളെ ഒന്നു കളിപ്പിച്ചിട്ടു വേണം അയാള്‍ക്കും ഈ കുരിക്കിലാട് ദേശത്തില്‍ ഒന്നു വിലസാന്‍. എല്ലാമ്മുണ്ട് ഹാജിയാര്‍ക്ക്; സര്‍ബ്ബത്ത് ഫാക്ടറിയും, ബസ്സ് സര്‍വ്വീസ്സും എന്നു വേണ്ട ഈയടുത്തു പാതിരിപറ്റ കാളയോട്ട മത്സരത്തില്‍ ഓട്ട കാളകളേയും വാങ്ങിച്ചിറക്കി അയാള്‍. അയാളുടെ പേരുച്ചരിക്കാതെ പോയ ഒരു ദിവസവും ആ ഗ്രാമത്തില്‍ ഉണ്ടായിട്ടില്ല. എങ്കിലും തന്റെ തന്നെ ഗ്രാമത്തിലെ ജനങ്ങള്‍ തനിക്കു ഒരിക്കലും അര്‍ഹതപെട്ട അംഗീകാരം തരുന്നില്ലെന്നു ഹാജിയാര്‍ എന്നും കരുതി പോന്നു. അതിനായി തന്നെ തന്റെ പേരും യശസ്സും ഉയര്‍ത്താന്‍ കിട്ടിയ ഒരവസരവും അയാള്‍ കളഞ്ഞതുമില്ല.

അങ്ങനെയിരിക്കെയാണു ഈ ചട്ടിയേറ് മത്സരം ചട്ടി മാധവനും അവന്റെ ശിങ്കിടികളും കൂടി ഒത്താശ ചെയ്തു തുടങ്ങുന്നത്. കോഴികോട് ജില്ലയിലെ പഴയ പുകള്‍പെറ്റ ചട്ടിയേറുകാരനാണ് മാധവന്‍. ഇന്നു ജില്ല മുഴുവന്‍ ശാഖകളുള്ള ‘റെഡ് ഇന്ത്യന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബി’ന്റെ സര്‍വ്വാധികാരിയാണയാള്‍. ചട്ടിയേറ് മത്സരം ആര്‍പ്പും വിളിയും കുരവയുമൊക്കെയായി ഒരു വന്‍ സംഭവം തന്നെയാക്കാന്‍ മാധവനും കൂട്ടരും ആ ജില്ല മുഴുവന്‍ ഓടി നടന്നു. അന്നു വരെ ആരും കാണാത്ത തരത്തിലുള്ള ഒരു പ്രത്യേക രീതിയിലാണ് ടീമുകളെ അയാള്‍ ഉണ്ടാക്കിയെടുത്തത്. സാധാരണ ചട്ടിയേറ്‌ മത്സരങ്ങള്‍ ഗ്രാമങ്ങള്‍ തമ്മിലാണ് അന്നു വരെ നടന്നിരുന്നത്. എന്നാല്‍ പ്രീമിയര്‍ ലീഗിനു വേണ്ടി മാധവന്‍ ജില്ലയിലെ പ്രമുഖന്മാരെയൊക്കെ വിളിച്ചു കൂട്ടി അവരുമായി നീണ്ട ചര്‍ച്ചകള്‍ നടത്തി. അതിനൊടുവില്‍ എറ്റവും കൂടുതല്‍ കാശിറക്കാം എന്നു സമ്മതിച്ച ആറ് പ്രമുഖന്മാര്‍ക്ക് ആറ് ടീം ക്യാപ്റ്റന്മാരെ അയാള്‍ നല്‍കി. അങ്ങനെയാണു ഹാജിയാര്‍ തന്റെ ചട്ടി ടീം ഉണ്ടാക്കിയതും അതിന്റെ ക്യാപ്റ്റനായി രാഹുലനെ കിട്ടിയതും. മാധവന്‍ തന്നെ വികസിപ്പിച്ചെടുത്ത ഒരു പുതിയ തരം ലേലത്തിലൂടെയാണു എല്ലാവര്‍ക്കും ബാക്കിയുള്ള ടീമംഗങ്ങളെ തെരെഞ്ഞെടുക്കാന്‍ കഴിഞ്ഞത്. ആ ലേലതട്ടില്‍ നിന്നാണ് പെട്രോള്‍ വാസുവിനും സിനിമാകൊട്ടകകാരന്‍ മൊയ്തുവിനും ഒപ്പം ഹാജിയാരും കേരളത്തിലെ എറ്റവും മികച്ച ചട്ടിയേറുകാര്‍ക്ക് വേണ്ടി ലേലം വിളിച്ചത്.

എല്ലാത്തിനുമൊടുവില്‍ വാസുവിന് ഈരിലക്കണ്ടിയില്‍ സഹദേവനെയും മൊയ്തുവിനു കലക്കത്തു ഗംഗാധരനേയും കിട്ടിയെങ്കിലും രാഹുലനെ തനിക്ക് കിട്ടിയതില്‍ ഹാജിയാര്‍ അഭിമാനിച്ചു. രാഹുലന്‍ അവരെ പോലെ ‘പുലി’ അല്ലെങ്കിലും നല്ല കഠിനാധ്വാനിയും സര്‍വ്വോപരി വലിയൊരു അഭിമാനിയുമായിരുന്നു. രാഹുലന്‍ ഒരാളുടെ ബുദ്ധി ഒന്നും കൊണ്ടു മാത്രമാണ് ബാക്കിയുള്ളവരെയൊക്കെ ലേലം വിളിച്ച് അത്യാവശ്യം ശക്തമായ ഒരു ടീം ഉണ്ടാക്കാന്‍ ഹാജിയാര്‍ക്ക് കഴിഞ്ഞത്. ടീമിന്റെ പേരും രാഹുലന്‍ തന്നെ നാമകരണം ചെയ്തു - “പട പന്തംകൊളുത്തീസ്”.

അങ്ങനെ അവസാനം മത്സര ദിവസം വന്നെത്തി. ഹാജിയാരുടെ പ്രസിദ്ധമായ സോഡാ സര്‍ബ്ബത്തിന്റെ ചിത്രമുള്ള ജേഴ്സിയുമണിഞ്ഞ് അന്നു രാവിലെ പട പന്തംകൊളുത്തീസ് ഹാജിയാരുടെ അനുഗ്രഹം വാങ്ങിക്കാന്‍ ഗ്രൌണ്ടിനു പുറത്തു കെട്ടിയ അവരുടെ ആലയില്‍ അണിനിരന്നു. അപ്പോള്‍ അവരുടെ മുന്നിലേക്ക് നടന്നു വന്ന ഹാജിയാര്‍ തന്റെ രണ്ടു കൈയും മുകളിലേക്കുയര്‍ത്തി പ്രാര്‍ത്ഥിച്ചു.

“കനിവുള്ള എന്റെ റബ്ബേ.. എന്റെ പന്തംകൊളുത്തീസിനെ എല്ലാ ഇബിലീസുകളില്‍ നിന്നും രക്ഷിച്ചോണേ..”

അതിനു ശേഷം അദ്ദേഹം എല്ലാവര്‍ക്കും ഓരോ സോഡാ സര്‍ബ്ബത്തും അടിച്ചു കൊടുത്തു. അവരൊന്നിച്ചു ഗ്ലാസുകള്‍ മുകളിലേക്കുയര്‍ത്തി “ചിയേര്‍ഴ്സ്” പറഞ്ഞു; ഒപ്പം പട പന്തംകൊളുത്തീസിനു അഞ്ചു ഹിപ്പ് ഹിപ്പ് ഹൂറെയും പത്തു ജയ് യും വിളിച്ചു. പത്താമത്തെ ജയ് വിളിയുടെ അവസാനമാണ് ഒടയതമ്പുരാന്‍ തന്റെ സ്പീക്കര്‍ സിസ്റ്റം തുറന്നത്. തന്റെ ബസ്സ് ജീവനക്കാര്‍ പൊട്ടിച്ച ഗുണ്ടാണെന്നാണ് ഹാജിയാര്‍ ആദ്യം കരുതിയത്. പക്ഷേ ഗുണ്ടിനേക്കാള്‍ ശബ്ദത്തില്‍ രണ്ടാമത്തെ ഇടി വെട്ടിയപ്പോഴാണ് അയാള്‍ക്ക് അത് മഴയ്ക്കുള്ള കോളാണെന്ന് മനസ്സിലായത്.

മേഘങ്ങള്‍ ഉരുണ്ടു കൂടിയതും മാനം കറുത്തത്തും സ്റ്റേഡിയത്തിനടുത്തെ പാടങ്ങളില്‍ നിന്നു പേക്കന്മാര്‍ നിലവിളി തുടങ്ങിയതുമൊക്കെ എല്ലാം ഒരുമിച്ചായിരുന്നു. പിന്നാലെ തന്നെ വന്നു ഒരു തകര്‍പ്പന്‍ വേനല്‍മഴ. കളി തുടങ്ങുമെന്നു കരുതി മഴയും കൊണ്ടു കുറച്ചു നേരം കാത്തിരുന്ന കാണികള്‍ മഴയുടെ ശക്തി കൂടിയതു മൂലം പതുക്കെ എഴുന്നേറ്റ് താന്താങ്ങളുടെ വീടുകളിലേക്ക് നടന്നു തുടങ്ങി. സ്റ്റേഡിയത്തിലെ ചട്ടി കളങ്ങളില്‍ വെള്ളവും കയറി. അല്പ നേരം കഴിഞ്ഞു ചട്ടി മാധവന്റെ മകന്‍ കുട്ടന്റെ വക ഉച്ചഭാഷിണിയിലൂടെ ഒരു അനൌണ്‍സ്മെന്റ് വന്നു.

“മഴ മൂലം ഇന്നത്തെ പട പന്തംകൊളുത്തീസ് വേഴ്സസ് തരികിട തെമ്മാടീസ് മത്സരം ഉപേക്ഷിച്ചിരിക്കുന്നു. ഒരു ഏറു പോലും എറിയാന്‍ പറ്റാഞ്ഞ സാഹചര്യത്തില്‍ പമ്മന്‍-രത്നാകരന്‍ നിയമം ഇവിടെ ഉപയോഗിക്കാന്‍ പറ്റാത്ത വന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് വീതം വച്ചു നല്‍കിയിരിക്കുന്നു. ഈ ചട്ടിയേറ് മത്സരം കാണാന്‍ വന്ന എല്ലവര്‍ക്കും എന്റെ പേരിലും എന്റെ അച്ഛന്റെ പേരിലും ഞാന്‍ നന്ദി രേഖപെടുത്തി കൊള്ളുന്നു. എന്നു നിങ്ങളുടെ സ്വന്തം ചട്ടി മാധവന്റെ മകന്‍ കുട്ടന്‍. പ്രോപ്രൈറ്റര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് ചട്ടി മാച്ചസ്‍”

ടീമിനു ഒരു പോയന്റ് കിട്ടിയെങ്കിലും തന്റെ പന്തംകൊളുത്തീസിന്റെ പ്രകടനം നാട്ടുകാരെ കാണിക്കാന്‍ പറ്റാഞ്ഞതില്‍ ഹാജിയാര്‍ നന്നേ ദുഃഖിച്ചു. ടീമംഗങ്ങള്‍ക്ക് അന്നത്തെ കൂലി കൊടുത്തപ്പോള്‍ ഒട്ടും മെയ്യനങ്ങാതെയാണല്ലോ അവന്മാര്‍ ഈ കൂലി വാങ്ങിക്കുന്നത് എന്നോര്‍ത്ത് അയാള്‍ അല്പം സങ്കടപെടാതെയുമിരുന്നില്ല.

പിറ്റേന്ന് പന്തംകൊളുത്തീസിന് കളിയുണ്ടായിരുന്നില്ല. അന്നും മഴ ആര്‍ത്തലച്ചു പെയ്തതിനാല്‍ പ്രീമിയര്‍ ലീഗില്‍ കളിയൊന്നും നടന്നില്ല.

 അന്ന് ഹാജിയാരുടെ സര്‍ബ്ബത്ത് പീടികയില്‍ സര്‍ബ്ബത്ത് കലക്കി അടിച്ചു കൊടുക്കുന്ന ആളിനെ കണ്ട് കുരിക്കിലാട് ദേശക്കാര്‍ ഒന്നു ഞെട്ടി. അത് നാരായണന്‍നായരുടെ മകന്‍ രാഹുലനായിരുന്നു. അപ്പോള്‍ മലോല്‍മുക്ക് സ്റ്റാന്‍ഡില്‍ നിന്നും വില്യാപ്പിള്ളി വഴി കുറ്റ്യാടിക്ക് പോകുന്ന ഹാജിയാരുടെ നീലപൊന്മാന്‍ ബസ്സില്‍ കിളിയായി നിന്ന് ആളെ വിളിച്ചു കൊടുക്കുകയായിരുന്നു അന്തികാട്ടുകാരന്‍ ജാക്കി. അയാളുടെ തൃശൂര്‍ ശൈലിയിലുള്ള -“കുരിക്കിലാട്, വൈക്കിലശ്ശേരി, വില്യാപ്പിള്ളി വഴി കുറ്റ്യാടി ഘടിയേയേ..”- വിളി കേട്ട് ആളുകള്‍ അത്ഭുതതോടെ ചുറ്റും കൂടി നോക്കി നിന്നു. അതേ സമയം ദൂരെ താഴെയങ്ങാടിയില്‍ സഹദേവന്‍, പെട്രോള്‍വാസുവിന്റെ ബങ്കില്‍ പെട്രോളടിച്ചു കൊടുക്കുകയും, ഗംഗാധരന്‍, മൊയ്തുവിന്റെ സിനിമാകൊട്ടകയില്‍ ടിക്കറ്റ് മുറിച്ചു കൊടുക്കുകയുമായിരുന്നു.

ശുഭം

3 comments:

ശ്രീ 2009, ഡിസംബർ 14 2:46:00 PM IST  

എഴുത്ത് നന്നായിട്ടുണ്ട്.

(ആദ്യ പോസ്റ്റിലെ ആദ്യ കമന്റ് എന്റെ വക ആയ്ക്കോട്ടെ).

പാരഗ്രാഫ് തിരിച്ച് എഴുതിയാല്‍ കുറേക്കൂടി നന്നാകുമായിരുന്നു.

Dhanush | ധനുഷ് 2009, ഡിസംബർ 14 5:27:00 PM IST  

ശ്രീ - ഇതൊരു പഴയ പോസ്റ്റാണ്. എങ്കിലും വായിക്കാനുള്ള സന്മനസ്സ് കാട്ടിയതിനു നന്ദി. പാരഗ്രാഫ് പ്രശ്നം പരിഹരിക്കുന്നതാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP