എന്റെ തൂലികാ സൌഹൃദങ്ങളുടെ ഗൃഹാതുരത

>> 2009, ജൂൺ 8

സമര്‍പ്പണം

സ്മരണകളെ ബാല്യകാലത്തില്‍ നിന്ന്‌ നീര്‍മാതളങ്ങള്‍ പൂത്ത കാലത്തേക്ക് പറത്തിവിട്ട മാധവികുട്ടിക്ക്‌.

ഈയിടയ്ക്ക് ഞാന്‍ ഹരിശങ്കറെ വിളിച്ചിരുന്നു. അവന്‍‌ എന്റെ ഒരു പഴയ കോളേജ്‌ മേറ്റും, ഹോസ്റ്റല്‍ മേറ്റും, നാട്ടുകാരനും സര്‍വ്വോപരി ഒരു നല്ല കൂട്ടുകാരനുമാണ്. അവനെ ഞാനിടയ്ക്കെപ്പോഴോ മറന്നിരുന്നു. സമയം ചോദിച്ചാല്‍ കീശയില്‍ നിന്ന് എടുത്തു കൊടുക്കുവാന്‍ കഴിഞ്ഞിരുന്ന NITC യിലെ അധ്യാപന കാലഘട്ടത്തിനു ശേഷം, “സമയമെവിടെ, സമയമെവിടെ” എന്നു അലമുറയിട്ടു കൊണ്ടിരിക്കുന്ന ഈ ഐ. ടി. കാലഘട്ടത്തിനുമിടയ്ക്കെപ്പോഴോ അവന്‍ എന്റെ സൌഹൃദവലയത്തില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നെ കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ എല്ലാമെല്ലാമായ ബിനൂഷിന്റെ (ഈ ഞങ്ങള്‍ എന്നു വച്ചാല്‍ CSE-ക്കാരോ ECE-ക്കാരോ C ഹോസ്റ്റല്‍ക്കാരോ മാത്രമല്ല, ആ സമയത്ത് ജീയീസിയില്‍ പഠിച്ച എല്ലാവരുമാണ്. ബിനൂഷ് ഒരു പ്രസ്ഥാനം തന്നെയായിരുന്നു) വിവാഹത്തിനാണ് കുറെ വര്‍ഷങ്ങള്‍‌ക്ക് ശേഷം ഞങ്ങള്‍‌ കണ്ടുമുട്ടിയത്. അതിനു ശേഷം ഞങ്ങളുടെ സൌഹൃദം പഴയ പത്തരമാറ്റിന്റെതായി. ഇടയ്ക്കിടയ്ക്ക്‌ ഫോണ്‍‌ വിളിച്ചു ഞങ്ങള്‍‌ വിശേഷങ്ങള്‍ പങ്കിട്ടുകൊണ്ടിരുന്നു. അവനെ ഇന്ന് വിളിക്കാന്‍ പ്രത്യേകിച്ചൊരു കാരണമുണ്ട്‌. അവന്‍ ഞാന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ്‌ ഒരു കാര്‍ഡ് അയച്ചിരുന്നു. അതിന്റെ മറുപടിയോ, അത് അവന്‍ കിട്ടിയതായുള്ള അറിവോ എനിക്കു ലഭിച്ചിരുന്നില്ല. അതറിയാനാണ് വിളിച്ചത്.

അതേ. നിങ്ങള്‍ ഞെട്ടണ്ട. അതൊരു പോസ്റ്റ്കാര്‍ഡ് ആണ്‍, ഇന്ത്യാ പോസ്റ്റിന്റെ അമ്പത് പൈസയുടെ പോസ്റ്റ്കാര്‍ഡ്. മെയിലുകളുടെയും മൊബൈലുകളുടെയും പ്രളയത്തിനു മുന്‍പ്‌ ഞങ്ങള്‍ പരസ്പരം കാര്‍ഡുകളയച്ചിരുന്നു. അവന്‍ മാത്രമല്ല, ഷിമ്മി, തനൂജ, ഉമ, അനില്‍(H.O.D), ശ്രീരാജ്, തോമാച്ചന്‍, എന്റെ അനുജത്തി എന്നിങ്ങനെ പോകുന്നു എന്റെ “തൂലികാസൌഹൃദങ്ങള്‍”. കത്തുകള്‍‌ക്ക് അതിന്റേതായ ഒരു സൌന്ദര്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഒരു പക്ഷെ തനൂജ എഴുതിയത് പോലെ, ഒരു കത്ത് വായിക്കുമ്പോള്‍ അത് എഴുതിയ ആള്‍‌ അടുത്തു വന്നിരുന്നു വായിക്കുന്നതു പോലെ തോന്നുന്നു എന്നതിന്റെ ഭംഗിയാവാം. അല്ലെങ്കില്‍‌ ഹരി കുറിച്ചിട്ടത് പോലെ ഇ-മെയിലിന്റെ നിര്‍ജ്ജീവമായ അക്ഷരങ്ങള്‍ക്കുപരിയായി നമ്മുടെ സ്വന്തം മലയാളത്തിന്റെ മാധുര്യം പകര്‍ത്തിയെഴുതിയ കത്തുകളുടെ അവാച്യമായ അനുഭൂതിയുമാകാം. ഒരു കാലത്ത് ഞാന്‍ ഇവര്‍ക്കൊക്കെ നിരന്തരമായി കത്തുകള്‍ അയച്ചിരുന്നു.


ഞാന്‍ എറ്റവുമധികം കത്തുകളയച്ചിരിക്കുന്നത് ഷിമ്മിക്കും എന്റെ അനിയത്തിക്കുമാണ്. ഷിമ്മിയുടെ എഴുത്തുകളില്‍ മിക്കപ്പോഴും സുഹൃത്തുക്കളെ – പ്രത്യേകിച്ച് റെജിമകന്‍, സന്ദീപ്, ശ്രീകുമാര്‍, മമ്മാലി- കുറിച്ചുള്ള വിശേഷങ്ങളും, ജീവിതം-എഴുത്ത്-വായന തുടങ്ങിയവയെ പറ്റിയുള്ള തത്ത്വചിന്തകളും, അവന്റെ ഗള്‍‌ഫ് ജീവിതവും അതുയര്‍ത്തുന്ന ഗൃഹാതുരതയും നിറഞ്ഞു നിന്നിരുന്നു. ആ കത്തുകളില്‍ ഞാന്‍ എറ്റവും ഇഷ്ടപ്പെട്ടിരുന്നത് അവന്റെ ഭാഷ തന്നെയായിരുന്നു. യൂണിവേഴ്‌സിറ്റി തലങ്ങളില്‍ കഥാമത്സരങ്ങളില്‍ ഒന്നാം സമ്മാനം നേടിയുരുന്ന അവന്റെ ഭാഷയെ ഞാന്‍ എങ്ങനെ ഇഷ്‌ടപെടാതിരിക്കനാണ്. ഗള്‍ഫ് ജീവിതം അവനിലെ എഴുത്തുകാരനെ മലയാളസാഹിത്യത്തിന് നഷ്‌ടമാക്കിയോ എന്ന സംശയം മാത്രം ബാക്കി. എന്നെ എന്റെ വീട്ടിലെ വിളിപ്പേരില്‍ അഭിസംബോധന ചെയ്യുന്ന അവന്റെ ഭംഗിയുള്ള കൈപട പിന്നെ കൈകഴപ്പിന്റെ ഉച്ഛസ്ഥായില്‍ ഒഴുകി വരുന്ന വള്ളികളും പുള്ളികളുമായി പരിണമിക്കുന്നു.

ഒരു കത്തിന്റെ തുടക്കം ഇങ്ങനെയാണ് – “പിന്റു, എന്തു പറയുന്നു. ജീവിതം ആസ്വദിച്ച്, കിടന്നുറങ്ങി, നെറ്റിലും ചാറ്റിലും സമയം ചെലവഴിച്ച്‌ – മറ്റൊരു ഫോട്ടോഗ്രാഫിക് ടൂറുമായി ഈ ഊരു ചുറ്റുകയാണെന്ന് വിശ്വസിക്കട്ടെ. ഞാന്‍- മനസ്സിലെ പച്ചപ്പ് എല്ലാം വറ്റി മരുഭൂമികള്‍ രൂപപെട്ടുവരുന്ന ഈ വേളയില്‍, അത്ര സുന്ദരമല്ലാത്ത എന്റെ കൈപടയില്‍ നിനക്കു എന്തെങ്കിലും എഴുതണമെന്ന് വിചാരിക്കുന്നു. ഡേയ്.. ഒരു ബൈക്ക് വാങ്ങിയെന്ന്‌ കരുതി നീയാരു അനില്‍ അമ്പാനിയോ വല്ലപ്പോഴും contact ചെയ്യടേ..”

ബഷീറിയന്‍ സ്റ്റൈലില്‍ തുടങ്ങിയ ആ വരികള്‍ പിന്നീട് സ്വതസിദ്ധമായ ഷിമ്മന്‍ സ്റ്റൈലില്‍‌ അവസാനിക്കുന്നു. മറ്റൊരിടത്ത് – “ ചിന്തിക്കാന്‍‌ ടൈം കിട്ടുന്നതാണ് ഒരു problem എന്ന് തോന്നി തുടങ്ങിയിട്ടുണ്ട്. ടൈം ഇല്ലെങ്കില്‍ എന്ത് ചിന്തകള്‍‌ Work+Sleep. അത് മാത്രം. ചിന്തകള്‍ കാടുകയറുമ്പോള്‍‌ മമ്മാലി പറയുന്നത് പോലെ, എന്റെ ജീവിതം നായ നക്കി എന്ന തോന്നല്‍‌ “ – എന്നെഴുതി അവന്‍ തനി തത്ത്വചിന്തകനാകുന്നു.

വേറൊരിടത്ത് – “ പിന്നെ എന്താണ് നിന്റെ future plans? MBT- യില്‍ തന്നെ? അതൊ മറ്റെന്തെങ്കിലും try ചെയ്യുന്നുണ്ടോ? 30-ആം വയസ്സില്‍ നീ എവിടെ ആകും? 35-ല്‍? 40-ല്‍? You plan it man.. Computer യുഗമല്ലേ Programming & Planning –ല്‍ നിങ്ങള്‍ പുലികളല്ലേ? ഇവിടെയൊക്കെ ആള്‍‌ക്കാര്‍ അങ്ങനെയാണ്. ഇന്ത്യാകാര്‍ പോലും.” – എന്നെഴുതി അന്ന്‌ പിച്ചവച്ച് തുടങ്ങിയ എന്റെ ഐ. ടി. ഭാവിയെ കുറിച്ചോര്‍ത്ത് അവന് ഉല്‍കണ്ഠാകുലനാകുന്നു

ഒടുവില്‍ ഷിമ്മിക്ക്‌ മാത്രം ഏഴുതാന്‍ കഴിയുന്ന ഭാഷയിലൂടെ അവന്‍‌ കത്ത്‌ ചുരുക്കുന്നു

“2004 അവസാനിക്കാന്‍‌ പോകുന്നു.

Semester Exam –കളും Assignment – കളും അവധികളുമൊന്നുമില്ലാതെ ദിനങ്ങളും രാത്രികളും മാസങ്ങളും കടന്നുപോകുന്നതറിയാതെ.

- എല്ലാം എന്തിനു വേണ്ടിയാണെന്ന് ചിലപ്പോഴൊക്കെ തോന്നും.

- ലോട്ടറിക്കാരനെ പോലെ ഒരു നല്ല നാളെ നാളെ എന്ന സ്വപ്നം.

ബോറടിക്കാതിരിക്കാനായി മാത്രം വല്ലപ്പോഴും എഴുതുക. അക്ഷരങ്ങള്‍‌ മറക്കാതിരിക്കനും”

അക്ഷരങ്ങള്‍‌ മറക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല. പക്ഷേ ഷിമ്മിക്കുള്ള മറുപടി കത്ത് ഞാനെപ്പോഴോ മറന്നിരുന്നു. അവന്റെ ഗള്‍ഫിലോ ഇന്ത്യയിലോ പോസ്റ്റ് ചെയ്തിരിക്കുന്ന നീല നിറത്തിലുള്ള എയര്‍മെയിലുകളും ഇപ്പോള്‍ ലഭിക്കാറില്ല. എല്ലാ കത്തുകളിലും അവന്‍ അന്വേഷിക്കാറുള്ള റെജിമകനും, സന്ദീപനും, മമ്മാലിയും, ശ്രീകുമാരനുമൊക്കെ ലോകത്തിന്റെ നാനാ ദിക്കിലുമായിരിക്കുന്നു. ഓര്‍മ്മകള്‍ .. മനോഹരമായ ഓര്‍മ്മകള്‍ മാത്രം ബാക്കി. കൂടിവരുന്ന ജീവിതതിരക്കുക്കളും.

എന്റെ അനുജത്തിയുടെ എഴുത്തുകള്‍ രസകരമാണ്. അവള്‍ക്കു പറയനുള്ളത്ത് എപ്പോഴും കോളേജിലെ വിശേഷങ്ങളാണ്. അവളുടെ കുസൃതികളും, അച്ഛനോടും അമ്മയോടുമുള്ള കൊച്ചു കൊച്ചു പരിഭവങ്ങളും, കുറേയേറെ ഉപദേശങ്ങളുമൊക്കെയായി ഒരു റോളര്‍കോസ്റ്റര്‍ റൈഡ്. ഇംഗ്ലീഷിലും മലയാളത്തിലും ഇടകലര്‍ത്തി അവള്‍‌ എഴുതിയിരുന്നു. ഇടയ്ക്കൊക്കെ ഹിന്ദിയിലും, അത് മിക്കപ്പോഴും ഞാന്‍ ബോംബെയിലും പൂനയിലുമായിരുന്നു. ബോംബെയിലെത്തിയ ആദ്യനാളുകളില്‍‌ വല്ലാത്ത ഹൊംസിക്ക്നസ്സും പനിയും മൂലം ഒരിക്കല്‍‌ വീട്ടില്‍‌ വിളിച്ചപ്പോള്‍ എന്റെ സകല നിയന്ത്രണങ്ങളും വിട്ടു ഞാന്‍ ഒരു കൊച്ചുകുട്ടിയെ പോലെ കരഞ്ഞു. അതിനോട് ഇങ്ങനെയാണ് അവള്‍ പ്രതികരിച്ചത്.

“Dearest Dhanush Gopinaatheee.. കൊശവാ, വീപ്പകുറ്റി, ചക്കപ്പോത്തേ, ഡാഷേ .. നാണമില്ലല്ലോ വീട്ടിലേക്ക് വിളിച്ചു കരയാന്‍‌. ഫോണില്‍ തന്നെ പറയണമെന്ന് വിചാരിച്ചതാ. പിന്നെ ചെറിയൊരു സിമ്പതി. ബാബുവെള്ളേച്ഛന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ചെറിയോന്‍’‘ ആദ്യമായി മറുനാട്ടില്‍ ജീവിക്കയല്ലേ. തന്നെയൊക്കെ എന്താണെന്നോ ചെയ്യണ്ടത്. . സാറിന്റെ ഹൊസ്റ്റലില്‍ at least ഒരു മൂന്ന് മാസം താമസിപ്പിക്കണം. അപ്പൊ ശരിയായിക്കൊള്ളും” . പിന്നെ അവളുടെ കോളേജിനെ പറ്റി സ്വതസിദ്ധമായ നര്‍മ്മബോധത്തോടെ എഴുതുന്നു. “പിന്നെ LH –ന്റെ കാര്യം മഹാപോക്കാണെന്നാണ് കേട്ടറിവ്‌. ആ മഹാദുരന്തത്തിലേക്ക് എടുത്തു ചാടാനാവും എന്റെ വിധി.” ഇന്ന് അവള്‍ ആ LH ഉമൊക്കെ കടന്നു കാര്യഗൌരവമുള്ള ഒരാളായി വിരാജികുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു.

അവളെ ഞാന്‍ കൂടുതലും അറിഞ്ഞത് എഴുത്തിലൂടെയാണ്. വഴക്കിടുന്ന കൊച്ചുകുട്ടികളായ രണ്ട് സഹോദരങ്ങള്‍ എന്നതില്‍‌ നിന്ന് കാര്യങ്ങളെ ഗൌരവപൂര്‍വം വീക്ഷിക്കുന്ന യുവതീയുവാക്കളായി ഞങ്ങള്‍ മാറുന്ന ഒരു കാലമായിരുന്നു അത്. അതിനാല്‍‌ തന്നെ ഞങ്ങളുടെ കത്തുകള്‍ക്ക്‌ ഞങ്ങള്‍ക്കിടയിലെ സൌഹൃദത്തിനു വലിയ പങ്ക്‌ വഹിക്കാനുണ്ട്‌. എന്റെയും അവളുടെയും സ്വഭാവത്തെ കുറിച്ചുള്ള അവളുടെ കൃത്യമായ അവലോകനം ഇങ്ങനെ പോകുന്നു. “പിന്നെ എന്തൊക്കെയുണ്ട് തന്റെ വിശേഷങ്ങള്‍. Mumbai –യിലെ Reunion ആഘോഷിച്ചു തീരും മുമ്പേ ഒരു പറിച്ചു നടല്‍‌ അല്ലേ. തന്റെ Reserved & Introvert character, which you presented before them. I feel it‘s nice. അതില്‍ ശരിക്കും ഒരു Dignity Keeping ഞാന്‍‌ ശ്രദ്ധിക്കാറുണ്ട് .-ല്‍ ഇടയ്ക്കൊക്കെ ഞാന്‍ അങ്ങനെ ആവാറുണ്ടായിരുന്നു. അപ്പോള്‍ staircase-ന്റെ താഴെനിന്നും ബാത്ത്‌റൂമിന്റെ അടുത്തുനിന്നുമൊക്കെ ഒരു കുശുകുശുപ്പ് കേള്‍ക്കാം ‘അവള്‍ക്കെന്താ പറ്റിയേ’. ഒരിക്കല്‍‌ പറഞ്ഞിട്ടുണ്ട് എന്നോട്. എന്റെ സ്വഭാവത്തിന്റെ എറ്റവും നല്ലതും ചീത്തയുമായ വശങ്ങള്‍ അനുഭവിക്കേണ്ടിവന്ന ഒരേയൊരു വ്യക്തിയാനവള്‍. ”

പിന്നെ അവളുടെ മധുരമൂറുന്ന സോപ്പിടലുകളും – “തേനല്ലെ, ചക്കരയല്ലേ, പാലല്ലേ, മുത്തല്ലേ ഒരു മൊബൈല് വാങ്ങിതാടോ. ഒന്നു സഹായിക്കടോ. ഒന്നൂല്ലേല്ലും താന്‍ കെട്ടികൊണ്ടുവരുന്ന പെണ്ണിന്റെ താലി ഉറപ്പിച്ചു കെട്ടണ്ടത് ഞാനല്ലെ” ഇത്രയും സുന്ദരമായി സോപ്പിടുന്ന ഒരു പെങ്ങളോട് എങ്ങനെയാണ് നോ എന്നു പറയുന്നത്. അവളുടെ ആ കാലത്തെ കത്തുകള്‍ എന്നെ എന്നും കോളെജിലേക്ക് മടക്കികൊണ്ടുപോയിരുന്നു. ക്രിസ്സ്മസ്സ് ഫ്രണ്ടും, ആന്വല്‍ ഡേയും, എന്നു വേണ്ട, ഹോസ്റ്റലില്ലേ വികൃതികളും, ക്ലാസ്സിലെ അടിപിടിയും പരീക്ഷാകാര്യങ്ങളുമൊക്കെ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാനും ആ പഴയ ജീയീസിലെ വിദ്യാര്ത്ഥിയായി മാറികൊണ്ടിരുന്നു. കത്ത് വരുന്ന ദിവസം പൊട്ടിച്ച് ആയിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ പുഞ്ചിരിക്കുന്നത് കണ്ട് എന്റെ അടുത്തിരിക്കുന്നവര്‍ ഞെട്ടാറുണ്ട്. കഴിഞ്ഞ കൊല്ലം കല്യാണം കഴിക്കാനായി എന്നെ ഉപദേശിച്ചു കൊണ്ടെഴുതിയ എഴുത്താണ് അവള്‍ എനിക്കെഴുതിയ അവസാനത്തേത്. അതിന് ‘yes’ എന്ന മറുപടിയല്ലാതെ ഒന്നും സ്വീകരിക്കില്ലെന്നവളുടെ ആഞ്‌ജയ്ക്ക് മുന്നില്‍‌ പേടിച്ച് മറുപടിയെഴുതിയില്ല. അതിനു ശേഷം അവളും എഴുതിയില്ല. അതു മൂലം ഞാന്‍ അവളുടെ കത്തെഴുതുക എന്ന മനോഹരമായ കഴിവ് നശിപ്പിച്ചു കളഞ്ഞെന്നവള്‍ പരിഭവം പറയുന്നു.

തനൂജയോടും ഉമയോടുമുള്ള എന്റെ സൌഹൃദങ്ങള്‍ ദൃഢമാകുന്നത് കോളേജിലെ അവസാന വര്‍ഷങ്ങളിലാണ്. അതുകൊണ്ടു തന്നെ കോളേജിനു ശേഷവും ഞങ്ങളുടെ സൌഹൃദം വളരെ നല്ല നിലയില്‍ ഞങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുന്നു. ഒരു ഇന്‍‌ലന്റ്‌ നിറച്ചും വലിയ അക്ഷരങ്ങളില്‍ എഴുതി ഉമ അയക്കുന്ന എഴുത്തുകളില്‍ അക്കാലത്തെ അവളുടെ പ്രശ്നങ്ങള്‍ ഒരു മുഖ്യവിഷയമായിരുന്നു. പിന്നെ അവളുടെ കോളേജിനെ പറ്റിയുള്ള നഷ്ടബോധത്തോടെയുള്ള ഓര്‍മ്മകളും, ജീവിതവും, പ്രണയവും, സൌഹൃദങ്ങളുമൊക്കെയുണ്ടായിരുന്നു. അവള്‍ ഇന്ന് സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കുന്നത് കാണുമ്പോള്‍ എനിക്കു ഒത്തിരി സന്തോഷം തോന്നുന്നു. ആ കാലങ്ങളില്‍ കത്തുകളിലൂടെയെങ്കിലും അവള്‍ക്ക് ഒരല്പം ആശ്വാസം നല്‍കാന്‍ കഴിഞ്ഞുവെന്നുള്ള കൃതാര്‍ത്ഥത മാത്രം എനിക്ക്.

അവള്‍ എഴുതിയിരിക്കുന്നു – “ഒരു പാട് ദൃഢ്മായിരുന്ന സൌഹൃദങ്ങളില്‍ നിന്നുപോലും വാക്കുകളും മെയിലുകളും വിരളമാകുമ്പോള്‍ ജോലിയുടെയും ജീവിതത്തിന്റെയും വിരസതയിലേക്ക് വരുന്ന നിന്റെ വാക്കുകള്‍ എത്ര ആശ്വാസദായകം. ‘എന്താണ് നിന്റെ പ്രശ്നങ്ങള്‍’ എന്ന് ചോദിക്കാന്‍ നിനക്ക് തോന്നിയില്ലേ പറഞ്ഞറിയിക്കുവാനാവില്ല ധനുഷ് അതെന്നെ എത്ര സന്തോഷിപ്പിച്ചുവെന്ന്.“

തനൂജയുടെ കത്തുകള്‍ക്ക് അവളെ പോലെ തന്നെ ഒരല്പം ദാര്‍ശനികതയുടെ അംശമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവളുടേതായ ചില ശൈലികളും ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തിയുള്ള എഴുത്തും ഒക്കെ വളരെ ഭംഗിയുള്ളതായിരുന്നു. ഞങ്ങള്‍ തമ്മില്‍ വളരെയധികമൊന്നും എഴുതിയിട്ടിലെങ്കിലും എഴുതിയവയില്‍ മിക്കതിലും വായിച്ച പുസ്തകങ്ങളെ പറ്റിയും കോളേജിനു ശേഷവുമുള്ള ജീവിതം സൌഹൃദം എന്നിവയെ പറ്റിയും ഒക്കെ ഞങ്ങള്‍ എഴുതികൊണ്ടിരുന്നു. ഇന്നും അവ എടുത്തു വച്ച് വായിക്കുമ്പോള്‍ പലപ്പോഴും തോന്നാറുണ്ട്, ഇത്രയുമധികം വായിക്കാറുള്ള സ്വന്തമായി ഒരു എഴുത്തിന്റെ ശൈലിയുള്ള ഒരാള്‍ എന്തേ കൂടുതല്‍ സാഹിത്യപരമായോ ബ്ലോഗിലോഒന്നും എഴുതാത്തെതെന്ന്. എന്റെ ഓട്ടോഗ്രാഫില്‍ തന്നെ അവള്‍ എഴുതിയിരിക്കുന്നത്; അക്ഷരലോകത്തില്‍ പിച്ച വച്ച് തുടങ്ങിയിട്ടില്ലാത്ത ഞാന്‍ ഒരു പാടൊന്നും എഴുതി വൃത്തികേടാക്കുന്നില്ല എന്നാണ്. ജീവിതത്തിലെ തിരക്കുക്കള്‍ക്കിടയില്‍ കത്തുകളില്‍ നിന്ന്‌ ഞങ്ങള്‍ ഇപ്പോള്‍ ഫോണിലേക്കും മെയിലിലേക്കും ചേക്കേറിയിരിക്കുന്നു.

അനിലും ശ്രീരാജും എന്റെ NITC കാലത്തെ സഹമുറിയന്‍‌മാരായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ആദ്യം വിട്ട് പോയത് അനില്‍ ആയിരുന്നു. GATE –ന് പഠിക്കാന്‍‌. ചാത്തമംഗലത്ത്‌ നിന്ന്‌ ഞാന്‍ കോഴിക്കോട് കാരപറമ്പിലിരിക്കുന്ന അവന് കാര്‍ഡുകളയക്കും. അവന്‍‌ ഇതുപോലൊരെണ്ണം തിരിച്ചും കാച്ചി വിടും –

“dai dhanush.. (പുലിക്കുട്ടാ‍) നിനക്ക് ഞ്ന്‍ എന്താണ് എഴുതേണ്ടത്. ബിനുഷിന്റെ സ്റ്റൈലില്‍ തന്നെ തുടങ്ങാം. ഇപ്പോള്‍ സമയം 12.45 PM. നീ കരുതുന്നുണ്ടാകും ഞാന്‍ ഗേറ്റിനു പഠിക്കുകയാണെന്ന്. മണ്ണാങ്കട്ട. ” REC(NITC) യിലേക്ക് വരാനുള്ള എന്റെ ക്ഷണത്തിനോട് അവന്‍‌ ഇങ്ങനെ പ്രതികരിക്കുന്നു – “REC? അതേതാടാ സ്ഥലം? അവിടെക്കുള്ള ബസ്സ് കോഴിക്കോട് നിന്നുണ്ടോ? ഓ ഞാന്‍ ഈ പറഞ്ഞത് പിന്‍‌വലിക്കുന്നു കാരണം എന്റെ രണ്ട് ബുക്സ് അവിടെയുള്ളത് ഇപ്പോഴാണ് ഓര്‍മ്മ വന്നത്. അതെടുക്കാന്‍‌ വരുമ്പോള്‍‌ കാണാം.”

അതു കഴിഞ്ഞ്‌ ശ്രീ ഭുവനേശ്വറിന് പോയപ്പോള്‍ അതുവരെ സോഫ്റ്റ്‌വെയര്‍ എന്‍‌ജിനീയര്‍ ആകാത്ത എന്നെ ആശ്വസിച്ചു കൊണ്ടുള്ള അവന്റെ കത്തുകള്‍ എന്റെ ഏകാന്തതയിലേക്ക് പറന്നിറങ്ങിയ നന്മകളായിരുന്നു. ഒടുവില്‍‌ ഞാനും മറുനാട്ടില്‍ ഐ.ടി. സ്വപ്നങ്ങളും തേടിപ്പോയി. ഫോണിലും മെയിലിലുമൊക്കെയായി പിന്നെ പരസ്പരമുള്ള ഞങ്ങളുടെ വര്‍ത്തമാനങ്ങള്‍. ഇന്ന്‌ ഇവിടെ ആരെയെങ്കിലും ഞാന്‍ നഷ്ടപെടുന്നുണ്ടെങ്കില്‍ അതു ശ്രീയാണ്.

തോമാച്ചനുമായുള്ള ചങ്ങാത്തം പ്ലസ്സ് ടു തലത്തില്‍ തുടങ്ങിയതാണ്. പ്ലസ്സ് ടു കഴിഞ്ഞ് എന്‍‌ട്രന്‍‌സ് ഫലത്തിനുള്ള കാത്തിരിപ്പിനിടയിലാണ് ഞങ്ങള്‍ കത്തുകള്‍ എഴുതിത്തുടങ്ങിയത്. അതു പിന്നെ കോളേജിലും തുടര്‍ന്നു. ഫോണിന്റെയും മെയിലിന്റെയും ആവിര്‍ഭാവത്തോടെ അതും പിന്നെ നിന്നു. അന്നത്തെ കൌമാര മനസ്സ് എത്ര ബാലിശമായിരുന്നു. ഇപ്പോഴും ഓര്‍ക്കുന്നു ഞാന്‍, ‘അനിയത്തിപ്രാവ്’‘ സിനിമ കണ്ടതിനു ശേഷം ആ സമയത്ത് എഴുതിയ കത്തുകളില്‍ ‘സ്നേഹപൂര്‍വ്വം ധനുഷ്’‘ എന്നതിനു പകരമായി ‘ലവ് ആന്റ് ലവ് ഒണ്‍ലി ധനുഷ്’‘ എന്നു ഞാന്‍ വയ്ക്കുമായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ തമാശ തോന്നുന്നു.

ആ കാലത്തെ കത്തുകള്‍ പലപ്പോഴും പല അര്‍ത്ഥതില്‍ പലര്‍ക്കും ആശ്വാസദായകങ്ങളായിരുന്നു. ഒരു മുന്തിയ സോഫ്റ്റ്‌വെയര്‍ ജോലിയില്ലാതെ പലയിടങ്ങളിലും പഠിപ്പിച്ചും, ഡിഗ്രി മാത്രം യോഗ്യത ആവശ്യമുള്ള ഏന്താണ്ട് എല്ലാ പരീക്ഷകളും എഴുതിയും നടന്നിരുന്ന സമയത്ത് ശ്രീയുടെയും തനൂജയുടെയും കത്തുകള്‍ ജീവിത്ത്തിന്റെ ആശ്വാസമായിരുന്നു. അതിലുപരി അതിന്റെ ഭാഗമായിരുന്നു. മുംബൈയിലും പൂനയിലും എത്തിയിരുന്ന എന്റെ അനുജത്തിയുടെ കത്തുകള്‍ക്കു എന്റെ മുഖത്തൊരു പുഞ്ചിരി വരുത്താനുള്ള ദിവ്യശക്തിയുണ്ടായിരുന്നു.ശ്രീയ്ക്കും, തനൂജയ്കും, ഉമയ്ക്കുമൊക്കെ മറുപ്പടി അയക്കുമ്പോള്‍ അവരെ നേരില്‍ കണ്ട് സംസാരിക്കുന്ന് ഒരു പ്രതീതിയാണ്‍ എന്നിലുളവാക്കിയിരുന്നത്. പലരുടെയും എഴുത്തിന്റെ ശൈലി നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

അതുകൊണ്ടു തന്നെ – “ഞാനിപ്പോള്‍ LD Clerk, Postal Assistant, Bank, LIC എന്നിങ്ങനെയുള്ളത്തില്‍ Apply ചെയ്യാന്‍ ശ്രമിക്കുന്നു. ഏത് ജോലിക്കും അതിന്റേതായ ഒരു നന്മയുണ്ടല്ലോ. ജോലിക്കുപരി ഒരു നല്ല മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുകയാ‍ണ്. ഈ കൊച്ചു ജീവിതത്തില്‍‌ ഒരു പാട്‌ പേരെ സ്നേഹിച്ച് സ്നേഹിച്ച്, സ്നേഹം കൊണ്ട്‌ നമ്മുക്കു ലോകം കീഴടക്കാം,” – എന്നെഴുതിയ എന്റെ പ്രിയ നാട്ടുകാരന്‍‌ ഹരിശങ്കരന്‍‌ മറുപടി അയക്കുമെന്നു എനിയ്ക്കുറപ്പാണ്. അതിനായി ഞാന്‍ കാത്തിരിക്കുകയും ചെയ്യും.

എത്ര കാലം വേണമെങ്കിലും.

1 comments:

Pyari 2009, നവംബർ 6 6:44:00 PM IST  

I read this twice... It is nice. (That was as a reader)

As a friend of yours who used to write letters to you, I liked this even more...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP